നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ മലയാള സിനിമയിൽ കുറവാണെന്നു പറയാം. ഉണ്ടെങ്കിൽതന്നെ വിരലിലെണ്ണാവുന്നവ മാത്രം. പഴയ കാലത്തെ നായികമാരായ ശാരദയും ഷീലയും സീമയും തുടങ്ങി മഞ്ജു വാര്യരും രേവതിയും കാവ്യയും നവ്യയുമെല്ലാം സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. അക്കൂട്ടത്തിലേയ്ക്കാണ് പുതിയ കാലത്തെ നായികയായ നമിതാ പ്രമോദുമെത്തുന്നത്. മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികൾക്കുശേഷം ഷാജി പാടൂർ സംവിധാനം ചെയ്യുന്ന നിർഭയ എന്ന ചിത്രത്തിലൂടെയാണ് നമിത ടൈറ്റിൽ വേഷത്തിലെത്തുന്നത്.
ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് നിർഭയയുടെ കാതൽ. നീതിക്കുവേണ്ടിയുള്ള ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ. നിർഭയ എന്ന പേരു കേൾക്കുമ്പോൾ ഏവരുടെയും മനസ്സിലേയ്ക്ക് ഓടിയെത്തുന്ന ഒരു സംഭവമുണ്ട്. ദൽഹിയിൽ ക്രൂരമായ മാനഭംഗത്തിനിരയായി മരണത്തെ പുൽകേണ്ടിവന്ന ഒരു പാവം പെൺകുട്ടിയുടെ ദുരന്തകഥ. സിനിമയിൽ ആ കഥ വരഞ്ഞിടുകയല്ല. എങ്കിലും യഥാർത്ഥ കഥയോട് സാമ്യം തോന്നാവുന്ന ഒരു കഥയാണ് ചിത്രത്തിന്റേതെന്ന് നമിത പറയുന്നു.
സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായ താമരയെ അവതരിപ്പിച്ചുകൊണ്ടായിരുന്നു നമിതയുടെ അരങ്ങേറ്റം. എന്നാൽ അതിനു മുമ്പുതന്നെ വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിൽ മാതാവിനെ അവതരിപ്പിച്ചുകൊണ്ട് ക്യാമറയ്ക്കു മുന്നിൽ എത്തിയിരുന്നു. തുടർന്ന് എന്റെ മാനസപുത്രി എന്ന പരമ്പരയിൽ അഞ്ജലി എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു. രാജേഷ് പിള്ളയുടെ ട്രാഫിക്കിലൂടെയായിരുന്നു സിനിമയിൽ തുടക്കമിട്ടത്. ബാലതാരമായി റഹ്മാന്റെയും ലെനയുടെയും മകളായ റിയയുടെ വേഷത്തിൽ.
കുമരകം സ്വദേശിയും ബിസിനസുകാരനുമായ പ്രമോദിന്റെയും വീട്ടമ്മയായ ഇന്ദുവിന്റെയും മൂത്ത മകളായ നമിതയുടെ സ്‌കൂൾ പഠനം തിരുവനന്തപുരത്തെ കാർമൽ സ്‌കൂളിലായിരുന്നു. പിന്നീട് എറണാകുളം സെന്റ് തെരേസാസിൽനിന്നും സോഷ്യോളജിയിൽ ബിരുദമെടുത്തു. നമിതയ്ക്ക് ഒരു സഹോദരിയുമുണ്ട്. വിദ്യാർത്ഥിയായ അങ്കിത.
പുതിയ തീരങ്ങൾക്കുശേഷം നായികാ പ്രാധാന്യമുള്ള ഒട്ടേറെ വേഷങ്ങളാണ് നമിതയെ കാത്തിരുന്നത്. പഴയകാല നടി സുമലതയോട് സാമ്യമുള്ള മുഖവുമായി മലയാള സിനിമയിലെത്തിയ ഈ അഭിനേത്രിക്ക് അതും ഒരു പ്ലസ് പോയന്റായി. മലയാളത്തിൽനിന്നും തമിഴിലേക്കും തെലുങ്കിലേക്കുമെല്ലാം ഈ അഭിനേത്രി കടന്നുചെന്നു. മലയാളത്തിലെ യുവനടന്മാരുടെയെല്ലാം നായികാവേഷത്തിലും നമിതയെത്തി. ദുൽഖറിന്റെയും ഫഹദിന്റെയും ജയസൂര്യയുടെയും ദിലീപിന്റെയും നിവിൻ പോളിയുടെയുമെല്ലാം നായികയാകാനുള്ള ഭാഗ്യവും നമിതയ്ക്കുണ്ടായി.
