കോവളം- കാസർകോട് ജലപാതയുടെ ഒന്നാംഘട്ട നവീകരണ പ്രവർത്തനം 2020 മെയ് മാസത്തിൽ പൂർത്തിയാക്കും. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടക്കുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കേരള വാട്ടർവേയ്സ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (ക്വിൽ) ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ജലപാതയെ കൂടുതൽ നഗരങ്ങളുമായി ബന്ധപ്പെടുത്താനും തീരുമാനമായി.
സംസ്ഥാന സർക്കാരും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും സംയുക്തമായി രൂപവത്ക്കരിച്ച ക്വില്ലിന്റെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകൾ ചേർന്നാണ് ജലപാതയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 2020 മെയ് മാസത്തോടെ ഒന്നാംഘട്ടം പൂർത്തിയാകും. കൂടുതൽ നഗരങ്ങളെ ജലപാതയുമായി ബന്ധപ്പെടുത്തും. ഇതിന്റെ ഭാഗമായി തൃശ്ശൂർ നഗരത്തിലെ വഞ്ചിക്കുളത്ത് നിന്ന് ഏനമാവുവരെയുള്ള 17 കിലോമീറ്റർ ഭാഗം വികസിപ്പിക്കുകയും ദേശീയ ജലപാതയുമായി ബന്ധപ്പെടുത്തുകയും ചെയ്യും. കോഴിക്കോട് കനോലി കനാലും തിരുവനന്തപുരത്ത് പാർവതി പുത്തനാറും പുനരുദ്ധരിക്കുന്ന പ്രവർത്തനങ്ങൾ നടന്നവരികയാണ്. അഞ്ച് പതിറ്റാണ്ടിന് ശേഷം ആദ്യമായി പാർവതി പുത്തനാറിൽ ഇക്കഴിഞ്ഞയാഴ്ച ബോട്ട് ഓടിച്ചു. കോട്ടപ്പുറം-ചേറ്റുവ ഭാഗം വൃത്തിയാക്കുകയും ബോട്ട് ഓടിക്കുകയും ചെയ്തു. കനോലി കനാലിൽ ഗതാഗത സജ്ജമാകുന്ന മുറയ്ക്ക് ഇവിടേയും ബോട്ടിറക്കും. ജലപാതയുടെ നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ നിർവഹിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
ക്വിൽ മാനേജിങ് ഡയറക്ടർ കൂടിയായ വി.ജെ. കുര്യൻ, ജനറൽ മാനേജർ ജോസ് തോമസ്, കമ്പനി സെക്രട്ടറി സജി കെ.ജോർജ്, ഉൾനാടൻ ജലഗതാഗത വകുപ്പ് ചീഫ് എൻജിനീയർ എസ്. സുരേഷ് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.