Sorry, you need to enable JavaScript to visit this website.

തല കുനിഞ്ഞു പോകുന്നു; സന്യാസിമാര്‍ക്ക് ഹിന്ദു വനിതയുടെ തുറന്ന കത്ത്

കോഴിക്കോട്- ഹിന്ദു മതത്തിന്റെ പേരില്‍ സംഘ് പരിവാര്‍ മുസ്ലിം കൊലകളും ആക്രമണങ്ങളും ആവര്‍ത്തിക്കുമ്പോള്‍ ഹിന്ദു സന്യാസ സമൂഹം എന്തുകൊണ്ട് മൗനം അവലംബിക്കുന്നുവെന്ന ചോദ്യവുമായി സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര.

ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ യു.പിയില്‍ ഒരു മുസ്ലിം ബാലനെ ചുട്ടുകൊന്ന പശ്ചാത്തലത്തിലാണ് ശ്രീജയുടെ തുറന്ന കത്ത് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  ശ്രീജ എന്ന പേര് പോലും അപമാനമായി തോന്നുന്നുവെന്നും ആ പേരില്‍ അനുഭവിക്കുന്ന പ്രിവിലേജ് കാരണം തലകുനിഞ്ഞു പോകുന്നുവെന്നും കത്തില്‍ പറയുന്നു.


ഹിന്ദു മത വിശ്വാസികളേ, സന്യാസീ സമൂഹമേ ഹിന്ദു മതത്തിന്റെ പേരില്‍ നിരന്തരം അരക്ഷിതാവസ്ഥയില്‍പെട്ടുഴലുന്ന മുസ്ലിം സമൂഹത്തിന് മുന്നില്‍ കൈകൂപ്പി മാപ്പ് ചോദിക്കാനെങ്കിലും നിങ്ങള്‍ തയ്യാറായില്ലെങ്കില്‍ കാലം നിങ്ങള്‍ക്ക് പൊറുത്തു തരില്ലെന്ന് പറഞ്ഞാണ് തുറന്ന കത്ത് അവസാനിപ്പിക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

https://www.malayalamnewsdaily.com/sites/default/files/2019/07/31/sreejane.jpg

കേരളത്തിലെ ഹിന്ദു സന്യാസ സമൂഹത്തിന് ശ്രീജയെന്ന ഹിന്ദു നാമധാരിയായ സാമൂഹിക പ്രവര്‍ത്തക എഴുതുന്ന തുറന്ന കത്ത്...

പ്രിയ സന്യാസി സമൂഹമേ,

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വ്യക്തിബന്ധമുള്ള ഏഴോളം ഹിന്ദു സന്യാസികളുമായി ഞാന്‍ ഫോണില്‍ സംസാരിച്ചു.. എന്നാല്‍ രാഷ്ട്രീയ പ്രതീക്ഷയുണര്‍ത്തുന്ന യാതൊന്നും നിങ്ങളുടെ സംസാരത്തില്‍ നിന്ന് എനിക്കനുഭവപ്പെട്ടില്ല അതുകൊണ്ടാണ്.ഒരു തുറന്ന കത്തെഴുതാമെന്ന തീരുമാനത്തില്‍ ഞാന്‍ എത്തിയത്...

ഹിന്ദു മതത്തിന്റെ പേരില്‍ സംഘ് പരിവാര്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം കൊലകളും ആക്രമണങ്ങളും നിങ്ങള്‍ അറിയുന്നുണ്ടെന്നു ഞാന്‍ കരുതുന്നു...
ഏറ്റവും ഒടുവില്‍ ജയ്ശ്രീറാം എന്ന് വിളിക്കാത്തതിന്റെ പേരില്‍ ഇന്ത്യയില്‍ ഒരു പതിനഞ്ചുകാരനെ ചുട്ടുകൊന്നിരിക്കുകയാണ് ... അതായത് ഹിന്ദു മതത്തിന്റെ പേരിലാണ് ഈ മുസ്ലിം വേട്ട സംഘ് പരിവാര്‍ നടത്തുന്നത്.. ഇതില്‍ ഹിന്ദു സന്യാസിമാര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് യാതൊരു അസ്വസ്ഥതയുമില്ലെന്നാണോ ? മുസ്ലീങ്ങള്‍ക്ക് നേരെ വംശീയ വിദ്വേഷം ചീറ്റി അവരെ കൊന്നൊടുക്കുന്ന സംഘ് പരിവാറിനെ അകറ്റി നിര്‍ത്താന്‍ പൊതു സമൂഹത്തോട് ആഹ്വാനം ചെയ്യാനുള്ള ബാധ്യത പോലും നിങ്ങള്‍ക്കില്ല എന്നാണോ? നിങ്ങളുടെ അപകടകരമായ മൗനം സംഘ് പരിവാറിനുള്ള സമ്മതമായി മുസ്ലീങ്ങള്‍ സംശയിച്ചാല്‍ അവരെ തെറ്റ് പറയാന്‍ കഴിയുമോ ? അവരുടെ അനുഭവങ്ങള്‍ ആ സംശയത്തിന് കൂടുതല്‍ കരുത്ത് പകരുന്നതല്ലേ?