സൗണ്ട് തോമയിലെ ശ്രീലക്ഷ്മിയും, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലെ കൈനകരി ജയശ്രീയും, വിക്രമാദിത്യനിലെ ദീപികയും, വില്ലാളിവീരനിലെ നർമ്മദയും, ഓർമ്മയുണ്ടോ ഈ മുഖത്തിലെ നിത്യയും, ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ ഇരട്ട വേഷങ്ങളായ ഡോ. ഗീതാഞ്ജലിയും വസന്തമല്ലികയും, അമർ അക്ബർ അന്തോണിയിലെ ജെനിയും, റോൾ മോഡൽസിലെ ശ്രേയയും, കമ്മാരസംഭവത്തിലെ ഭാനുമതിയും, മാർഗം കളിയിലെ ഊർമ്മിളയുമെല്ലാം നമിതയുടെ കരിയർഗ്രാഫിലെ തിളങ്ങുന്ന നക്ഷത്രങ്ങളാണ്. പുറത്തിറങ്ങാനിരിക്കുന്ന അൽ മല്ലുവിലും പ്രൊഫസർ ഡിങ്കനിലുമെല്ലാം നമിത വേഷമിടുന്നുണ്ട്. കൂടാതെ എൻ കാതൽ പുതിത്, മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ തിമിർ എന്നീ തമിഴ് ചിത്രങ്ങളിലും ചുട്ടലാഭായി, കാതലോ രാജകുമാരി എന്നീ തെലുങ്കു ചിത്രങ്ങളും നമിത സാന്നിധ്യമറിയിച്ചു.
തുടർച്ചയായി സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന കൂട്ടത്തിലല്ല നമിത. സെലക്ട് ചെയ്തായിരുന്നു ഓരോ സിനിമകളിലും വേഷമിട്ടത്. തുടക്ക കാലത്ത് സംവിധായകനെയും നായകനെയും നോക്കിയാണ് വേഷം തിരഞ്ഞെടുത്തത്. പിന്നീട് സ്‌ക്രിപ്റ്റിനായിരുന്നു പ്രാധാന്യം നൽകിയത്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാമുഖ്യമുള്ള വേഷങ്ങളെത്തിയപ്പോൾ മുഴുവൻ സ്‌ക്രിപ്റ്റും വായിച്ചാണ് കഥാപാത്രങ്ങൾക്ക് ഭാവം പകർന്നത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയെക്കുറിച്ച് നമിത പറഞ്ഞുതുടങ്ങുന്നു.
നൃത്തം അഭ്യസിച്ചില്ലെങ്കിലും നൃത്തപ്രാധാന്യമുള്ള സിനിമകളിലും നമിത വേഷമിട്ടിരുന്നു. ചേ്രന്ദട്ടൻ എവിടെയാ എന്ന ചിത്രത്തിലെ വസന്തമല്ലികയും പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലെ കൈനകരി ജയശ്രീയുമെല്ലാം അത്തരം കഥാപാത്രങ്ങളായിരുന്നു. പുള്ളിപ്പുലികൾക്കുവേണ്ടി നേരത്തെ നൃത്തം പരിശീലിച്ചായിരുന്നു ലൊക്കേഷനിലെത്തിയത്. ചന്ദ്രേട്ടനുവേണ്ടി പ്രത്യേക പരിശീലനമൊന്നും വേണ്ടിവന്നില്ല. ഓരോ സീനും കൃത്യമായി പറഞ്ഞുതന്നതിനാൽ അതേപടി പകർത്തുകയായിരുന്നു. ചില സീനുകൾക്കുവേണ്ടി പതിനഞ്ചു ടേക്കുവരെ എടുക്കേണ്ടിവന്നു. എങ്കിലും ചിത്രം പുറത്തിറങ്ങിയപ്പോൾ എല്ലാവരും നന്നായി എന്നു പറഞ്ഞപ്പോൾ ആശ്വാസം തോന്നി.
