ഏഴ് വർഷത്തെ ഇടവേളക്കു ശേഷം മലയാള സിനിമയുടെ സംവൃത ഭാവം തിരിച്ചെത്തുകയാണ്. പ്രജിത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിൽ ബിജു മേനോന്റെ നായികയായി.
നാൽപതോളം സിനിമകളിൽ അഭിനയിക്കുകയും പ്രേക്ഷകർക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിക്കുകയും ചെയ്ത സംവൃത സുനിൽ കുടുംബ ജീവിതത്തിന്റെ തിരശ്ശീലയുടെ പിന്നിലേക്ക് മാറിയത് ഏഴ് വർഷം മുമ്പാണ്. സോഫ്റ്റ്വെയർ എൻജിനീയറായ ഭർത്താവ് അഖിൽ ജയരാജിനും മകൻ അഗസ്ത്യക്കുമൊപ്പം അമേരിക്കയിൽ സന്തുഷ്ടമായ കുടുംബ ജീവിതം. ഇതിനിടയിലാണ് മലയാള സിനിമയിൽനിന്ന് ആകസ്മികമായി വീണ്ടും വിളിയെത്തുന്നതും സംവൃത സമ്മതം മൂളുന്നതും.
കലാപാരമ്പര്യത്തിന്റെ മഹിമയും യുവജനോത്സവത്തിന്റെ വിജയപ്പട്ടവുമില്ലാതെ മലയാള സിനിമയിലേയ്ക്കു കടന്നുവന്ന നായികയായിരുന്നു സംവൃത. ലാൽജോസിന്റെ രസികൻ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച ഈ ഉത്തര മലബാറുകാരി പിന്നീട് മലയാളത്തിലെ മിക്ക നായകരുടെയും നായികാപട്ടം അലങ്കരിച്ചു. നല്ല ഉയരവും വട്ടമുഖവും പൊടിപ്പല്ലുകൾ കാട്ടിയുള്ള ചിരിയിലെ ലാളിത്യവുമെല്ലാം ഈ നടിയെ മലയാളിയുടെ ഇഷ്ടക്കാരിയാക്കി. നാൽപതോളം മലയാള ചിത്രങ്ങളിലും തമിഴിലും തെലുങ്കിലും ഓരോ ചിത്രത്തിലും വേഷമിട്ട സംവൃത കുടുംബ ജീവിതത്തിലേയ്ക്കു പ്രവേശിച്ചിട്ട് ഏഴു വർഷം പിന്നിട്ടു.
കണ്ണൂർ ജില്ലയിലെ ചാലാട്ട് സുനിൽ കുമാറിന്റെയും സാധനയുടെയും മൂത്ത മകളായ സംവൃത എറണാകുളം സെന്റ് തെരേസാസ് കോളേജിൽനിന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലാണ് ബിരുദം നേടിയത്. പിന്നീട് അണ്ണാമല യൂനിവേഴ്സിറ്റിയിൽനിന്നും മാസ്റ്റർ ബിരുദവും നേടിയ ശേഷമാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തുന്നത്. കുടുംബ സുഹൃത്തു കൂടിയായ സംവിധായകൻ രഞ്ജിത്തിന്റെ നിർദേശമനുസരിച്ചാണ് ലാൽജോസ് രസികനിലേയ്ക്കു ക്ഷണിക്കുന്നത്. രസികനിൽ പാർവ്വതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സംവൃത ചന്ദ്രോത്സവത്തിലെ മാളവികയായി മോഹൻലാലിനൊപ്പവും, നേരറിയാൻ സി.ബി.ഐ എന്ന ചിത്രത്തിൽ മൈഥിലിയെ അവതരിപ്പിച്ച് മമ്മൂട്ടിയ്ക്കൊപ്പവും വേഷമിട്ടു. നോട്ടത്തിലെ ഗൗരിയും,വാസ്തവത്തിലെ സുരഭിയും അറബിക്കഥയിലെ മായയും ചോക്ലേറ്റിലെ നന്ദനയും കോക്ടെയിലിലെ പാർവ്വതിയും മാണിക്യക്കല്ലിലെ ചാന്ദ്നിയും ഡയമണ്ട് നെക്ലേസിലെ മായയും അരികെയിലെ കൽപനയും അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ സൈനുവുമെല്ലാം സംവൃത അനശ്വരമാക്കിയ വേഷങ്ങളായിരുന്നു. ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിംഗ്സ് എന്ന ചിത്രത്തിലെ അഭിരാമിയെ അവതരിപ്പിച്ച് സിനിമാ രംഗത്തുനിന്നും വിട പറഞ്ഞ സംവൃത അമേരിക്കയിൽ എൻജിനീയറായ അഖിൽ ജയരാജിനെ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിച്ചുവരികയായിരുന്നു. അഗസ്ത്യ അഖിൽ എന്ന നാലു വയസ്സുകാരന്റെ അമ്മ കൂടിയാണ് സംവൃത.
