സെഞ്ചുറി ഫിലിംസ് ഉടമ രാജു മാത്യു നിര്യാതനായി

കോട്ടയം- മലയാള സിനിമാലോകത്തിനു ഒരു പിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സെഞ്ചുറി ഫിലിംസിന്റെ ഉടമയും കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റുമായ സെഞ്ചുറി രാജു മാത്യു മാളിയേക്കല്‍ (82) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. 45 ചിത്രങ്ങള്‍ നിര്‍മ്മിച്ച സെഞ്ചുറി ഫിലിംസ് ഫഹദ് ഫാസല്‍ ചിത്രമായ 'അതിരനാണ്' അവസാനമായി നിര്‍മ്മിച്ചത്. മനോഹരം, വികൃതി എന്നിവയാണ് സെഞ്ചുറി ഫിലിംസ് അവസാനമായി തീയേറ്ററില്‍ വിതരണത്തിന് എത്തിച്ചവ. വിതരണം ഏറ്റെടുത്തിരിക്കുന്ന 'കുഞ്ഞല്‍ദോ'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 
സെഞ്ചുറി കൊച്ചുമോന്റെയും രാജുമാത്യുവിന്റെയും കൂട്ടായ്മ മലയാളത്തിനു സമ്മാനിച്ചതു നിരവധി ഹിറ്റ് ചിത്രങ്ങളായിരുന്നു. 1982 ല്‍ ബാലചന്ദ്രമേനോന്റെ 'കേള്‍ക്കാത്ത ശബ്ദം'' എന്ന ചിത്രത്തിലൂടെയാണ് സെഞ്ച്വറിയെന്ന പേര് മലയാളത്തില്‍ അവതരിച്ചത്. കാര്യം നിസ്സാരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം, സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്, കാണാമറയത്ത്, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ , നാടോടിക്കാറ്റ്, ആര്യന്‍ , അടിയൊഴുക്കുകള്‍ , സസ്‌നേഹം, ത•ാത്ര തുടങ്ങി പ്രമുഖ ചിത്രങ്ങള്‍ ഈ ബാനറിലൂടെ വന്നവയാണ്. 
പരേതയായ ലില്ലി മാത്യൂവാണ് ഭാര്യ. മക്കള്‍: അഞ്ജന ജേക്കബ്, രഞ്ജന മാത്യൂ (ഇരുവരും വിദേശത്താണ്.)

Latest News