ന്യൂദല്‍ഹി- ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴു വരെ ലോക മുലയൂട്ടല്‍വാരം ആചരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുകയാണ് വാരാചാരണത്തിന്റെ ലക്ഷ്യം.
1992 ലാണ് വേള്‍ഡ് അലയന്‍സ് ഫോര്‍ ബ്രസ്റ്റ് ഫീഡിംഗ് (ഡബ്ല്യുഎബിഎ) ആദ്യമായി മുലയൂട്ടല്‍ ആഘോഷിച്ചത്. കഴിഞ്ഞ 27 വര്‍ഷമായി 120 രാജ്യങ്ങളില്‍ മുലയൂട്ടല്‍ ദിനവും വാരവും ആചരിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ ആറുമാസമെങ്കിലും മുലപ്പാല്‍ നല്‍കണമെന്നാണ് സംഘാടകര്‍ ആഹ്വാനം ചെയ്യുന്നത്.
കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ ഏറ്റവും മികച്ച വഴി മുലയൂട്ടലാണ്. മുലപ്പാലിലടങ്ങിയിരിക്കുന്ന ആന്റിബോഡികള്‍ കുഞ്ഞുങ്ങള്‍ക്ക് വൈറുസുകളില്‍നിന്നും ബാക്ടീരിയകളില്‍നിന്നും സംരക്ഷണം നല്‍കുന്നു. പ്രസവിച്ച് ആദ്യ മണിക്കൂര്‍ മുതല്‍ ആറുമാസം വരെ നിര്‍ബന്ധമായും മുലയൂട്ടണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.
മാതാപിതാക്കളെ ശാക്തീകരിക്കുക, മുലയൂട്ടലിന് സജ്ജമാക്കുക, ഇപ്പോഴത്തേക്കും ഭാവയിലേക്കും എന്നതാണ് ഇത്തവണ ലോക മുലയൂട്ടല്‍ വാരത്തിന്റെ സന്ദേശം.