Sorry, you need to enable JavaScript to visit this website.

അലെക്‌സ ഇനി ഹിന്ദിയും ഹിംഗ്ലിഷും പറയും

ഹിന്ദി ഇന്ത്യയിലെ ഒറ്റ ഭാഷയാക്കി നിശ്ചയിക്കണോ വേണ്ടയോ എന്നകാര്യത്തില്‍ ഒരു അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും  യുഎസ് ടെക്ക് ഭീമന്‍ ആമസോണ്‍ ഒരു തീരുമാനത്തിലെത്തി. ഇന്നു മുതല്‍ ആമസോണിന്റെ അലെക്‌സ വോയ്‌സ് അസിസ്റ്റന്റ് ഹിന്ദിയും ഹിംഗ്ലീഷും പറഞ്ഞു തുടങ്ങി. ആമസോണിന്റെ എക്കോ സ്മാര്‍ട് സ്പീക്കര്‍ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങളുമായി ഉപഭോക്താക്കള്‍ക്ക് ഹിന്ദിയുടെ വിവിധ ഉച്ചാരണ, ഭാഷാഭേദങ്ങളിലും ഹിന്ദിയും ഇംഗ്ലീഷും ചേര്‍ത്ത ഹിംഗ്ലീഷിലും സംസാരിക്കാം. 'അലെക്‌സ, അപ്‌നെ ബാരെ മേ ബതാവോ' എന്നു പറഞ്ഞാല്‍ താന്‍ ആരാണെന്ന് ഏതു ഹിന്ദിയിലാണോ ചോദിച്ചത് അതേ ഭാഷാഭേദത്തില്‍ തന്നെ അലെക്‌സ മറുപടി തരും. അലെക്‌സ വോയ്‌സ് അസിസ്റ്റന്റില്‍ ഹിന്ദി ഡിഫോള്‍ട്ട് ഭാഷയായി സെറ്റ് ചെയ്യാന്‍ വെറുതെ പറഞ്ഞാല്‍ മാത്രം മതിയാകും. അലെക്‌സ ആപിലെ ഭാഷാ സെറ്റിങില്‍ കയറിയും ഹിന്ദി ഭാഷയിലേക്കു മാറ്റാം. ബോളിവൂഡ് കെ ലേറ്റസ്റ്റ് ഗാനാ സുനാവോ, ക്രിക്കറ്റ് സ്‌കോര്‍ ബതാവോ എന്നൊക്കെ പറഞ്ഞാല്‍ അലെക്‌സ് മണി മണി പോലെ ഹിന്ദിയില്‍ മറുപടി നല്‍കും.

ആമസോണിന്റെ എക്കോ ശ്രേണിക്കു പുറമെ ബോസിന്റെ സ്മാര്‍ട് സ്പീക്കറിലും ഇന്നു മുതല്‍ ഹിന്ദി ലഭിക്കും. അലെക്‌സ വോയ്‌സ് അസിസ്റ്റന്റ് ഉപയോഗിക്കുന്ന മോട്ടോറോള, മൈബോക്‌സ്, ബോട്ട്, പോര്‍ട്രോണിക്‌സ്, സോണി, ഐബോള്‍, ഡിഷ് എന്നീ കമ്പനികളുടെ ഉല്‍പ്പന്നങ്ങളും അടുത്ത അപ്‌ഡേറ്റോടു കൂടി ഹിന്ദിയും ഹിംഗ്ലീഷും ലഭിക്കും.

ആമസോണ്‍ അലെക്‌സ് വേയ്‌സ് അസിസ്റ്റന്റിനെ ഇന്ത്യയില്‍ എത്തിച്ചിട്ട് രണ്ട് വര്‍ഷമെ ആകുന്നുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ സ്മാര്‍ട് സ്പീക്കര്‍ വിപണിയില്‍ 59 ശതമാനവും ആമസോണിന്റെ എക്കോ കയ്യടക്കിവച്ചിരിക്കുകയാണ്. ഗൂഗ്‌ളിന്റെ ഹോം സ്മാര്‍ട് സ്പീക്കര്‍ 39 ശതമാനം വിപണി പിടിച്ചിട്ടുണ്ട്. ഹോമിലെ ഗൂഗ്ള്‍ വോയ്‌സ് അസിസ്റ്റന്റ് നേരത്തെ തന്നെ ഹിന്ദി ഭാഷ ലഭ്യമാക്കിയിരുന്നു.
 

Latest News