ഏതൊരു പ്രവാസിയും പറയുന്ന പൊതുവായൊരു പ്രസ്താവനയുണ്ട്. അതിങ്ങനെയാണ്. രണ്ടുവർഷത്തേക്ക് ആയിരുന്നു വന്നത്. അത് പിന്നീട് ദശാബ്ദങ്ങളിലേക്ക് നീണ്ടു. ഇപ്പോഴും പ്രവാസം നീണ്ടുനീണ്ടുപോകുന്നു.
മിക്ക പ്രവാസികളും ദേശം വിട്ടത് കുറഞ്ഞ കാലത്തേക്കായിരിക്കും. പിന്നെയത് ക്രമേണ മാസങ്ങൾ, വർഷങ്ങളായും, വർഷങ്ങൾ ദശാബ്ദങ്ങളായും മാറുന്നു. ഈ കാലയളവിനുള്ളിൽ ഒരു ഉഭയജീവിയുടെ മാനസികാവസ്ഥ പ്രവാസി കൈവരിച്ചിരിക്കും.
എന്നാണ് തിരിച്ചു പോവുന്നതെന്ന ചോദ്യമായിരിക്കും പ്രവാസി നാട്ടിൽ എത്തിയാൽ നേരിടുന്ന ഏറ്റവും ആവർത്തിക്കപ്പെടുന്ന ഏക ചോദ്യം. ദേശവും വിദേശവും കൂടി പ്രവാസിയുടെ ജീവിതത്തെ സമ്മിശ്രമായ തലങ്ങളിൽ വളർത്തുകയും തളർത്തുകയും ചെയ്യുന്നുണ്ട്. പ്രവാസിയോട് നാട്ടിലുള്ള ചില ടിപ്പിക്കൽ കഥാപാത്രങ്ങളുടെ ഇടപെടലും പെരുമാറ്റങ്ങളും ഏറെ രസാവഹമാണ്.
ഒരു കാലത്ത് ഇൻഷുറൻസ് ഏജന്റ്മാരുടേതായിരുന്നെങ്കിൽ പിന്നീടത് റിയൽ എസ്റ്റേറ്റ് ഏജന്റുമാരുടേതായെന്ന് മാത്രം. ഇവരുടെയൊക്കെ പെരുമാറ്റത്തിലെ മുഷിപ്പിക്കുന്ന ചില സമാനതകളും അവരിൽനിന്ന് രക്ഷപ്പെടാൻ ഓരോരുത്തർ നടത്തിയ വീര സാഹസിക കഥകളും ഓരോ പ്രവാസിക്കും വേണ്ടുവോളം പറയാനുണ്ടാവും.
അറുപത്തിയാറ് കഴിഞ്ഞ സരസനായ ഒരു പ്രവാസി കഴിഞ്ഞ ദിവസം പങ്ക് വെച്ച കഥ ഓർത്തുപോവുകയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹം നാട്ടിലെത്തിയപ്പോൾ അദ്ദേഹത്തെ ഒരാൾ വിടാതെ പിന്തുടർന്നു. ചെല്ലുന്നയിടത്തെല്ലാം അദ്ദേഹം തന്നെ. അയാളുടെ വീട്ടിന് സമീപത്ത് പള്ളി ഉണ്ടായിട്ട് പോലും സുബ്ഹിക്ക് പ്രവാസി പോവുന്ന പള്ളിയിൽ ഇയാൾ എന്നുമെത്തും. നാട്ടിലെ പുതിയ റിയൽ എസ്റ്റേറ്റ് ഏജന്റാണ്. പ്രവാസത്തിൽനിന്ന് തിരികെയെത്തിയാൽ സാധ്യമാവുന്ന പലതരം പ്ലാനും പ്രൊജക്ടുകളുമൊക്കെ ഏജന്റ് വാതോരാതെ ഇയാളോട് സംസാരിക്കും. ഒടുവിൽ സഹികെട്ട് ഇയാൾ പറഞ്ഞു. 'രഹസ്യമായി ഞാനൊരു സ്ഥല കച്ചോടത്തിന്റെ പ്ലാനുമായിട്ട് നടക്കുകയാ.' ഏജന്റിന്റെ കൗതുകം കൂടി. ആ പ്രദേശത്ത് അയാളറിയാത്ത ആ സ്ഥലം ഏതാണെന്ന് ആവേശത്തോടെ അയാൾ തിരക്കി. ഒച്ച താഴ്ത്തി പ്രവാസി സുഹൃത്ത് സ്വകാര്യമായി പറഞ്ഞത്രെ.
