Sorry, you need to enable JavaScript to visit this website.

ഗൂഗ്ള്‍ മാപ്‌സില്‍ ഇനി റോഡിലെ വേഗ പരിധിയും സ്പീഡ് ക്യാമറകളും കാണിക്കും

വാഹനമോടിക്കുന്നവര്‍ക്കു വേണ്ടി ഗുഗ്ള്‍ മാപ്‌സില്‍ പുതിയ ഫിച്ചര്‍ അവതരിപ്പിക്കുന്നു. ഇന്ത്യയുള്‍പ്പെടെ നാല്‍പ്പതിലേറെ രാജ്യങ്ങളിലെ റോഡുകളിലെ വേഗ പരിധിയും സ്പീഡ് ക്യാമറകളും മൊബൈല്‍ റഡാറുകളും ഇനി ഗുഗ്ള്‍ മാപ്‌സില്‍ കാണിക്കും. നേരത്തെ ഗുഗ്‌ളിന്റെ നേവിഗേഷന്‍ ആപ്പ് ആയ വെയ്‌സില്‍ മാത്രമാണ് ഈ ഫീച്ചര്‍ ഉണ്ടായിരുന്നത്. യുഎസ് അടക്കം ഏതാനും രാജ്യങ്ങളില്‍ മാത്രമായി ഗുഗ്ള്‍ മാപ്‌സില്‍ ഉള്‍പ്പെടുത്തിയ ഈ ഫീച്ചര്‍ ലോകത്തൊട്ടാകെ അവതരിപ്പിക്കുകയാണിപ്പോള്‍. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കു പുറമെ സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളിലും ഗൂഗ്ള്‍ മാപ്‌സ് ഉപയോക്താക്കള്‍ക്ക് ഇതു ലഭ്യമാകും. രണ്ടാഴ്ച മുമ്പാണ് ഗൂഗ്ള്‍ ഈ സേവനം യുഎസിനു പുറത്ത് വിവിധ രാജ്യങ്ങളില്‍ ലഭ്യമാക്കിത്തുടങ്ങിയത്. 

ഗൂഗ്ള്‍ മാപ്‌സ് തുറന്നാല്‍ സ്‌ക്രീനിന്റെ താഴെ മൂലയിലാണ് റോഡുകളിലെ സ്പീഡ് ലിമിറ്റ് ഐക്കണ്‍ ആയി കാണിക്കുക. 2017ല്‍ യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലും ബ്രസീലിലെ റയോ ഡി ജനീറോയിലുമാണ് ഈ ഫീച്ചര്‍ ഗൂഗ്ള്‍ ആദ്യമായി പരീക്ഷിച്ചു തുടങ്ങിയത്. ഗൂഗ്ള്‍ 2013ല്‍ വാങ്ങിയ നേവിഗേഷന്‍ ആപ്പായ വെയ്‌സ് ആയിരുന്നു പ്രചോദനം. ഉപയോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ക്കനുസരിച്ച് റോഡുകളിലെ പോലീസ് പരിശോധന, അപകടങ്ങള്‍, ഇന്ധന വില, അടച്ചിട്ട റോഡുകള്‍, തടസ്സങ്ങള്‍, സ്പീഡ് കാമറകള്‍ എന്നിവ മുന്‍കൂട്ടി അറിയിക്കുന്ന മികച്ച ആപ്പാണ് വെയ്‌സ്. ഇവ പൂര്‍ണമായും ഗൂഗ്ള്‍ മാപ്്‌സില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല.


 

Latest News