ന്യൂദല്‍ഹി- നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിനെതിരെ പരാതിക്കാരി സുപ്രീം കോടതിയില്‍. ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യവുമായാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനായി 12 പേജുള്ള അപേക്ഷയാണ് നടി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.
കൂടാതെ, കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും നടി അപേക്ഷയില്‍ പറയുന്നു. ദൃശ്യങ്ങള്‍ കൈമാറിയാല്‍ ദിലീപ് അത് ദുരുപയോഗം ചെയ്യുമെന്നും തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും നടിയുടെ അഭിഭാഷകന് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന വിധി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.
അപേക്ഷയോടൊപ്പം ചില സുപ്രധാന തെളിവുകളും നടി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുദ്ര വച്ച കവറിലാണ് നടി തെളിവുകള്‍ ഹാജരാക്കിയിരിക്കുന്നത്. ഈ രേഖകള്‍ ചൊവ്വാഴ്ച ജസ്റ്റിസുമാരായ എ.എന്‍.ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ക്ക് സമര്‍പ്പിക്കും.