മാതൃത്വത്തിന്റെ മഹനീയ സാന്നിധ്യമായി മലയാള സിനിമയിൽ നിറഞ്ഞുനിന്ന ഒട്ടേറെ വ്യക്തിത്വങ്ങളുണ്ട്. കവിയൂർ പൊന്നമ്മയും സുകുമാരിയും കെ.പി.എ.സി. ലളിതയും ആറന്മുള പൊന്നമ്മയും കെ.ആർ. വിജയയും ഷീലയും ശാരദയുമെല്ലാം അക്കൂട്ടത്തിലുണ്ട്. പുതിയ കാലത്തെ അമ്മമാരായി ആശ ശരത്തും ഉർവ്വശിയും ലെനയും ശോഭ മോഹനുമെല്ലാം തിളങ്ങിനിൽക്കുകയാണ്. അവർക്കിടയിലേയ്ക്കാണ് ഒരു യമണ്ടൻ പ്രേമകഥയിലൂടെ വിജി രതീഷ് എത്തുന്നത്. ആദ്യചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദുബായിൽനിന്നുമെത്തിയ ഈ കണ്ണൂരുകാരി. ആദ്യ ചിത്രത്തിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണവർ.
യമണ്ടനിലേയ്ക്കുള്ള വഴി?
ദുബായിലെ ഒരു എൻ.എം.സി കമ്പനിയിൽ ബിസിനസ് ഡവലപ്‌മെന്റ് മാനേജരായി ജോലി നോക്കുന്ന ഭർത്താവ് രതീഷിനും രണ്ടു മക്കൾക്കുമൊപ്പം വർഷങ്ങളായി അവിടെയാണ് താമസം. ഇതിനിടയിലാണ് സിനിമയിൽ അവസരം ലഭിക്കുന്നത്. കുട്ടിക്കാലംതൊട്ടേ സിനിമ മനസ്സിലുണ്ടായിരുന്നെങ്കിലും ഇത്രയും ശക്തമായ ഒരു വരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ കണ്ട് ഒരു ബന്ധുവാണ് വിഷ്ണുവിനെയും ബിബിനെയും സമീപിച്ചത്. ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട അവർ സംവിധായകൻ നൗഫലുമായി സംസാരിച്ചതിനുശേഷമാണ് ഒഡീഷന് ക്ഷണിക്കുന്നത്. കൊച്ചിയിലായിരുന്നു ഒഡീഷൻ. ജീൻസും ടീഷർട്ടുമായിരുന്നു വേഷം. എന്നാൽ അവർ പ്രതീക്ഷിച്ചത് സാരിയും ബ്ലൗസും ധരിച്ചു വരുമെന്നാണ്. കോസ്റ്റ്യൂം ഡിസൈനറായ സമീറ സനീഷാണ് സാരി അണിയാൻ സഹായിച്ചത്. ആ വേഷത്തിൽ കണ്ടപ്പോൾ അവർക്കും ആത്മവിശ്വാസമായി. ചിത്രത്തിലെ പ്രധാന സന്ദർഭം അഭിനയിക്കാൻ പറഞ്ഞു. അഭിനയിച്ചു കാണിച്ചു. മറുപടി അറിയിക്കാമെന്നു പറഞ്ഞു. ദുബായിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് സെലക്ഷനായ വിവരം അറിയുന്നത്.
അഭിനയരംഗത്തെ മുൻപരിചയം?
രണ്ടു വർഷം മുമ്പ് കൊച്ചിയിൽ നടന്ന രാജ്യാന്തര സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയിരുന്നു. വിവാഹിതരായ സ്ത്രീകൾക്കുവേണ്ടി നടത്തിയ സൗന്ദര്യമത്സരത്തിൽ മിസിസ് ഗ്ലോബൽ പട്ടം നേടിയതാണ് വഴിത്തിരിവായത്. അതോടെ സിനിമാ ഓഫറുകൾ വന്നുതുടങ്ങി. ഹരിദാസ് സംവിധാനം ചെയ്ത ഒരു ചിത്രത്തിൽ വേഷമിട്ടിരുന്നുവെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
ദുൽഖറുമൊത്തുള്ള അഭിനയം?
