Sorry, you need to enable JavaScript to visit this website.

മോഡി വന്നശേഷം പശുഭീകരത രൂക്ഷമായി; കൊല്ലപ്പെട്ടത് 28 പേർ

ഇന്ത്യയുടെ നിലവിളി, ദാദ്രിയുടെ നൊമ്പരം

ന്യൂഡല്‍ഹി- ഏഴു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ബീഫിന്‍റെ പേരില്‍ അരങ്ങേറിയ കൊലപാതകങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെട്ടത് മുസ് ലിംകള്‍. 2010-നും 2017-നുമിടയില്‍ ബീഫിനെ ചൊല്ലിയുണ്ടായ അതിക്രമങ്ങളിലും ആക്രമണങ്ങളിലും ഇരകളാക്കപ്പെട്ടവരില്‍ 51 ശതമാനവും 63 വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ട 28 ഇന്ത്യക്കാരില്‍ 86 ശതമാനവും മുസ്ലിംകളാണെന്ന് ഔദ്യോഗിക വിവരങ്ങളെ ഉദ്ധരിച്ച് ഡാറ്റ പോര്‍ട്ടലായ ഇന്ത്യസ്‌പെന്‍ഡ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

പശു ഭീകരത വീണ്ടും; ഗൃഹനാഥനെ മര്‍ദിച്ചു, വീടിനു തീയിട്ടു

ഈ ആക്രമണങ്ങളില്‍ 97 ശതമാനവും അരങ്ങേറിയത് 2014 മേയില്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷമാണ്. പശുവിനെ ചൊല്ലിയുള്ള 32 ആക്രമണ സംഭവങ്ങളും നടന്നിട്ടുള്ളത് മോഡിയുടെ പാര്‍ട്ടിയായ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും ഔദ്യോഗിക വിവരങ്ങള്‍ ശേഖരിച്ച് ഇന്ത്യസ്‌പെന്‍ഡ് നടത്തിയ വിശകലനം വ്യക്തമാക്കുന്നു.

 

ഏഴു വര്‍ഷത്തിനിടെ ഇത്തരം സംഭവങ്ങളില്‍ കൊല്ലപ്പെട്ട 28 ഇന്ത്യക്കാരില്‍ 24 പേര്‍ മുസ്ലിംകളാണ്. 124 പേര്‍ക്ക് ഈ ആക്രമണങ്ങളില്‍ പരിക്കേറ്റിട്ടുമുണ്ട്. ഇത്തരം സംഭവങ്ങളിലേറെയും നടന്നത് വ്യാപകമായ ഊഹാപോഹ പ്രചാരണങ്ങളുടെ ഫലമായിരുന്നു. ദേശീയ, സംസ്ഥാന തല ക്രൈം റെക്കോര്‍ഡുകളില്‍ രേഖപ്പെടുത്തപ്പെട്ട ആക്രമണ സംഭവങ്ങളില്‍ പശുവുമായി ബന്ധപ്പെട്ട് മാത്രം നടന്ന അതിക്രമങ്ങളെ വേറിട്ട് രേഖപ്പെടുത്തുന്നില്ല. ഈ രേഖയ്ക്കു പുറമെ വാര്‍ത്തകളെ കൂടി വിശകലനം ചെയ്താണ് ഇന്ത്യസ്‌പെന്‍ഡ് ഈ കണക്കെടുപ്പ് നടത്തിയത്.

 

ഏഴു വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും രൂക്ഷമായ സംഭവങ്ങള്‍ അരങ്ങേറിയത് 2017-ലാണ്. ഈ വര്‍ഷം പകുതി പിന്നിട്ടപ്പോഴേക്കും പശുവിനെ ചൊല്ലി 20 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതായത് 2016-ല്‍ അരങ്ങേറിയതിന്റെ 75 ശതമാനം വരുമിത്.

 

ആള്‍ക്കുട്ട ആക്രമണം, ഗോസംരക്ഷകരുടെ ആക്രമണം, കൊലപാതകം, കൊലപാതക ശ്രമം, പീഢനം, കൂട്ടബലാല്‍സംഗം എന്നിങ്ങനെ പോകുന്നു അതിക്രമങ്ങള്‍. ഇക്കൂട്ടത്തില്‍ രണ്ട് സംഭവങ്ങളില്‍ ഇരകളെ കെട്ടിയിട്ട് നഗ്നരാക്കി അടിക്കുകയും മറ്റു രണ്ടു സംഭവങ്ങളില്‍ ഇരകളെ തൂക്കുകയുമാണ് ഭീകരര്‍ ചെയ്തത്. ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശാണ് മുന്നില്‍. ഇവിടെ 10 സംഭവങ്ങള്‍ അരങ്ങേറി. ഹരിയാന (9), ഗുജറാത്ത് (6), കര്‍ണാടക (6), മധ്യപ്രദേശ് (4), ദല്‍ഹി (4), രാജസ്ഥാന്‍ (4) എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

 

ദക്ഷിണേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമായി ഇത്തരം അതിക്രമങ്ങള്‍ ഏറ്റവും കുറവ് (13) മാത്രമെ സംഭവിച്ചിട്ടുള്ളൂ. ഇതില്‍ പകുതിയോളം കര്‍ണാടകയില്‍ മാത്രമാണ് സംഭവിച്ചത്.

 

 

Latest News