ചെറിയ ഇടവേളക്കുശേഷം ബോളിവുഡിലെ കിംഗ് ഖാൻ പുതിയ ചിത്രവുമായി എത്തുന്നുവെന്ന് സൂചന. തമിഴ് സംവിധായകൻ വെട്രിമാരനും ഷാരൂഖ് ഖാനും ഒരുമിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ഷാരൂഖ് നായകനാവുന്ന വെട്രിമാൻ ചിത്രത്തിന്റെ തയാറെടുപ്പെന്നാണ് പ്രചാരം. പക്ഷെ ഇതിന് സ്ഥിരീകരണമില്ല. ഇടയ്ക്ക് മറ്റൊരു തമിഴ് സംവിധായകൻ ആറ്റ്‌ലിയുമൊത്തുള്ള ഷാരൂഖിന്റെ ചിത്രവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഷാരൂഖിന്റെ അടുത്ത ചിത്രം ആറ്റ്‌ലിയ്‌ക്കൊപ്പമാണെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനെ വരുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, വെട്രിമാരൻ ഷാരൂഖിനെ കണ്ടത് സൗഹൃദം പുതുക്കാൻ മാത്രമാണെന്നും പറയപ്പെടുന്നു. എങ്കിലും രണ്ടു പേരുടേയും മുൻ സിനിമകൾ പരിഗണിക്കുമ്പോൾ രണ്ടു പേരും ഒരുമിക്കുകയാണെങ്കിൽ അതൊരു സംഭവമായിരിക്കും.
ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ സീറോ പരാജയമായതോടെ പുതിയ ചിത്രങ്ങളൊന്നും എടുക്കാതെ മാറി നിൽക്കുകയാണ് ഷാരൂഖ് ഖാൻ. എന്നാൽ അടുത്ത വർഷം തന്റെ ചിത്രം ഉറപ്പായും ഉണ്ടാവുമെന്ന് ഷാരൂഖ് തന്റെ ജന്മദിനത്തിൽ പറഞ്ഞിരുന്നു.
ധനുഷ് നായകനായ അസുരനാണ് വെട്രിമാരന്റെ അവസാന ചിത്രം. ഹിറ്റായി മാറിയ ചിത്രത്തിൽ മഞ്ജു വാര്യരായിരുന്നു നായിക. ധനുഷ് തന്നെ നായകനായ വെട്രിമാരൻ ചിത്രം വട ചെന്നൈയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.