ദുൽഖറുമായി മുൻപരിചയമൊന്നുമുണ്ടായിരുന്നില്ല. ആദ്യത്തെ കോമ്പിനേഷൻ സീനുകൾ കൂടുതലും രഞ്ജി പണിക്കരുമൊത്തായിരുന്നു. കൊമ്പനായി കപ്പിൾസ് എന്നാണ് ഞങ്ങൾ അറിയപ്പെട്ടിരുന്നത്. ചിത്രീകരണം തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ദുൽഖറെത്തിയത്. നല്ല പ്രോത്സാഹനമായിരുന്നു ദുൽഖറിൽനിന്നും ലഭിച്ചത്. നന്നായി അഭിനയിക്കുന്നുണ്ടെന്നും ആദ്യ രംഗങ്ങളെല്ലാം കണ്ടെന്നും പറഞ്ഞതോടെ ആത്മവിശ്വാസമായി. കൂടെ അഭിനയിക്കുമ്പോഴും ഓരോ രംഗവും വിശദമായി പറഞ്ഞുതന്ന് കൂടെനിന്നു. തിരക്കഥാകൃത്തുക്കളായ ബിബിനും വിഷ്ണുവും സംവിധായകൻ നൗഫൽ സാറും നല്ല സഹകരണമാണ് നൽകിയത്. അതോടെ തുടക്കക്കാരി എന്ന ഭയം മാറി.
ദുബായിൽ നടന്ന പത്രസമ്മേളനത്തിൽ ദുൽഖർ പറഞ്ഞ കാര്യങ്ങളും മറക്കാനാവില്ല. 'വിജി എന്റെ അമ്മയായി വേഷമിട്ടെന്നുപറഞ്ഞാൽ ആരും വിശ്വസിക്കില്ല. ലൊക്കേഷനിൽ മേക്കപ്പിലാണ് വിജിയെ എപ്പോഴും കണ്ടിരുന്നത്. എന്നാൽ ഡബ്ബിംഗിന് എത്തിയപ്പോഴാണ് യഥാർത്ഥ വിജിയെ കാണുന്നത്. ശരിക്കും ഞെട്ടിപ്പോയി. അവർ എങ്ങനെയാണ് എന്റെ അമ്മയായി അഭിനയിക്കാൻ തയ്യാറായതെന്ന് സംശയിച്ചു. ഞങ്ങൾ തമ്മിൽ ഒട്ടേറെ കോമ്പിനേഷൻ സീനുകളുണ്ടായിരുന്നു. തുടക്കക്കാരിയായിട്ടും അവർ ആ വേഷം അനായാസമായാണ് അഭിനയിച്ചത്.' വലിയ ഊർജ്ജമായിരുന്നു ആ വാക്കുകൾ നൽകിയത്.
ഭർത്താവായി വേഷമിട്ട രഞ്ജി പണിക്കർ?
ഞങ്ങൾ തമ്മിലായിരുന്നു ഏറെയും കോമ്പിനേഷൻ സീനുകളുണ്ടായിരുന്നത്. സിനിമയിൽ കണ്ടുള്ള പരിചയമല്ലാതെ അടുത്ത പരിചയമില്ലായിരുന്നു. എങ്ങനെ പരിചയപ്പെടണമെന്നായിരുന്നു ആശങ്ക. എന്നാൽ അടുത്ത് പെരുമാറിയപ്പോഴാണ് ഈ രംഗത്ത് പരിചയസമ്പത്തേറെയുണ്ടായിട്ടും യാതൊരു ഭാവവുമില്ലാത്ത മനുഷ്യനാണെന്ന് മനസ്സിലായത്. നല്ല സഹകരണമായിരുന്നു അദ്ദേഹത്തിൽനിന്നും ലഭിച്ചത്.
കുടുംബ പശ്ചാത്തലം?
