Sorry, you need to enable JavaScript to visit this website.

വൈഫൈ ഫ്രീയോണോ; ഇന്ത്യക്കാരന്റെ കണ്ണ് അശ്ലീല സൈറ്റില്‍

സൗജന്യമായി വൈഫൈ കിട്ടിയാല്‍ പൊതുസ്ഥലങ്ങളില്‍ വെച്ചായാല്‍ പോലും ഇന്ത്യക്കാര്‍ പോകുക അശ്ലീല സൈറ്റുകളിലേക്കാണെന്ന് നോര്‍ട്ടണ്‍ സര്‍വേ റിപ്പോര്‍ട്ട്. വീടിനു പുറത്തിറങ്ങിയാല്‍ ജോലി സ്ഥലങ്ങള്‍, ഹോട്ടലുകള്‍, എയര്‍പോര്‍ട്ടുകള്‍, ലൈബ്രറികള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സൗജന്യമായി വൈഫൈ ലഭിക്കുക.  ഇങ്ങനെ വൈഫൈ ആക്‌സസ് ലഭിച്ചാല്‍ അഡള്‍ട്ട് സൈറ്റുകളിലേക്ക് പോകാന്‍ ഇന്ത്യക്കാര്‍ക്ക് ഒട്ടും മടിയില്ല. ആഗോള തലത്തില്‍ ആറില്‍ ഒരാളാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ ഇന്ത്യക്കാരില്‍ അത് മൂന്നിലൊരാളാണ്.
സ്വകാര്യ വിവരങ്ങളുടെ സുരക്ഷയൊന്നും കണക്കിലെടുക്കാതെയാണ് പൊതുസ്ഥലങ്ങളില്‍ വൈഫൈ ഉപയോഗം.
70 ശതമാനം പേരും ഇ-മെയിലുകള്‍ ചെക്ക് ചെയ്യുകയും ഡോക്കുമെന്റുകള്‍ അയക്കുകയും സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ കയറുകയും ചെയ്യും. മാപ്പുകള്‍ അഥവാ ജി.പി.എസ് ഉപയോഗിക്കുന്നവരാണ് 49 ശതമാനം. 46 ശതമാനം പേരും മിനിറ്റുകള്‍ക്കകം വൈഫൈ പാസ് വേഡ് ചോദിച്ചിരിക്കും.
അപകടസാധ്യതകളൊന്നും കണക്കിലെടുക്കാതെയാണ് 96 ശതമാനം ഇന്ത്യക്കാരും പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കുന്നത്. 68 ശതമാനം പേരും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പൊതു വൈഫൈ ഉപയോഗിച്ച് തുറക്കുന്നവരാണ്. 46 ശതമാനം ജോലിയുമായി ബന്ധപ്പെട്ട ഇ-മെയിലുകള്‍ ഉപയോഗിക്കുന്നു. 30 ശതമാനം ഇന്ത്യക്കാര്‍ പബ്ലിക് വൈഫൈ ഉപയോഗിച്ച് ഫൈനാന്‍ഷ്യല്‍ ഡാറ്റകള്‍ കൈകാര്യം ചെയ്യും.
പൊതുവെ പലര്‍ക്കും യാത്രകളിലുള്ള സഹായിയാണ് ഫ്രീ വൈഫൈ. 71 ശതമാനം ഈ സൗകര്യമുപയോഗിച്ചാണ് ഹോട്ടലുകളും ഹോസ്റ്റലുകളം കണ്ടെത്താറുള്ളത്.46 ശതമാനം പേര്‍ ഗതാഗത സൗകര്യങ്ങള്‍ പരിശോധിക്കുന്നു. ഭക്ഷണത്തിനുള്ള സൗകര്യം അന്വേഷിക്കുന്നവരാണഅ 43 ശതമാനം. വിമാന സര്‍വീസുകള്‍ 43 ശതമാനം പരിശോധിക്കുന്നു.
പബ്ലിക് വൈഫൈ ഉപയോഗിക്കുമ്പോള്‍ ആഗോള തലത്തില്‍തന്നെ സുരക്ഷയെ കുറിച്ച് ചിന്തിക്കുന്നവര്‍ പരിമിതമാണ്. 75 ശതമാനം ഉപയോക്താക്കളും വിപിഎന്‍ (വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് ) ഉപയോഗിക്കാറില്ല. സുരക്ഷിതവും അല്ലാത്തതുമായ നെറ്റ്‌വര്‍ക്കുകളെ കുറിച്ച് 53 ശതമാനത്തിനും അറിവില്ല. മികച്ച സിഗ്നല്‍ ലഭിക്കുകയാണെങ്കില്‍ സ്വകാര്യ വിവരങ്ങള്‍ കൈമാറാന്‍ 55 ശതമാനവും രണ്ടാമതൊന്ന് ആലോചിക്കാറില്ല. വിവരങ്ങളൊക്കെയും സുരക്ഷിതമാണെന്നാണ് ഭൂരിഭാഗം പേരും കരുതുന്നത്. ചോര്‍ത്തപ്പെടാതെയാണോ വിവിധ ആപ്ലിക്കേഷനുകള്‍ വിവരങ്ങള്‍ കൈമാറുന്നതെന്ന് 74 ശതമാനം പേരും ചിന്തിക്കാറില്ല.
പബ്ലിക്ക് വൈഫൈ ഉപയോഗിക്കുമ്പോള്‍ പലവിധ ഭീഷണികളിലേക്കാണ് വാതില്‍ തുറക്കുന്നത്. സ്വകാര്യ,പണമിടപാട് വിവരങ്ങള്‍ ചോര്‍ത്തപ്പെടാം. ഉപയോക്താക്കളെ ട്രാക്ക് ചെയ്യാം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഹാക്ക് ചെയ്യപ്പെടാന്‍ വഴിയൊരുക്കാം. ഉപയോക്താക്കളുടെ ഡാറ്റ നിയമവിരുദ്ധമായി ഉപയോഗിക്കപ്പെടാം.
ബംഗളൂരു, മുംബൈ, പട്‌ന, അഹമ്മദാബാദ് നഗരങ്ങളില്‍ ഏതാനും പൊതുസ്ഥലങ്ങളില്‍ സര്‍ക്കാര്‍ പബ്ലിക് വൈഫൈ ലഭ്യമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളില്‍ 45 മിനിറ്റോളം ടാറ്റാ ഡോക്കോമോ വൈഫൈ സൗജന്യമായി ഉപയോഗിക്കാം. റെയില്‍ടെലുമായി ചേര്‍ന്ന് 100 റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദൂര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കുന്നതാണ് ഗൂഗിളിന്റെ ലൂം പദ്ധതി. അടുത്ത മൂന്ന് വര്‍ഷത്തിനകം 2500 പട്ടണങ്ങളില്‍ ഫ്രീ വൈഫൈ നല്‍കുകയാണ് ഡിജിറ്റല്‍ ഇന്ത്യയുടെ ലക്ഷ്യം.
തെരഞ്ഞെടുത്ത 15 ആഗോള വിപണികളിലെ 15,532 മൊബൈല്‍ ഉപയോക്താക്കളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് ഈ വര്‍ഷത്തെ നോര്‍ട്ടണ്‍ വൈഫൈ റിസ്‌ക് റിപ്പോര്‍ട്ട് തയാറാക്കിയത്.

Latest News