Sorry, you need to enable JavaScript to visit this website.

ഷൊർണൂർ മേളം തിരശ്ശീല താഴ്ത്തുന്നു


1982 സെപ്റ്റംബർ ഒന്ന്. മൾട്ടി സ്റ്റാർ ചിത്രങ്ങളുടെ ശിൽപ്പിയായി മലയാള സിനിമയിൽ എല്ലാക്കാലത്തും അറിയപ്പെടുന്ന ജോഷി എന്ന സംവിധായകന്റെ ആരംഭം എന്ന ചിത്രത്തിന്റെ റിലീസിംഗ്. പ്രേംനസീർ, മധു, സോമൻ, സുകുമാരൻ, കെ.പി. ഉമ്മർ, ശ്രീവിദ്യ, സുമലത എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ അക്കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ഒട്ടുമിക്ക ജനപ്രിയ നടീനടന്മാരെല്ലാം അഭിനയിച്ചിരുന്നു. റിലീസിംഗിനു മുമ്പു തന്നെ പത്രങ്ങളിലൂടെയും സിനിമാ വാരികകളിലൂടെയും ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു ആരംഭം. അക്കാലത്ത് കേരളത്തിൽ പ്രധാന ജില്ലാ ആസ്ഥാനങ്ങളായ പത്തോ പന്ത്രണ്ടോ നഗരങ്ങളിൽ മാത്രമേ സിനിമകൾ റിലീസ് ചെയ്യാറുള്ളൂ. വള്ളുവനാട്ടിലെ ഒരു ചെറിയ നഗരമായ ഷൊർണൂരിൽ ആരംഭം എന്ന സിനിമയോടെ പുതിയൊരു തിയേറ്ററിന് തുടക്കം കുറിക്കുന്നതറിഞ്ഞ് പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ ഒഴുകിയെത്തി. അന്ന് പ്രതാപത്തിന്റെ ഉച്ചകോടിയിലായിരുന്ന ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് മുന്നിൽത്തന്നെയുള്ള തിയേറ്ററിനു സമീപം തടിച്ചുകൂടിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. ഷൊർണൂർ മേളം എന്ന തിയേറ്ററിന്റെ ചരിത്രം അവിടെ തുടങ്ങുന്നു. 
നാലു പതിറ്റാണ്ടോളം ഒരു നാടിന്റെ ചലച്ചിത്രാസ്വാദനത്തിന്റെ സ്പന്ദനമായിരുന്ന മേളം തിയേറ്റർ അടച്ചുപൂട്ടുകയാണ്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കി ഉടമ പി.കെ. തോമസ് ജീവനക്കാർക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു. മാറുന്ന ചലച്ചിത്ര മേഖലയിൽ വലിയ തിയേറ്ററുകൾക്ക് പ്രസക്തിയില്ലെന്ന വാദത്തിന് ഒരുദാഹരണം കൂടി.
പഴയ ഓലപ്പുര ടാക്കീസുകളിൽ സിനിമ കണ്ടിരുന്ന നാട്ടിൻപുറത്തുകാർക്ക് എൺപതുകളിൽ മേളം തിയേറ്റർ അത്ഭുതമായിരുന്നു. തിയേറ്ററിന്റെ പുറത്ത് ചുമരിൽ തീർത്ത വേടന്റേയും വേടത്തിയുടേയും ശിൽപം പ്രശംസ പിടിച്ചുപറ്റി. പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമനാണ് അത് രൂപകൽപ്പന ചെയ്തത്. സംഗീതത്തിന്റേയും വെളിച്ചത്തിന്റേയും അകമ്പടിയോടെ സ്‌ക്രീനിന്റെ കർട്ടൻ ഉയരുന്നത് കാണാൻ വേണ്ടി മാത്രം അന്ന് ടിക്കറ്റെടുത്ത് കയറിയവരുണ്ട്. 