മഴവിൽ മനോരമയിലെ നായികാ നായകൻ എന്ന റിയാലിറ്റി ഷോയുടെ വിധികർത്താവായി വീണ്ടും മിനി സ്ക്രീനിലെത്തിയ സംവൃത, പ്രജിത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിൽ ബിജു മേനോന്റെ നായികയായ ഗീതയായി വീണ്ടും സിനിമയിലെത്തുകയാണ്.
ഏഴു വർഷങ്ങൾക്കു ശേഷം വളരെ അവിചാരിതമായാണ് സിനിമയിലേക്കുള്ള മടങ്ങിവരവെന്ന് സംവൃത പറയുന്നു. ബിജു മേനോനാണ് വിളിച്ചത്. നായികയാകാമോ എന്നായിരുന്നു ചോദ്യം. ഭർത്താവ് അഖിലിന്റെ സമ്മതം തേടിയപ്പോൾ ഓകെ. മകൻ അഗസ്ത്യ പ്ലേ ക്ലാസിൽ പോയിത്തുടങ്ങിയിരുന്നു. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. സമ്മതം മൂളുകയായിരുന്നു.
കുടുംബ ജീവിതമെന്ന ചട്ടക്കൂടിൽ വളരെ ഒതുങ്ങിക്കഴിഞ്ഞ നാളുകൾ. ഭർത്താവും മകനുമൊത്തുള്ള ജീവിതം. ഇതിനിടയിൽ വീണ്ടും സിനിമയിൽ ഓഫറുകൾ വരുമെന്ന് ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു. ആരും വിളിച്ചതുമില്ല. ചിത്രീകരണം തുടങ്ങി. ഉടനെത്തണം എന്ന് ബിജു ചേട്ടൻ പറഞ്ഞപ്പോൾ വേഗം പുറപ്പെട്ടു. വടക്കൻ സെൽഫിക്ക് ശേഷം പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രം. തിരക്കഥാകൃത്തായ സജീവ് പാഴൂരാകട്ടെ തൊണ്ടിമുതലിനു ശേഷം ഒരുക്കുന്ന ചിത്രം. എന്തായാലും വേഷം മോശമാവില്ലെന്ന് മനസ്സിനെ പാകപ്പെടുത്തി.
ചിത്രീകരണം തുടങ്ങി പതിനഞ്ചു ദിവസം കഴിഞ്ഞാണ് ലൊക്കേഷനിലെത്തുന്നത്. കഥാപാത്രമായ ഗീതയെക്കുറിച്ച് സംവിധായകനും തിരക്കഥാകൃത്തും കൃത്യമായി പറഞ്ഞുതന്നതിനാൽ എളുപ്പമായി. വാർക്കപ്പണിക്കാരുടെ ജീവിതമാണിത്. മാഹിക്കും തലശ്ശേരിക്കുമിടയിലെ ഒരു ഗ്രാമത്തിലായിരുന്നു ചിത്രീകരണം. ചെങ്കല്ലുകൊണ്ടു പണിത സിമന്റ് പൂശാത്ത ആ വീട്ടിൽ ഒരു മണിക്കൂർ ചെലവിട്ടപ്പോൾ തന്നെ ഞാൻ ഗീതയായി.
ബിജു ചേട്ടനുമായി നേരത്തെ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും നായികയാകുന്നത് ആദ്യമായിട്ടാണ്. നല്ല സഹകരണമായിരുന്നു അദ്ദേഹത്തിൽനിന്നും ലഭിച്ചത്. പോരാത്തതിന് സംയുക്ത ചേച്ചിയുമായി സംസാരിക്കാൻ ബിജു ചേട്ടൻ അവസരം ഒരുക്കിയിരുന്നു. അവർ ഇടയ്ക്കു വിളിച്ച് കാര്യങ്ങളെല്ലാം തിരക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
തിരിച്ചുവരവിൽ മലയാള സിനിമയ്ക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് സംവൃത പറയുന്നു. എങ്കിലും സിനിമ കുറച്ചുകൂടി സൂക്ഷ്മമായോ എന്നു സംശയം. ചിത്രത്തിലെ ഗീത ഒരു നാടൻ വീട്ടമ്മയാണ്. അതുകൊണ്ടു തന്നെ പുരികമൊന്നും ത്രെഡ് ചെയ്തിരുന്നില്ല. സാരിയാണ് വേഷം. പണ്ടത്തെപ്പോലെയല്ല, സിനിമ കുറച്ചുകൂടി യാഥാർത്ഥ്യത്തിലേയ്ക്കു നീങ്ങിയെന്നു തോന്നി. കമിതാക്കളുടെ സ്വപ്നം കാണലും അമേരിക്കയിൽ പോയി നൃത്തം ചെയ്യലുമെല്ലാം പഴഞ്ചനായെന്നു തോന്നുന്നു.