പ്രിയദർശൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പിലൂടെ തമിഴകത്തെ നായികയാകാനും നമിതയ്ക്കു കഴിഞ്ഞു. നിമിർ എന്ന ചിത്രത്തിലേയ്ക്ക് പ്രിയൻ സാർ നേരിട്ട് ക്ഷണിക്കുകയായിരുന്നു. മലയാളത്തിന്റെ നേർപകർപ്പ് ആയിരിക്കില്ല. തമിഴ് സംസ്‌കാരത്തിലായിരിക്കും ചിത്രം എന്നും പറഞ്ഞു. എങ്കിലും പ്രിയൻ സാറിനെപ്പോലുള്ള സീനിയർ സംവിധായകന്റെ ചിത്രത്തിൽ വേഷമിടാൻ കഴിഞ്ഞത് ഒരു ഭാഗ്യമായാണ് കാണുന്നത്. നല്ല ദേഷ്യക്കാരനാണ് ശ്രദ്ധിക്കണം എന്നെല്ലാം കേട്ടിരുന്നു. അതുകൊണ്ടുതന്നെ സെറ്റിലെത്തുമ്പോൾ നല്ല ഭയമുണ്ടായിരുന്നു. ഓരോ സീനും കൃത്യമായി പറഞ്ഞുതന്നതുകൊണ്ട് വളരെ കംഫർട്ടിബിളായിട്ടാണ് അഭിനയിച്ചത്. നല്ല അനുഭവമായിരുന്നു അദ്ദേഹത്തിൽ നിന്നും ലഭിച്ചത്. ചിത്രീകരണം കഴിഞ്ഞപ്പോൾ വളരെ നന്നായി ചെയ്തു, എന്റെ മകളെപ്പോലെയാണ് നീയെന്നു പറഞ്ഞ് അഭിനന്ദിക്കാനും അദ്ദേഹം മടിച്ചില്ല.
സിനിമയിൽ വിജയവും പരാജയവും ഒരുപോലെ അനുഭവിച്ച നടിയാണ് നമിത. അഭിനയിച്ച ചിത്രങ്ങൾ പരാജയപ്പെടണമെന്ന് ആരെങ്കിലും ആഗ്രഹിക്കുമോ? ആദ്യചിത്രമായ പുതിയ തീരങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയതിൽ നല്ല വിഷമമുണ്ടായിരുന്നു. എങ്കിലും സത്യൻ സാറിന്റെ നായിക എന്ന ലേബലിലാണ് പിന്നീട് ഓരോ വേഷവുമെത്തിയത്. അതാണ് ഉയരങ്ങളിലേയ്ക്ക് നയിച്ചത്. അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും എപ്പോഴുമുണ്ടാകും. സിനിമയിലെ ഗോഡ്ഫാദറാണ് സത്യൻ അങ്കിൾ എന്നു വിശേഷിപ്പിക്കാനാണ് ഇഷ്ടം.
വിവാഹശേഷം അഭിനയരംഗത്തുണ്ടാകില്ല എന്ന് നേരത്തെ പ്രഖ്യാപിച്ച അഭിനേത്രി കൂടിയാണ് നമിത. ഓഫീസ് ജോലി പോലെയോ ബിസിനസ് പോലെയോ അല്ല സിനിമാഭിനയം. വ്യത്യസ്തമായ ലോകമാണത്. അഭിനയമാണെങ്കിൽ മാനസികമായ ഏറെ തയ്യാറെടുപ്പുകൾ വേണ്ടിവരും. അതിനുവേണ്ടി സമയം കണ്ടെത്തുമ്പോൾ കുടുംബ കാര്യങ്ങൾ അവതാളത്തിലാകും. അതുകൊണ്ടാണ് അത്തരമൊരു തീരുമാനമെടുക്കാൻ കാരണം- നമിത തുറന്നുപറയുന്നു.
സാമൂഹ്യമാധ്യമങ്ങളിലൂടെ ഒട്ടേറെ വിമർശനങ്ങളും ഈ അഭിനേത്രിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. എങ്കിലും അവയെല്ലാം തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുകയായിരുന്നു. വരുംതലമുറ ഇനിയും മാറേണ്ടിയിരിക്കുന്നു. കൃത്യമായ ബോധവത്കരണം അതിനാവശ്യമാണ്. സമൂഹമാധ്യമങ്ങളുടെ നല്ലതും ചീത്തയുമായ വശങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്ന അഭിപ്രായവും നമിതയ്ക്കുണ്ട്.
ഒഴിവുസമയങ്ങളിൽ സിനിമ കാണാനും പാട്ടു കേൾക്കാനും ഇഷ്ടപ്പെടുന്നതോടൊപ്പം ചിത്രം വരയ്ക്കാനും എഴുതാനും സമയം കണ്ടെത്താറുണ്ട് നമിത. ഇതിനിടയിലും മനസ്സിൽ ഇന്നും ബാക്കിനിൽക്കുന്ന ഒരു മോഹം കൂടിയുണ്ട്. മമ്മൂക്കയുടെയും ലാലേട്ടന്റെയും കൂടെ വേഷമിടുക എന്നത്.