Sorry, you need to enable JavaScript to visit this website.

ആളുകളെ തല്ലാന്‍ ജയ് ശ്രീറാം; കൊല്‍ക്കത്ത തെരുവുകളില്‍ അമര്‍ത്യ സെന്നിന്റെ സന്ദേശം

കൊല്‍ക്കത്ത- ആളുകളെ സംഘം ചേര്‍ന്ന് മര്‍ദിക്കാന്‍ ജയ് ശ്രീ റാം മുദ്രാവാക്യം
ഉപയോഗിക്കുന്നതിനെതിരെ നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പശ്ചിമ ബംഗാളില്‍ വലിയ ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടു.

ജയ് ശ്രീറാം വിളി ബംഗാളി സംസ്‌കാരത്തിന് അന്യമാണെന്നും അത് ആളുകളെ തല്ലാനാണ് ഉപയോഗിക്കുന്നതെന്നും  അമര്‍ത്യ സെന്‍ നടത്തിയ പ്രസ്താവനയാണ്  ഫോട്ടോയോടൊപ്പം കൊല്‍ക്കത്ത തെരുകളില്‍ ബില്‍ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടത്.

ജയ് ശ്രീ റാം എന്ന മുദ്രാവാക്യം ഞാന്‍ മുമ്പ് കേട്ടിട്ടില്ല. ഇത് ജനങ്ങളെ തകര്‍ക്കാന്‍ ഉപയോഗിക്കുകയാണ്. ഈ മുദ്രാവാക്യം ബംഗാളിന്റെ സംസ്‌കാരത്തിന് അന്യമാണ്-അദ്ദേഹം പറഞ്ഞു.

ജാദവ്പൂര്‍ സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തിലാണ് അമര്‍ത്യസെന്‍ ഹിന്ദുത്വ ശക്തികള്‍ ജനങ്ങളില്‍ വിഭാഗീയത വളര്‍ത്താനും ന്യൂനപക്ഷങ്ങളെ മര്‍ദിക്കാനും ജയ് ശ്രീറാം ഉപയോഗിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയത്.

തന്റെ നാലു വയസ്സായ പേരമകളോട്  പ്രിയപ്പെട്ട ദേവതയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ മാ ദുര്‍ഗ എന്നാണ് മറുപടി നല്‍കിയതെന്ന സെന്നിന്റെ പരാമര്‍ശവും ബോര്‍ഡിലുണ്ട്. ദുര്‍ഗാ മാതാവിനെ രാമനവമിയുമായി താരതമ്യപ്പെടുത്താനാവില്ലെന്നും അത് ബംഗാളി സംസ്‌കാരത്തിനു ചേര്‍ന്നതല്ലെന്നും അമര്‍ത്യസെന്‍ പറയുന്നു.

പരക്കെ ശ്രദ്ധിക്കപ്പെട്ട ബോര്‍ഡുകള്‍ സ്ഥാപിച്ചതിനു പിന്നില്‍ ആരാണെന്നു വ്യക്തമാക്കുന്നില്ലെങ്കിലും നഗരത്തിലെ പൗരന്മാര്‍ എന്നാണ് ചേര്‍ത്തിരിക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ ഇഷ്ടനിറങ്ങളായ നീലയിലും വെള്ളയിലുമാണ് ബോര്‍ഡുകള്‍ തയാറാക്കിയിരിക്കുന്നത്.

ബോര്‍ഡുകള്‍ സ്ഥാപിച്ചത് തങ്ങളല്ലെന്ന് വ്യക്തമാക്കിയെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനെ സ്വാഗതം ചെയ്തു. പൗരസമൂഹവും ബംഗാള്‍ പൗരന്മാരുമാണ് ബോര്‍ഡുകള്‍ വെച്ചതെന്നും അത് സ്വാഗതാര്‍ഹമാണെന്നും നഗരവികസന, മുനിസിപ്പല്‍ കാര്യ മന്ത്രി ഫിര്‍ഹദ് ഹക്കീം പറഞ്ഞു.

അമര്‍ത്യസെന്‍ ബംഗാളിന്റേയും ഇന്ത്യയുടേയും രത്‌നമാണന്നും ബി.ജെ.പി നേതൃത്വം അതു വിശ്വസിക്കാത്തത് കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങളെ അപഹസിക്കാന്‍ അക്രമോത്സുകമായാണ് ജയ് ശ്രീറാം ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ പല വേദികളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി എത്തിയത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. മമതാ ബാനര്‍ജി രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്. സംസ്ഥാനത്തെമ്പാടും ജയ് ഹിന്ദു, ജയ് ബംഗ്ലാ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പിയുടെ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കുന്നത്.

 

 

Latest News