900 പേർക്ക് ഒരേ സമയം ഇരിക്കാമെന്നതും അക്കാലത്ത് വലിയ അത്ഭുതമായിരുന്നു. ശബ്ദ- ദൃശ്യവിന്യാസത്തിലെ സാങ്കേതികത്തികവ് ഒരുപരിധിവരെ മികച്ച രീതിയിൽ നിലനിർത്താൻ തിയേറ്ററിന് സാധിച്ചിട്ടുണ്ട്. പഴശ്ശിരാജ എന്ന സിനിമ കാണാൻ മമ്മൂട്ടിക്കൊപ്പം ഷൊർണൂർ മേളത്തിലെത്തിയ റസൂൽ പൂക്കുട്ടി അവിടത്തെ ശബ്ദസംവിധാനത്തെ പ്രശംസിച്ചിരുന്നു. നടൻ മോഹൻലാലിനും ഏറെ പ്രിയപ്പെട്ടതാണ് ഈ തിയേറ്റർ. തന്റെ പല സിനിമകളും കാണാൻ അദ്ദേഹം മേളം തിയേറ്ററാണ് തെരഞ്ഞെടുത്തിരുന്നത്. 
കാലത്തിനനുസൃതമായ പരിഷ്‌കാരങ്ങളും തിയേറ്ററിൽ ഉണ്ടായി. 1997ൽ ഡി.ടി.എസ് സംവിധാനം കൊണ്ടുവന്നു. ഓൺലൈൻ ബുക്കിംഗ് സംവിധാനമുൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്തി. മേലേപ്പറമ്പിൽ ആൺവീട്, വടക്കുനോക്കിയന്ത്രം എന്നിവയുൾപ്പെടെ നിരവധി സിനിമകളുടെ ചിത്രീകരണവും മേളത്തിൽ നടന്നിട്ടുണ്ട്. 
മലയാള സിനിമാ വ്യവസായത്തിൽ പുതിയ തരംഗം തീർത്ത മൾട്ടിപ്ലക്‌സ് വിപ്ലവമാണ് മറ്റ് പല വലിയ തിയേറ്ററുകൾക്കുമെന്ന പോലെ ഷൊർണൂർ മേളത്തിന്റേയും തളർച്ചക്ക് കാരണം. വലിയ നഗരങ്ങളിൽ പോലും പല വലിയ തിയേറ്ററുകളും മൾട്ടിപ്ലക്‌സുകളായി മാറിയപ്പോൾ ആ പരിഷ്‌കരണം ഈ തിയേറ്ററിൽ നടന്നില്ല. ഷൊർണൂരിലെ മറ്റൊരു പഴയ തിയേറ്റർ മൾട്ടിപ്ലക്‌സ് ആയി മാറിയിട്ടുണ്ട്. 
മുൻനിര നടന്മാരുടെ വമ്പൻ സിനിമകളുടെ ആദ്യ ദിവസങ്ങളിൽ മാത്രമേ മേളം പോലുള്ള തിയേറ്ററുകൾ നിറയുകയുള്ളൂ. വൈദ്യുതി ഉൾപ്പെടെ ചെലവ് കുത്തനെ ഉയരുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് തിയേറ്റർ അടച്ചുപൂട്ടുന്നതെന്നും ജീവനക്കാർ പിരിഞ്ഞുപോകണമെന്നും ഉടമ നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തിയേറ്ററിനൊപ്പം ഷൊർണൂരിലെ ഭക്ഷണപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട മേളം കാന്റീനും അടച്ചുപൂട്ടും. 
ഇപ്പോഴത്തെ ഉടമ രംഗം വിടുകയാണെങ്കിലും തിയേറ്റർ ഏറ്റെടുത്ത് നടത്താൻ മറ്റാരെങ്കിലും മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് ഷൊർണൂരിലേയും പരിസര പ്രദേശങ്ങളിലേയും ചലച്ചിത്ര പ്രേമികൾ. പല പ്രമുഖരും തിയേറ്റർ ഏറ്റെടുക്കാൻ തയ്യാറായി വന്നിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഇതിൽ പ്രശസ്തനായ ഒരു സിനിമാനടന്റെ പേരും ഉൾപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ തിയേറ്ററുടമ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
 

Latest News