ആരാധിച്ചിരുന്ന നടന്മാരോടൊപ്പമെല്ലാം അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് ഭാഗ്യം. ജഗതിച്ചേട്ടനും നെടുമുടി ചേട്ടനും ലളിതച്ചേച്ചിക്കുമൊപ്പമെല്ലാം വേഷമിട്ടു. ചന്ദ്രോത്സവത്തിൽ ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ അഭിനയം കണ്ട് സ്വയം മറന്നുനിന്നിട്ടുണ്ട്. ഡയലോഗു പോലും മറന്നുപോയ സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. പോത്തൻവാവയിൽ മമ്മൂക്കയോട് കയർത്ത് സംസാരിക്കുമ്പോൾ സത്യത്തിൽ നല്ല പേടിയുണ്ടായിരുന്നു. അത്ഭുതപ്പെടുത്തിയ മറ്റൊരു നടൻ ഫഹദാണ്. ഡയമണ്ട് നെക്ലേസിലെ മായയെ ഭംഗിയാക്കാൻ സഹായിച്ചത് ഫഹദാണ്. ഫഹദ് ഒരിക്കലും അഭിനയിക്കുകയായിരുന്നില്ല. റിയാക്ട് ചെയ്യുകയായിരുന്നു.
പഴയ കാലത്തെ ഓർമകൾ ഇപ്പോഴും മനസ്സിലെത്തുന്നു. കൂട്ടുകാരായി വേഷമിട്ട ഒട്ടേറെ ചിത്രങ്ങൾ. ത്രീ കിംഗ്സും ചോക്ലേറ്റും മിന്നാമിന്നിക്കൂട്ടവും 101 വെഡ്ഡിംഗ്സുമെല്ലാം കൂട്ടുകെട്ടിന്റെ ചിത്രങ്ങളായിരുന്നു. ഞങ്ങൾ ശരിക്കും ആസ്വദിച്ച് അഭിനയിച്ച ചിത്രങ്ങൾ. ആ ചങ്ങാത്തം ഞങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. നിരവധി പാഠങ്ങളാണ് സിനിമയിൽ പഠിക്കാനായത്. ആത്മവിശ്വാസവും ധൈര്യം പകർന്നുകിട്ടിയത് സിനിമയിൽനിന്നാണ്. ഉള്ള കാര്യം മുഖത്തു നോക്കി പറയാൻ പഠിച്ചു. കുട്ടിക്കാലത്ത് വളരെ നാണംകുണുങ്ങിയായി സദസ്സുകളിൽനിന്നും വഴിമാറി നടന്ന കാലം. ഇതെല്ലാം മാറ്റിയത് സിനിമാഭിനയമായിരുന്നു. കണ്ണൂർ ഭാഷ പോലും മറന്നുപോയി. വീട്ടിലെത്തുമ്പോൾ മാത്രമേ കണ്ണൂർ ഭാഷ വരൂ എന്നായി.
ആദ്യ കാലത്തെ സിനിമകൾ പലതും പരാജയപ്പെട്ടപ്പോൾ വിഷമം തോന്നി. ആദ്യ ചിത്രമായ രസികൻ പോലും പരാജയമായിരുന്നു. പിന്നീട് വന്ന അച്ഛനുറങ്ങാത്ത വീടും പുലിജന്മവുമൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. നോട്ടത്തിലെ പച്ചപ്പനം തത്തേ എന്ന ഗാനം ഹിറ്റായെങ്കിലും സിനിമ വിജയത്തിലെത്തിയില്ല. മാറ്റത്തിന്റെ കാറ്റു വീശിയത് അറബിക്കഥയിലൂടെയായിരുന്നു. തുടർന്നുവന്ന ചോക്ലേറ്റും ഹിറ്റായി. റോബിൻ ഹുഡും മിന്നാമിന്നിക്കൂട്ടവും ഹാപ്പി ഹസ്ബന്റ്സും കോക്ടെയ്ലും മാണിക്യക്കല്ലും ഡയമണ്ട് നെക്ലേസുമെല്ലാം വിജയ ചിത്രങ്ങളുടെ തുടർച്ചയായിരുന്നു. പിന്നീട് പരാജയങ്ങളുടെ രുചിയറിഞ്ഞിട്ടില്ല.
അഭിനയത്തിന്റെ തിരക്കുകളിൽനിന്ന് നേരെയെത്തിയത് കുടുംബ ജീവിതത്തിൽ. അമേരിക്കയിലേയ്ക്കുള്ള കൂടുമാറ്റം. അമേരിക്കയിലെത്തിയിട്ട് ഏഴു വർഷം കഴിഞ്ഞത് അറിഞ്ഞതേയില്ല. ഇവിടെയും ജീവിതം രസകരമായി മുന്നോട്ടു പോയി. ഭർത്താവും മകനുമൊത്തുള്ള നല്ല നിമിഷങ്ങൾ.
അമേരിക്കയിൽ എല്ലാവരും പരസ്പരം ബഹുമാനിക്കുന്നു. ആരും മറ്റൊരാളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല. പല നാട്ടിൽനിന്നും ഇവിടെയെത്തിയവർ. അവർക്കിടയിൽ അവരിലൊരാളായി ഞങ്ങളും. നല്ല വേഷങ്ങൾ ലഭിക്കുകയാണെങ്കിൽ ഇനിയും അഭിനയിക്കുമെന്നും സംവൃത കൂട്ടിച്ചേർക്കുന്നു.