മൂലകുടുംബം കണ്ണൂരിലാണെങ്കിലും പഠിച്ചതും വളർന്നതുമെല്ലാം മംഗലാപുരത്തായിരുന്നു. വിവാഹ ശേഷമാണ് ദുബായിലെത്തിയത്. എട്ടു വർഷത്തോളം നൃത്തം അഭ്യസിച്ചു. മൂന്നു വർഷം കോളേജിലെ മികച്ച നർത്തകിയുമായി. അബുദാബിയിലെ ഇന്ത്യൻ സോഷ്യൽ സെന്റർ നടത്തിയ മെയ് ക്വീൻ മത്സരത്തിൽ ജേതാവായി. ദുബായ് ഗ്ലോബൽ വില്ലേജ് നടത്തിയ ആദ്യത്തെ സൂപ്പർ മോം മത്സരത്തിലും ജേതാവായിരുന്നു. ഇതിനിടയിൽ ദുബായിലെ ഒരു കപ്പൽശാലയിൽ ക്വാളിറ്റി അഷുറൻസ് മാനേജർ തസ്തികയിലും കുറച്ചുകാലം ജോലി നോക്കി. ജോലി രാജിവച്ചാണ് കൊച്ചിയിൽ നടന്ന മിസിസ് ഗ്ലോബൽ മത്സരത്തിനെത്തിയത്. അബുദാബിയിലെ ഐ.എസ്.സി നടത്തിയ സൗന്ദര്യമത്സരത്തിലും ജേതാവായി.
അമ്മ വേഷത്തിലെ വെല്ലുവിളി?
ഏറെ രസകരമായ ഈ ചിത്രത്തിൽ രണ്ടു ഘട്ടങ്ങളിലായാണ് അഭിനയിച്ചത്. ആദ്യപകുതിയിൽ ഒരു ഇരുപതുകാരിയായ ഒരു ഗർഭിണിയുടെ വേഷമായിരുന്നു. രണ്ടാം പകുതിയിൽ അൻപതുകാരിയായും വേഷമിട്ടു. ഒരു ടോട്ടൽ മേക്ക് ഓവറായിരുന്നു അത്. സ്‌ക്രീനിൽ ശരിക്കും അഭിനയിച്ചു ഫലിപ്പിക്കേണ്ട കഥാപാത്രം. കഴിവിന്റെ പരമാവധി അഭിനയിക്കാൻ കഴിഞ്ഞു എന്നാണ് വിശ്വാസം. സിനിമയിലെ ഒരു നിർണ്ണായക ഘട്ടത്തിൽ നായകന് കരുത്തു പകരുന്നതും അമ്മയാണ്.
സിനിമ പുറത്തിറങ്ങിയപ്പോൾ നല്ല പ്രതികരണമാണ് ലഭിച്ചത്. സിനിമാരംഗത്തുള്ള പലരും വിളിച്ച് അഭിനന്ദിച്ചു. സുഹൃത്തുക്കളും ബന്ധുക്കളുമല്ലാതെ മറ്റെല്ലാവരും ശരിക്കും പ്രായമായ ഒരു സ്ത്രീയായാണ് എന്നെ കണ്ടത്.
കുടുംബത്തിന്റെ പിന്തുണ?
ഭർത്താവിന്റെയും മക്കളുടെയും പിന്തുണ എപ്പോഴുമുണ്ട്. മിസിസ് ഗ്ലോബൽ മത്സരത്തിൽ പങ്കെടുക്കാൻ പത്തു ദിവസത്തോളം കൊച്ചിയിൽ തങ്ങേണ്ടിവന്നു. കൂടാതെ യമണ്ടന്റെ ചിത്രീകരണത്തിലും ഏറെ ദിവസങ്ങൾ കൊച്ചിയിൽ ചെലവഴിക്കേണ്ടിവന്നു. ഇത്തരം അവസരങ്ങളിൽ അവരുടെ പിൻബലം ഏറെയുണ്ടായിട്ടുണ്ട്. മക്കളായ ആദിത്യയും സമ്രീനും അമ്മയുടെ അഭിനയത്തിന് എപ്പോഴും കരുത്തായി കൂടെയുണ്ട്.
പുതിയ ചിത്രങ്ങൾ?
അടി കപ്യാരെ കൂട്ടമണി എന്ന ചിത്രം സംവിധാനം ചെയ്ത ജോൺ വർഗീസിന്റെ പുതിയ ചിത്രത്തിൽ അഭിനയിച്ചുകഴിഞ്ഞു. പ്രായം കുറഞ്ഞ ഒരു മുസ്‌ലിം സ്ത്രീയായാണ് ചിത്രത്തിലെത്തുന്നത്. ആദ്യചിത്രത്തിൽനിന്നും തികച്ചും വ്യത്യസ്തമായ വേഷം. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.