മുംബൈ- ആമിർ ഖാനും കരീന കപൂർ ഖാനും ആറു വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു.'ലാൽ സിങ് ചദ്ദ'എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചിത്രം സംവിധാനം ചെയ്ത അദ്വൈത് ചന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ടോം ഹാങ്ക്സ് നായകനായ 'ഫോറസ്റ്റ് ഗമ്പ്' എന്ന ഹോളിവുഡ് ചിത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ലാൽ സിങ് ചദ്ദ ഒരുക്കുന്നത്. ഇന്ത്യൻ പ്രേക്ഷകർക്ക് ഇണങ്ങുന്ന രീതിയിൽ ഫോറസ്റ്റ് ഗമ്പ് സൃഷ്ടിച്ചെടുക്കുക എന്നത് ഞങ്ങളിൽ പലരുടെയും ദീർഘ കാലത്തെ സ്വപ്നമാണ് - വയ കോം മോഷൻ പിക്ചേഴ്സ് സി.ഒ.ഒ. അജിത് ആന്ദ്രെ പറയുന്നു. വയ കോം പിക്ചേഴ്സും ആമിർ ഖാൻ പ്രോഡക്ഷനും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.
ഹോളിവുഡിലെ പാരാമൗണ്ട് പിക്ചേഴ്സുമായി ചേർന്നാണ് ചിത്രം നിർമിക്കുക. പാരാമൗണ്ട് പിക്ചേഴ്സ് സി.ഒ.ഒ ആൻഡ്രൂ ഗംപെർട്ട്, പങ്കാളിയാകുന്നതിൽ താൽപര്യമറിയിച്ചിട്ടുണ്ട്. കാലാതീതമായ ഒരു കഥ പുതിയ തലമുറയിലെ പ്രേക്ഷകരിലേക്കും എത്തിക്കുന്നത് ആവേശകരമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
വിൻസ്റ്റൺ ഗ്രൂം 1986- ൽ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കി 1994 ൽ ഇറങ്ങിയ ഹോളിവുഡ് കോമഡി ചിത്രമാണ് ഫോറസ്റ്റ് ഗമ്പ്. ഇരുപതാം നൂറ്റാണ്ടിൽ യു.എസിലുണ്ടായ ചരിത്രപരമായ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും അറിയാതെ അവ സ്വാധീനിക്കുകയും ചെയ്യുന്ന ഫോറസ്റ്റ് ഗമ്പ് എന്ന അലബാമക്കാരനായ ഒരാളുടെ കഥയാണ് ഇത് പറയുന്നത്. റോബർട്ട് സെമെക്കിസാണ് ചിത്രം സംവിധാനം ചെയ്തത്.