വരാണസി- ഉത്തർപ്രദേശിലെ ചന്ദൗലിയിൽ രണ്ട് ദിവസം മുമ്പ് ജയ് ശ്രീറാം വിളിക്കാത്തതിന് നാലംഗ സംഘം തീയിട്ട 17 കാരൻ മരിച്ചു. ലഖ്‌നൗവിൽനിന്ന് 350 കി.മി തെക്കുകിഴക്ക് സയ്യദ് രാജ പട്ടണത്തിലെ മുഹമ്മദ് ഖാലിദാണ് ആശുപത്രയിൽ മരിച്ചത്.
നാലു പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പട്ടുവെന്നും വിസമ്മതിച്ചതിനെ തുടർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നുമാണ് മുഹമ്മദ് ഖാലിദ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ ഈ ആരോപണം പോലീസ് നിഷേധിക്കുന്നു. 50 ശതമാനം പൊള്ളലേറ്റ ഖാലിദിനെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് വരാണസിയിലെ സർക്കാർ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ജയ് ശ്രീറാം വിളിക്കാത്തതിനാണ് മകനെ തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് ഖാലിദിന്റെ പിതാവും പറഞ്ഞു.
ഖാലിദ് മൂന്ന് തവണ മൊഴിമാറ്റിയെന്നാണ് ചന്ദൗലി പോലീസ് സൂപ്രണ്ട് സന്തോഷ് കുമാർ സിംഗ് പറയുന്നത്. ജില്ലാ ആശുപത്രിയിൽ വെച്ച് മൊഴി രേഖപ്പെടുത്തിയപ്പോൾ വിരുദ്ധ മറുപടികളാണ് നൽകിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. ബാലൻ സ്വയം തീ കൊളുത്തിയാതാണെന്നും ജനശ്രദ്ധ കിട്ടാൻ വേണ്ടി കഥ മെനഞ്ഞതാണെന്നാണ് പോലീസിന്റെ വാദം.
അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.