'അത് വേറെ ഏതുമല്ല, പുത്തനങ്ങാടി പള്ളിപറമ്പിലെ ആ ആറടിമണ്ണ് തന്നെ.'
ഇത് കേട്ടതും പിന്നീട് അയാൾ പോയ വഴി കണ്ടില്ല എന്ന് മാത്രമല്ല ,സുബ്ഹി നമസ്കാരത്തിന്റെ ജമാഅത്ത് പോയിട്ട് ജുമുഅക്ക് പോലും പിന്നീട് അയാളെ ആ വഴി കണ്ടില്ലത്രെ.
പ്രവാസികളിൽ പലരും വളരെ കാലം വിദേശത്ത് ജീവിച്ചാലും അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങേണ്ടി വരും. കമ്പനി നയങ്ങൾ, സർക്കാർ നിയമങ്ങൾ, സാമ്പത്തിക മാന്ദ്യം, കച്ചവടത്തിലെ നഷ്ടങ്ങൾ, വിവിധ തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധികൾ, രോഗങ്ങൾ തുടങ്ങി പല കാരണങ്ങളുണ്ടാവാം ഈ തിരിച്ചുപോക്കിന് പിന്നിൽ. ഇത്തരക്കാർ സമൂഹത്തിൽ അധികം കാണില്ല. എന്നാലും, ശാരീരികമായും മാനസികമായും സാമ്പത്തികമായും ഒരേസമയം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന ഇവർ അർഹിക്കുന്ന പരിഗണന വേണ്ട കോണുകളിൽ നിന്ന് ലഭിക്കുന്നില്ല എന്നത് ഏറെ കരളലിയിപ്പിക്കുന്ന രീതിയിൽ പറഞ്ഞ് കേൾക്കാറുണ്ട്. സ്വന്തം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അസഹനീയമായ അവഗണനയും ഒറ്റപ്പെടലും അനുഭവിക്കുന്ന അത്തരക്കാരെ കണ്ടില്ലെന്ന് നടിക്കുന്നത് മനുഷ്യത്വഹീനമായ പ്രവണതയാണെന്ന് പറയാതെ വയ്യ.
വളരെക്കുറച്ചു പേർക്കു മാത്രമേ ആവശ്യത്തിനുള്ള നീക്കിയിരിപ്പും നാട്ടിൽനിന്ന് വല്ല വരുമാനം ലഭിക്കാനുതകുന്ന ചുറ്റുപാടും ഉണ്ടാവുകയുള്ളൂ. ഇങ്ങനെ പ്രവാസം മതിയാക്കേണ്ടി വരുന്ന ബഹുഭൂരിപക്ഷം പേരും മാന്യതയുടെ പുറന്തോടിനുള്ളിൽ നിസ്സഹായതയുടെ അനിശ്ചിതത്വം പേറുന്നവരാണെന്ന കാര്യം ഉറ്റവരും ഉടയവരും തിരിച്ചറിയണം.
കഴിഞ്ഞ ദിവസം മറ്റൊരാളെ കണ്ടു. ഒരുപാട് വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞു ഫൈനൽ എക്സിറ്റ് അടിച്ച് വെച്ചിരിക്കുകയാണ് അദ്ദേഹം. നാട്ടിൽ ചെന്നിട്ട് എന്താണ് എന്നത് ഒരു നിശ്ചയവുമില്ല. ഏതായാലും ഒരു ദിവസം ഇവിടം വിട്ട് പോയല്ലേ മതിയാവൂ. അദ്ദേഹത്തിന്റെ സംസാരത്തിൽ മുഴച്ചു നിൽക്കുന്ന വേവലാതി അന്യരുടെ മുന്നിൽ കൈ നീട്ടാതെ മാന്യമായി ഇനിയുള്ള കാലം തനിക്കും കുടുംബത്തിനും കഴിഞ്ഞു കൂടാനുള്ള വഴിയെന്തെന്ന ചോദ്യമല്ലാതെ മറ്റെന്താണ്?