ചെന്നൈ-മകളുടെ വിവാഹത്തെ ചൊല്ലി പ്രശസ്ത കര്‍ണാടക സംഗീതഞ്ജയും പിന്നണി ഗായികയുമായ സുധാ രഘുനാഥനെതിരെ സൈബര്‍ ആക്രമണം. വംശീയാധിക്ഷേപവും മതഭ്രാന്തും ഉയര്‍ത്തിയാണ് സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണം നടക്കുന്നത്.
ആഫ്രിക്കന്‍-അമേരിക്കന്‍ പൗരനായ മൈക്കിള്‍ മുര്‍ഫിയുമായാണ് സുധയുടെ മകള്‍ മാളവിക രഘുനാഥന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
ജൂലൈ 24 ന് ചെന്നൈയില്‍ വച്ചാണ് വിവാഹം. വിവാഹ റിസപ്ഷന്റെ ക്ഷണക്കത്ത് പ്രചരിച്ചതിന് പിന്നാലെ സുധയ്ക്ക് നേരെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തുകയായിരുന്നു.
സുധയും കുടുംബവും മതം മാറിയെന്നാണ് പ്രധാന ആരോപണം. വരനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചാണ് മറ്റൊരു വിഭാഗം രംഗത്തെത്തിയത്.
സുധ രഘുനാഥന്റെ മകള്‍ മാളവിക ക്രിസ്ത്യന്‍ മതം സ്വീകരിച്ചുവെന്നും അതോടെ ഹിന്ദു സഭകളിലും ക്ഷേത്രങ്ങളിലും സുധ രഘുനാഥനെ പാടാന്‍ അനുവദിക്കില്ലെന്നുമാണ് വിദ്വേഷ പ്രചരണങ്ങളുമായെത്തുന്നവര് പറയുന്നത്.
നിരവധിപേര്‍ സുധ രഘുനാഥനെ പിന്തുണക്കുന്നുണ്ട്. അവരുടെ മകളുടെ വിവാഹക്കാര്യം അവരുടെ കുടുംബകാര്യമാണ് നമുക്കതിലെന്താണ് കാര്യമെന്ന് ഒരാള്‍ ചോദിച്ചു. സുധ രഘുനാഥന്റെ മകള്‍ എന്നതിലുപരി അവര്‍ സ്വതന്ത്രയായ ഒരു വ്യക്തിയാണ്. അവര്‍ക്ക് അവരുടേതായ തീരുമാനം എടുക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട് എന്നും നിരവധി പേരെഴുതിയിട്ടുണ്ട്.