ഈ ക്രിസ്മസിന് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ എത്തുന്ന ചിത്രമാണ് ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക. ചിത്രത്തിന്റെ സ്വഭാവം എന്താണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ പോസ്റ്റർ. ബോളിവുഡ് തമാശപ്പടങ്ങളുടേതുപോലുള്ള പോസ്റ്ററിൽ ഗർഭിണികളായ ഉർവശിയും നിക്കി നിക്കി ഗൽറാണിയുമാണ് ഹൈലൈറ്റ്. അവർക്കൊപ്പം നായകന്മാരായ മുകേഷും അരുണും. ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അരുണാണ് ധമാക്കയിൽ നായകൻ. ഡിസംബർ 20ന് ചിത്രം തിയേറ്ററുകളിൽ എത്തും.
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കുശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. ഇന്നസെന്റ്, ധർമ്മജൻ, ഹരീഷ് കണാരൻ, സലിം കുമാർ, ഷാലിൻ സോയ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസറാണ് ചിത്രം നിർമിക്കുന്നത്.
ധമാക്ക കഴിഞ്ഞ് പവർസ്റ്റാർ എന്ന ചിത്രമാണ് ഒമർ സംവിധാനം ചെയ്യുന്നത്. ബാബു ആന്റണിയാണ് നായകൻ.