ഇന്ത്യൻ വിപണിയിൽ സൂപ്പർഹിറ്റായി റെനോയുടെ എംപിവി ട്രൈബർ. വിപണിയിലെത്തി രണ്ട് മാസങ്ങൾക്കുള്ളിൽ 10,000ലേറെ യൂണിറ്റുകൾ നിരത്തുകളിലിറങ്ങി. ട്രൈബർ വിൽപന ഉയർന്നതോടെ 11,516 വാഹന യൂണിറ്റുകളെയാണ് ഒക്ടോബറിൽ റെനോ നിരത്തുകളിൽ എത്തിച്ചത്.
4.95 ലക്ഷം രൂപയാണ് ട്രൈബറിന്റെ ഇന്ത്യൻ വിപണിയിലെ എക്‌സ് ഷോറൂം വില. നാല് വകഭേദങ്ങളിലായാണ് വാഹനം വിപണിയിലുള്ളത്.
ആർഎക്‌സ്ഇ പതിപ്പിനാണ് 4.95 ലക്ഷം രൂപ. ആർഎക്‌സ്എൽ പതിപ്പിന് 5.49 ലക്ഷം രൂപയാണ് വില. ആർഎക്‌സ്ടി പതിപ്പിന് 5.99ലക്ഷം രൂപ നൽകണം. 6.49 ലക്ഷം രൂപ വിലയുള്ള ആർഎക്‌സ്‌സെഡ് പതിപ്പാണ് വിലകൂടിയ ഇനം. നാലുമീറ്ററിൽ താഴെ നീളമുള്ള സെവൻ സീറ്റർ വാഹനമാണ് ട്രൈബർ. റെനോയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ക്വിഡിന്റെ തൊട്ടുമുകളിലാണ് വാഹനനിരയിൽ ട്രൈബറിന്റെ സ്ഥാനം.
റെനോയുടെ ക്യാപ്ച്ചർ ഡിസൈനിനെ അടിസ്ഥാനപ്പെടുത്തി സിഎംഎഫ്എ ചെലവുകുറഞ്ഞ പ്ലാറ്റ്‌ഫോമിലാണ് സെവൻ സീറ്റർ വാഹനത്തെ ഒരുക്കിയിരിക്കുന്നത്. മുന്നിൽ നിന്നുള്ള കാഴ്ചയിൽ റെനോ ക്വിഡിനോട് ട്രൈബറിന് രൂപസാദൃശ്യം തോന്നാം. ഉയർന്ന ബോണറ്റും ഡേടൈം ലാംബോടുകൂടിയ ഹെഡ് ലാംബുകളും. വലിയ ഗ്രില്ലും വാഹനത്തിന് മികച്ച നോട്ടം നൽകുന്നുണ്ട്. ഡ്യുവൽ ടോൺ ഇന്റീരിയറാണ് മറ്റൊരു പ്രത്യേകത. വലിയ 8 ഇഞ്ച് സ്‌ക്രീനോടുകൂടിയ ഇൻഫോർടെയിന്മെന്റ് സിസ്റ്റവും വാഹനത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
മുന്നിൽ ഇരട്ട എയർബാഗുകളും, എബിഎസ്, ഇബിഡി, സ്പീഡ് വാർണിംഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു. ക്വിഡിൽ ഉപയോഗിച്ചിരിക്കുന്ന അതേ 1.0 ലിറ്റർ 3 സിലിണ്ടർ ബി ആർ 10 പെട്രോൾ എഞ്ചിൻ പ്രത്യേകം ട്യൂൺ ചെയ്താണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് 72 ബിഎച്ച്പി കരുത്തും 96 എൻഎം ടോർക്കും സൃഷ്ടിക്കാൻ കഴിവുള്ളതാണ്.