അശാസ്ത്രീയമായ പദ്ധതികള്‍ നഷ്ടപ്പെടുത്തുന്നത് പണവും അധ്വാനവും
ന്യൂദല്‍ഹി- കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി കോടികള്‍ ചെലവഴിക്കപ്പെടുന്നുവെങ്കിലും അവയുടെ പ്രയോജനം സംസ്ഥാനങ്ങള്‍ക്കോ ജനങ്ങള്‍ക്കോ ലഭ്യമാകുന്നില്ലെന്ന് പഠനം. എട്ടു വര്‍ഷത്തിനിടെ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായി കേന്ദ്രം മാറ്റിവെച്ചത് 14 ലക്ഷം കോടി രൂപയാണെങ്കിലും അതിന്റെ പകുതിപോലും ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പ്രധാന് മന്ത്രി ആവാസ് യോജന, സര്‍വ്വശിക്ഷാ അഭിയാന്, ഉച്ചഭക്ഷണം, പ്രധാന് മന്ത്രി ഗ്രാമ സഡക് യോജന, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സ്വച്ഛ് ഭാരത് മിഷന് എന്നീ ആറ് സുപ്രധാന കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ മൊത്തം വിഭവത്തിന്റെ 40 ശതമാനം പോലും രാജ്യത്തെ ദരിദ്ര ജില്ലകള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് 2016-17 സാമ്പത്തിക സര്‍വേ വിശകലനം ചൂണ്ടിക്കാട്ടിയിരുന്നു.
മെച്ചപ്പെട്ട കാര്യനിര്‍വഹണ ശേഷിയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രാവിഷ്കൃത ഫണ്ടുകളുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാന്‍ കഴിഞ്ഞെങ്കിലും വിഭവങ്ങള്‍ തെറ്റായി വിനിയോഗിക്കപ്പെടുകയാണെന്നു വ്യക്തമാകുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത പദ്ധതികള്‍ രൂപകല്പന ചെയ്യുന്നതോടെ, പദ്ധതിയുടെ യഥാര്‍ഥ പ്രയോജനം ലഭിക്കാതെ പോകുന്നു.
ഈ സങ്കീര്ണാവസ്ഥയെത്തുടര്ന്ന് പദ്ധതികള്‍ പുനര്‍നിര്‍വചിക്കാനും ഫലപ്രദമാക്കാനും ചില നടപടികള്‍ കേന്ദ്രം കൈക്കൊണ്ടിരുന്നു. ഇതിനായി നീതി ആയോഗിന്റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിമാരുടെ ഒരു കമ്മിറ്റി രൂപീകരിച്ചു. എന്നിട്ടും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായില്ലെന്നതാണ് അനുഭവം. പദ്ധതികള്‍ പുനഃക്രമീകരിച്ചതിലെ അശാസ്ത്രീയതയായിരുന്നു കാരണം. പദ്ധതികളുടെ വിശദാംശങ്ങളില്‍ മാറ്റമുണ്ടായില്ല. പദ്ധതികളുടെ രൂപകല്‍പ്പനയിലോ നടപ്പാക്കലിലോ മാറ്റമൊന്നും ഉണ്ടായില്ല. പദ്ധതികളുടെ നിലവിലെ രൂപത്തില്‍ പൂര്‍ണമായ മാറ്റങ്ങള്‍ വരുത്തിയാലേ യഥാര്‍ത്ഥ മാറ്റം ദൃശ്യമാകൂ.
അതത് സംസ്ഥാന സര്‍ക്കാരുകള്‍ തയാറാക്കിയതും കേന്ദ്രം അംഗീകരിക്കുന്നതുമായ വികസന പദ്ധതികളെ അടിസ്ഥാനമാക്കിയാണ് ഇത്തരം പദ്ധതികള്‍ക്ക് ഫണ്ട് നിര്‍ണയിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണനകളും സംസ്ഥാനം ആഗ്രഹിക്കുന്ന ആവശ്യങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍ സാധാരണമാണ്. പണം കേന്ദ്രത്തില്‍നിന്ന് വരുന്നതിനാല്‍ കേന്ദ്ര മുന്‍ഗണനകള്‍ക്കു തന്നെയാണ് ആധിപത്യം.
പദ്ധതികള്‍ രൂപകല്പന ചെയ്തിരിക്കുന്നത് കേന്ദ്രമാണെങ്കിലും നടപ്പാക്കല്‍ സംസ്ഥാന, തദ്ദേശ സര്‍ക്കാരുകളാണ്. മിക്ക പദ്ധതികളും കര്‍ശനമായ മാര്‍ഗനിര്‍ദ്ദേശങ്ങളുമായാണ് വരുന്നത്. ഇത് നടപ്പാക്കുന്നതില്‍ കാര്യനിര്‍വഹണ ശേഷി കുറഞ്ഞ സംസ്ഥാനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഉദാഹരണമായി ആരോഗ്യ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് നിശ്ചിത ജനസംഖ്യാ മാനദണ്ഡം ആരോഗ്യ മിഷന് ഏര്‍പ്പെടുത്തിയപ്പോള്‍ ദേശീയ ശരാശരിയേക്കാള്‍ ജനസാന്ദ്രത കുറവുള്ള രാജസ്ഥാന്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ സഹായം ലഭിക്കാതെ പോയി.
സ്കീമുകളുടെ എണ്ണം കുറച്ചും ഫണ്ട് കൂട്ടിയും കേന്ദ്ര പദ്ധതികള്‍ക്ക് പുതിയ രൂപം നല്‍കണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. നിരവധി സ്കീമുകള്‍ക്ക് ഒട്ടേറെ പണം ചിലവഴിക്കുന്നത് ഒഴിവാക്കി ആവശ്യമുള്ള സ്കീമുകള്‍ക്കു മാത്രം പണം നല്കാന് ഇതിലൂടെ സാധിക്കും. സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് പരിശോധിക്കുകയും അതിനായി നീക്കിവെക്കാന്‍ സര്‍ക്കാരുകളുടെ കയ്യില്‍ പണമുണ്ടോ എന്നു മനസ്സിലാക്കി പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും ജനസംഖ്യാടിസ്ഥാനത്തില്‍ സ്കീമുകളും ഫണ്ടുകളും നിശ്ചയിക്കാതെ സംസ്ഥാനങ്ങളുടെ ആവശ്യം അറിഞ്ഞു പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.