സാങ്കേതിക വിഷയങ്ങളും മാനേജ്മെന്റ് വിദ്യകളും മാത്രമല്ല കളികളും സാമൂഹ്യ സാംസ്കാരിക പരിപാടികളും തങ്ങളുടെ വരുതിയിലുണ്ടെന്ന മലയാളി എൻജിനീയർമാരുടെ വിളംബരമായിരുന്നു ഗല്ലി ഗൂഗ്ലി എന്ന പേരിൽ കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) നടത്തിയ നാനോ ക്രിക്കറ്റ് ടൂർണമെന്റും ക്രിക്കറ്റും ഫൺ ഫെയറും. ജിദ്ദയിലെ ക്രിക്കറ്റ് രംഗത്തെ അതുല്യരായ പന്ത്രണ്ട് ടീമുകളും നാല് സ്കൂൾ ടീമുകളും ആയിരുന്നു ടൂർണമെന്റിൽ പങ്കെടുത്തത്. ജിദ്ദയിലെ വിവിധ സാമൂഹ്യ സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരെ പങ്കെടുപ്പിച്ച് നടത്തിയ പ്രമോ ഈവന്റിലൂടെയായിരുന്നു പരിപാടിയുടെ തുടക്കം. ടീമുകളുടെ ഗ്രൂപ്പും ഫിക്സ്ചറുകളും മത്സരങ്ങളും പ്രമോ ഈവന്റിലൂടെ തെരഞ്ഞെടുത്തു. പിന്നീട് ചാമ്പ്യന്മാർക്കുള്ള ട്രോഫിയും അനാവരണം ചെയ്തതോടെ പരിപാടികൾക്ക് തുടക്കമായി. ഒക്ടോബർ നാലിന് ശബാബിയ ഗ്രൗണ്ടിൽ നടന്ന പ്രിലിമിനറി മാച്ചുകളിൽ സെമി ഫൈനലിസ്റ്റുകളെ തീരുമാനിച്ചു. തികച്ചും അച്ചടക്കത്തോടെയായിരുന്നു ഓരോ കളിയും നടന്നത്. ഓരോ കളിയിലെ മാൻ ഓഫ് ദി മാച്ചിനെയും അതാത് സമയത്ത് തെരഞ്ഞെടുത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.കെ.ആർ, ലോതേർസ്, ടസ്കേഴ്സ്, കെ.ഇ.എഫ് എന്നിവർ സെമിയിൽ പ്രവേശിച്ചു.
ഒക്ടോബർ 11ന് കിഴക്കൻ ജിദ്ദയിലുള്ള ദുർറ വില്ല കോമ്പൗണ്ടിലായിരുന്നു സെമി മത്സരങ്ങളും സ്കൂൾ ടീമുകളുടെ മാച്ചുകളും. ഇന്ത്യൻ സ്കൂളിന്റെ രണ്ടു ടീമുകളും ഡി.പി.എസ്, അൽ വുറൂദ് സ്കൂളുകളുമാണ് സ്കൂൾ ടൂർണമെന്റിൽ പങ്കെടുത്തത്. സ്കൂൾ ടീമുകളുടെ ടൂർണമെന്റിൽ അൽ വുറൂദിനെ തോൽപ്പിച്ച് ഇന്ത്യൻ സ്കൂൾ എ ടീം ജേതാക്കളായി. മാൻ ഓഫ് ദി ഫൈനൽ ആയി സീഷനും (ഐ.ഐ.എസ്.ജെ) മാൻ ഓഫ് ദി സീരീസ് ആയി ജോയലും (അൽ വുറൂദ്) തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ പ്രോമിസിംഗ് പ്ലെയർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ഇടങ്കയ്യൻ ബാറ്റ്സ്മാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഹസൻ ആയിരുന്നു. മെഗാ ഫൈനലിൽ ലോതെർസിനെ തോൽപ്പിച്ച് കെ.