Sorry, you need to enable JavaScript to visit this website.

ആഗോള ആയുർവേദ ഉച്ചകോടി കൊച്ചിയിൽ

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ  ഇൻഡസ്ട്രിയുടെ മൂന്നാമത് ആഗോള ആയുർവേദ ഉച്ചകോടി ഒക്ടോബർ 30,31 തീയതികളിൽ കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ നടക്കും.  സ്റ്റാർട്ട് അപുകൾ, പുതിയ പദ്ധതികൾ, ബ്രാൻഡിങ് തുടങ്ങിയവയിലൂടെ ആയുർവേദത്തെ മുഖ്യധാരയിലേക്കു കൊണ്ടു വരിക എന്ന പ്രമേയത്തിൽ അധിഷ്ഠിതമായാണ് ആയുർവേദ ഉച്ചകോടി സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര ശിൽപശാല, സ്റ്റാർട്ട് അപുകൾക്കായുള്ള മൽസരം, ഈ മേഖലയിലുള്ളവർക്കായുള്ള ആശയ വിനിമയത്തിനുള്ള പരിപാടികൾ, ബിസിനസ് ടു ബിസിനസ് മീറ്റിങുകൾ തുടങ്ങിയവയായിരിക്കും ഉച്ചകോടിയിലെ പ്രധാന പരിപാടികൾ.  
രാജ്യത്തിനകത്തും പുറത്തും നിന്നുള്ള അഞ്ഞൂറിലേറെ വ്യവസായ പ്രമുഖരും വിദഗ്ദ്ധരും ശിൽപശാലയിൽ പങ്കെടുക്കും. ആയുർവേദ, അനുബന്ധ മേഖലകളിലുള്ളവർക്ക് തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരമായിരിക്കും ബിസിനസ് മീറ്റുകളും ആശയ വിനിമയ വേദികളും ഒരുക്കുക. 
ആയുർവേദത്തിന് ആഗോള തലത്തിൽ വിപണി സൃഷ്ടിക്കുക, ആഗോള തലത്തിലെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരമായി ആയുർവേദത്തെ പ്രതിഷ്ഠിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇതിലൂടെ ആയുർവേദത്തെ ഒരു ജീവിതരീതിയായി ബ്രാൻഡു ചെയ്യുകയും സ്റ്റാർട്ട് അപുകളിലൂടെ ആയുർവേദ വ്യവസായത്തിന് വലിയൊരു കുതിച്ചു ചാട്ടത്തിന് അവസരം നൽകുകയും ചെയ്യും. 2025-ഓടെ ആയുർവേദത്തെ 50,000 കോടിയുടെ ബിസിനസായി വളർത്തിയെടുക്കുകയും ചെയ്യും.
ആയുർവേദ മേഖലയിലെ  സ്റ്റാർട്ട് അപുകൾക്കായുള്ള ആദ്യ മൽസരമായ ആയുർസ്റ്റാർട്ട് ആയിരിക്കും ആഗോള ആയുർവേദ ഉച്ചകോടിയിലെ സുപ്രധാന ആകർഷണം. യുവ മനസുകളെ പുതിയ ആശയങ്ങളുമായി ആയുർവേദ മേഖലയിലേക്ക് കടന്നുവരാൻ പ്രേരിപ്പിക്കുന്നതായിരിക്കും ആയുർസ്റ്റാർട്ട്.  ആയുർവേദ സമൂഹത്തിൽ സംരംഭകത്വ വികാരം ഉയർത്താനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇവിടെ ഉയരുന്ന ഏറ്റവും മികച്ച ആശയങ്ങൾക്ക് മെന്ററിങ്, ഇൻക്വുബേറ്റിങ് സൗകര്യങ്ങൾ നൽകുകയും സാമ്പത്തിക പിന്തുണ നൽകുകയും ചെയ്യും. 2025 ഓടെ ആയുർവേദത്തെ 50,000 കോടിയുടെ വ്യവസായമാക്കി വളർത്തുന്നതിൽ ഇതും നിർണായക പങ്കു വഹിക്കും. 
സാർക്ക്, രാജ്യങ്ങൾ, ഗൾഫ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും 30 രാജ്യങ്ങളിൽ നിന്നുള്ള ആയുർവേദ ടൂർ ഓപറേറ്റർമാരും മൂന്നാമത് ആഗോള ആയുർവേദ ഉച്ചകോടിയിൽ പങ്കെടുക്കും. 
ഉദ്ഘാടന, സമാപന സമ്മേളനങ്ങൾക്കും സ്റ്റാർട്ട് അപ് മൽസരത്തിനും പുറമെ മൂന്നു ശിൽപശാലകളാണ് ആയുർവേദ ഉച്ചകോടിയിൽ ഉണ്ടാകുക. ആയുർവേദത്തിനായുള്ള സാമ്പത്തിക പിന്തുണയും പദ്ധതികളും എന്ന വിഷയത്തിലാണ് ആദ്യ ശിൽപശാല, ആഭ്യന്തര-വിദേശ വിപണികൾക്കായുള്ള പാക്കേജിങ്, വിപണനം, ബ്രാൻഡിങ് തുടങ്ങിയവയെക്കുറിച്ചായിരിക്കും രണ്ടാമത്തെ ശിൽപശാല. 
ആയുർവേദത്തിന് അന്താരാഷ്ട്ര സ്വീകാര്യത ലഭ്യമാക്കുന്നതിനെക്കുറിച്ചായിരിക്കും മൂന്നാമത്തെ ശിൽപശാല. 
ആയുർവേദ മേഖലയുമായി ബന്ധപ്പെട്ട വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവയുടെ വൈവിധ്യമാർന്ന രീതികളും പ്രവർത്തനങ്ങളും സേവനങ്ങളും ഉൽപ്പന്നങ്ങളുമെല്ലാം ആഗോള സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള അവസരം കൂടിയാണ് ആഗോള ആയുർവേദ ഉച്ചകോടി നൽകുന്നത്.  ഉച്ചകോടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും പങ്കാളിത്തത്തിനുമായി www.globalayurvedasummit.com എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ [email protected] എന്ന ഇമെയിലിലോ 0484 4012300, 9895757237 എന്നി നമ്പറുകളിലോ സജി മാത്യുവുമായി ബന്ധപ്പെടുകയോ ചെയ്യണം.

Latest News