സംഘ് പരിവാറിന് മുസ്ലീങ്ങള്‍ക്ക് നേരെ പാഞ്ഞു കയറാന്‍ പശു അഥവാ ഗോമാതാവ് ഒരു കാരണമായപ്പോള്‍ എന്തായിരുന്നു നിങ്ങളുടെ നിലപാട്? പശുവിന്റെ പേരില്‍ തെരുവിലിട്ടു മുസ്ലീങ്ങളെയും ദലിതരേയും തല്ലിയും വെട്ടിയും കുത്തിയും കല്ലെറിഞ്ഞും കൊന്നപ്പോഴും ഇന്ത്യയിലെ സന്യാസ സമൂഹം മൗനവാത്മീകത്തിലൊളിച്ചു .. പെരുന്നാളുടുപ്പ് വാങ്ങാന്‍ പോയൊരു പതിനാറുകാരനെ, ജുനൈദിനെ തല്ലിക്കൊന്നപ്പോഴും നിങ്ങള്‍ മൗനത്തിലായിരുന്നു... ഒടുവില്‍ കത്വയിലെ പെണ്‍കുട്ടിയെ അമ്പലത്തിനുള്ളില്‍ പട്ടിണിക്കിട്ടു ബലാല്‍സംഗം ചെയ്തു തലയ്ക്കടിച്ചു കൊന്നപ്പോഴും നിങ്ങള്‍ മിണ്ടിയില്ല... ഇപ്പോഴിതാ ജയ്ശ്രീറാം എന്ന് വിളിക്കാത്തതില്‍ സംഘ് പരിവാര്‍ മുസ്ലീങ്ങളെ തെരുവിലിട്ട് ചുട്ടു കൊല്ലുകയാണ്... അപ്പോഴും തുടരുന്ന ഈ കുറ്റകരമായ മൗനത്തില്‍ നിന്ന് എന്താണ് മനസിലാക്കേണ്ടത് ? ... ഇന്ത്യയിലെ പൊതുബോധത്തിനൊപ്പം കാഷായ വേഷമണിഞ്ഞ ഹിന്ദു സന്യാസിമാരും സംഘ് പരിവാര്‍ നടത്തുന്ന വംശീയ കൊലകള്‍ ആഘോഷിക്കുകയാണ് എന്നാണോ? ഒരു പതിനഞ്ചുകാരന്‍ ബാലന്‍ ശ്രീരാമന്റെ പേരില്‍ കത്തിയെരിഞ്ഞപ്പോള്‍ സന്യാസ സമൂഹമേ നിങ്ങള്‍ക്കെങ്ങനെ ഉണ്ണാനും ഉറങ്ങാനും മൗനവ്രതം ആചരിക്കാനും. കഴിയുന്നു...?
ഹിന്ദു ഉണരണം എന്ന സംഘ് പരിവാര്‍ മുദ്രാവാക്യത്തില്‍ നിങ്ങള്‍ക്കിപ്പോഴും അപകടം കാണാന്‍ കഴിയുന്നില്ല എന്നാണോ? അതോ ആ മുദ്രാവാക്യത്തെ നിങ്ങളും ശിരസാവഹിക്കുന്നെന്നോ? ഹിന്ദു മതത്തിന്റെ, ദൈവങ്ങളുടെ പേരില്‍ കത്തിക്കരിയുന്ന നിരപരാധികളായ മനുഷ്യരുടെ മാംസങ്ങള്‍ നിങ്ങളെ തെല്ലും അലോസരപ്പെടുത്തുന്നില്ല എന്നാണോ? ശ്രീനാരായണഗുരു അടക്കമുള്ള മഹാ സന്യാസി വര്യന്മാര്‍ നിങ്ങളുടെ ഹൃദയത്തില്‍ വെളിച്ചം പകരുന്നില്ല എന്നാണോ? ശ്രീരാമന് ജയ് വിളിച്ചില്ലെങ്കില്‍ തല്ലിക്കൊല്ലാന്‍ ഏത് ഹിന്ദു മത ഗ്രന്ഥങ്ങളിലാണ് പറഞ്ഞിരിക്കുന്നത് എന്നൊരു ചോദ്യം എങ്കിലും നിങ്ങള്‍ സംഘ് പരിവാറിനോട് ചോദിക്കുമെന്ന് മുസ്ലിം സമൂഹം പ്രതീക്ഷിക്കുന്നതില്‍ തെറ്റ് ഉണ്ടോ? ലോകത്തെവിടെയെങ്കിലും ഐ സി ന്റെ പേരിലൊരു ഓലപ്പടക്കം പൊട്ടിയാല്‍ ഇങ്ങു കേരളത്തിലെ മുസ്ലീങ്ങളെ കൊണ്ട് ഐ എസ് ഇസ്ലാമല്ല എന്ന് സെമിനാറും മാപ്പു പറച്ചിലും നടത്തിക്കുന്ന ആ നെറികെട്ട പൊതുബോധമുണ്ടല്ലോ യോഗീവര്യന്മാരേ ആ പൊതുബോധം നിങ്ങളെ അസ്വസ്ഥപ്പെടുത്തില്ലൊരിക്കലും... മഹാ മുനിമാരേ നിങ്ങളാലോചിച്ചിട്ടുണ്ടോ ജയ്ശ്രീറാം എന്ന വിളിക്കു പകരം ഒരു കൂട്ടം മുസ്ലീങ്ങള്‍ ചേര്‍ന്ന് ഒരു ഹിന്ദുവിനെ അല്ലാഹു അക്ബര്‍ എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുന്നത്, ഒടുവില്‍ ആ ഹിന്ദുവിനെ ചുട്ടു കൊല്ലുന്നത് എന്തായിരിക്കും ഈ രാജ്യത്തെ മുസ്ലീങ്ങളുടെ അവസ്ഥ?