കെ.ആർ ഗല്ലി ഗൂഗ്ലി ചാമ്പ്യൻമാരായി. യാസിർ കോയ മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ഫെയർ പ്ലേക്ക് ടി.സി.എഫിന് പ്രത്യേക പുരസ്കാരം ലഭിച്ചു. സ്കൂൾ ചാമ്പ്യൻമാർക്ക് അസീം സീഷാൻ ഖാനും ഗല്ലി ഗൂഗ്ലി ചാമ്പ്യൻമാർക്ക് സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്രയും ട്രോഫികൾ സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ ഹെഡ് മാസ്റ്റർ നൗഫൽ പാലക്കോത്ത്, മുൻ രഞ്ജി താരം വിവേക് മോഹിലി, ഇന്ത്യൻ സ്കൂൾ മുൻ മാനേജ്മെന്റ് കമ്മിറ്റി അംഗം മോഹൻ ബാലൻ, ജിദ്ദയിലെ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരായ കെ. ടി. എ മുനീർ, ചെമ്പൻ അബ്ബാസ്, മുജീബ് മൂത്തേടം, മുഹമ്മദ് ബൈജു തുടങ്ങിയവർ മറ്റു പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഈവന്റിനോടനുബന്ധിച്ച് നടന്ന റാഫിൾ ഡ്രോയിൽ മുംബൈയിൽ നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് ട്വന്റി 20 മത്സരം കാണാൻ രണ്ടു പേർക്ക് ഫ്ളൈറ്റ് ടിക്കറ്റും ഹോട്ടൽ താമസവും അടക്കമുള്ള ഒന്നാം സമ്മാനം ഷൈമ ഗഫൂർ നേടി.
അബ്ദുൽ ഹഖ് തിരൂരങ്ങാടി, അബ്ദുൽ മജീദ് നഹ, ഡോ. ശ്രീരാം കുമാർ, പി.എം. മായിൻകുട്ടി, സൗദി ക്രിക്കറ്റ് താരം ഷംസു മഞ്ചേരി, ജാഫറലി പാലക്കോട്, ജലീൽ കണ്ണമംഗലം, സലാഹ് കാരാടൻ, സഹീർ പുത്തൻപുരയിൽ തുടങ്ങിയവരായിരുന്നു ടീമിന്റെ പ്രമോട്ടർമാർ.
ഒക്ടോബർ 11ന് നടന്ന ഫൈനലുകളുടെ പ്രത്യേകത അതോടൊപ്പം ഒരു ഫൺ ഫെയർ കൂടി ഒരുക്കിയിരുന്നു എന്നതായിരുന്നു. ഫൺ ഫെയർ കൺവീനറായ സാബിറിന്റെയും ലേഡി എക്സ്കോം മെംബർമാരായ അജുന, ജുനൈദ എന്നിവരുടെ നേതൃത്വത്തിൽ മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു സായാഹ്നമാണ് ദുർറ വില്ല കോമ്പൗണ്ടിൽ ഒരുക്കിയത്. ഒരു മിനി പൂരം പോലെ തന്നെയായിരുന്നു ഫൺ ഫെയർ. ഷംല നൗഷാദ്, റഷ നൗഫൽ, നാസർ ബഷീർ എന്നിവരൊരുക്കിയ മനോഹരമായ ആർട്ട് ഗാലറി ഫൺ ഫെയറിന്റെ മുഖ്യആകർഷണമായിരുന്നു. എൻജിനീയർമാരുടെ കുടുംബാംഗങ്ങൾ അടക്കം സ്ത്രീകളുൾപ്പെടെ പലരും ഒരുക്കിയ പല