ആലപ്പുഴ- വിവാഹ ഷൂട്ടൗട്ടുകൾ നിരവധി ഉണ്ടെങ്കിലും ബി ബി സി യിൽ തങ്ങളുടെ കല്യാണ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ വന്ന ത്രില്ലിലാണ് ആലപ്പുഴയിലെ ദമ്പതികൾ. വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ട് നടത്തണമെന്ന ആഗ്രഹത്തോടെ ഇവർ കുളത്തിൽ വെച്ച് നടത്തിയ ഫോട്ടോ ഷൂട്ടാണ് വീഡിയോ സഹിതം ബി ബി സി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. വീഡിയോ ബി ബി സി തങ്ങളുടെ പ്രധാന എട്ടു വീഡിയോകളിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്. അഭിജിത്ത്- നയന ദമ്പതികളുടെ വിവാഹ ഫോട്ടോഷൂട്ട് വിശേഷങ്ങളാണ് ബി ബി സി ലോകത്തിനു മുന്നിൽ എത്തിച്ചത്. സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ സ്വീകരിച്ച വ്യത്യസ്തമായ ഫോട്ടോഷൂട്ട് പരീക്ഷണങ്ങൾ ദമ്പതികൾ വിശദീകരിക്കുന്നുണ്ട്. ഈ ഭാഗവും ഉൾപ്പെടുത്തി ദമ്പതികളുടെ സംസാര സഹിതമുള്ള വീഡിയോ ആണ് ബി ബി സി പ്രസിദ്ധീകരിച്ചത്. 'ഇന്ത്യയിലെ വൈറൽ വിവാഹ ഫോട്ടോകൾ' എന്ന പേരിൽ തുടങ്ങുന്ന വീഡിയോയിൽ ചിത്രീകരണം വ്യത്യസ്തമാക്കാനുള്ള പുതുതലമുറയുടെ ‘അധ്വാനം’ ബിബിസി വിശദീകരിക്കുന്നുണ്ട്. കൂടാതെ, ഫോട്ടോഷൂട്ടിനു ചെലവഴിച്ച തുക, ഒരുക്കിയ സജ്ജീകരണങ്ങൾ, വ്യത്യസ്തതയ്ക്കായി സ്വീകരിച്ച മാർഗങ്ങൾ, വിവിധയിടങ്ങളിൽ നിന്നു ലഭിച്ച പ്രതികരണം തുടങ്ങിയവയെല്ലാം റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഏതായാലും വൈറലാകാനായി ബുദ്ധിമുട്ടി ചിത്രീകരിച്ച കല്യാണ ഫോട്ടോ ഷൂട്ട് ലോകമാകം പെട്ടെന്ന് വൈറലായതിന്റെ ത്രില്ലിലാണ് അഭിജിത്ത്-നയന ദമ്പതികൾ.