ജയ് ശ്രീറാം വിളികളുമായി ഒരു കൂട്ടം സംഘ് പരിവാരങ്ങള്‍ ഒരു മുസ്ലിം ബാലനെ തെരുവില്‍ ചുട്ടു കൊന്നിട്ടും ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കോ ഹിന്ദുമത സംഘടനകള്‍ക്കോ ഹിന്ദുമത പണ്ഡിതര്‍ക്കോ ഹിന്ദു മത സന്യാസികള്‍ക്കോ മറുപടി പറയേണ്ടി വന്നോ? നാലുവരി പ്രസ്താവന കൊണ്ടെങ്കിലും സംഘ് പരിവാറിനെ തള്ളിപ്പറയാന്‍ നിങ്ങള്‍ക്കൊക്കെ കഴിയാതിരിക്കുമ്പോഴും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടില്ല അതാണ് പ്രിവിലേജ്....

അവസാനമായി ഒന്ന് കൂടെ പറയട്ടെ ശ്രീജ എന്ന പേര് പോലും എനിക്കിന്ന് അപമാനമായി തോന്നുന്നു... ആ പേരില്‍ ഞാനനുഭവിക്കുന്ന പ്രിവിലേജ് കാരണം തലകുനിഞ്ഞു പോകുന്നു...

ഹിന്ദു മത വിശ്വാസികളേ, സന്യാസീ സമൂഹമേ ഹിന്ദു മതത്തിന്റെ പേരില്‍ നിരന്തരം അരക്ഷിതാവസ്ഥയില്‍പെട്ടുഴലുന്ന മുസ്ലിം സമൂഹത്തിന് മുന്നില്‍ കൈകൂപ്പി മാപ്പ് ചോദിക്കാനെങ്കിലും നിങ്ങള്‍ തയ്യാറായില്ലെങ്കില്‍ കാലം നിങ്ങള്‍ക്ക് പൊറുത്തു തരില്ല.

DOWNLOAD MALAYALAM NEWS APP

 

 

Latest News