സ്റ്റാളുകൾ, ഹെന്ന സെന്റർ തുടങ്ങിയവ വളരെ ജനശ്രദ്ധ പിടിച്ചുപറ്റി. കുട്ടികൾക്കായുള്ള കിഡ്സ് കോർണറിൽ തസ്നീം, അജ്മൽ രജറിഷാദ്, ഡോ: സബ്രീന സിയാദ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായൊരുക്കിയ വിവിധ മത്സരങ്ങളും ഫേസ് പെയിന്റിംഗും കുട്ടികളെ അവരുടേതായ ലോകത്തേക്ക് കൊണ്ടുപോയി. ആകർഷകമായ ഡിസ്കൗണ്ടുകളോട് കൂടി ക്ലിക്ക് ഓൺ ഒരുക്കിയ ഗൃഹോപകരണ സാധനങ്ങളുടെ സെയിൽസ് കൗണ്ടർ മറ്റൊരു ഘടകമായിരുന്നു. വടക്കേ ഇന്ത്യൻ വിഭവങ്ങളും മലയാളികളുടെ തനത് വിഭവങ്ങളായ കപ്പയും ഇറച്ചിയും ഉൾപ്പെടെ വിവിധ ഭക്ഷണ സാധനങ്ങളടങ്ങിയ പല ഫുഡ് സ്റ്റാളുകൾ ഭക്ഷണപ്രിയർക്ക് വളരെയധികം ആവേശമായി. ഏറ്റവും ആകര്ഷണീയമായത് ആഷിക്കിന്റെയും റസിന്റെയും നേതൃത്വത്തിൽ നടത്തിയ നോൺ സ്റ്റോപ്പ് ലൈവ് ഓർക്കസ്ട്രയായിരുന്നു. തോരണങ്ങളും അലങ്കാര ദീപങ്ങളും കൊണ്ട് അലങ്കരിച്ച് ഫൺ ഫെയർ ഗ്രൗണ്ട് ഒരു ചെറിയ പൂരനഗരിയാക്കി മാറ്റാൻ സംഘാടകർ ശ്രദ്ധിച്ചു. ആയിരത്തിൽ അധികം ആളുകൾ പങ്കെടുത്ത ഈ അടുത്ത കാലത്ത് ജിദ്ദ പ്രവാസി ലോകം കണ്ട ഏറ്റവും വലിയ മേള ഭംഗിയായി സംഘടിപ്പിച്ചതിൽ മലയാളി എൻജിനീയർമാർക്ക് വിശിഷ്യാ യുവ എൻജിനീയർമാർക്ക് തികച്ചും അഭിമാനിക്കാം.
തംസീർ, റോഷൻ, മുസല്ലിൽ തുടങ്ങിയവർ അമ്പയർമാരായി. കൺസോളിൽ സിയാദ്, മക്ബൂൽ, ഷാഹിദ് എന്നിവർ കൃത്യത പാലിച്ചു. ടൂർണമെന്റ് സി. ഒ. ഒ. ഷാഹിദ് മലയിൽ ടൂർണമെന്റ് മത്സരങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. അൻവർലാൽ, താജുദ്ദീൻ, ആദിൽ തുടങ്ങിയവർ ലൈൻ അമ്പയർമാരുടെ ജോലി ഭംഗിയായി നിർവഹിച്ചു. കെ.ഇ.എഫ് പ്രസിഡന്റ് അബ്ദുൽ റഷീദ്, ജനറൽ സെക്രട്ടറി റിഷാദ് അലവി തുടങ്ങിയ കെ.ഇ.എഫ് എക്സ്കോം മെമ്പർമാർ വളരെ ഊർജസ്വലരായി പരിപാടിയുടെ എല്ലാ മേഖലകളിലും ഉപദേശ നിർദ്ദേശങ്ങളുമായി രംഗത്തുണ്ടായിരുന്നു. ഈ പരിപാടി കെ.ഇ.എഫിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ ചാർത്തി എന്ന് നിസ്സംശയം പറയാം.
(ഗല്ലി ഗൂഗ്ലി ഇവന്റ് ഡയറക്ടറും, ജിദ്ദ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനുമാണ് ലേഖകൻ)