വാഷിംഗ്ടണ്‍- ചൈനീസ് ടെക്നോളജി കമ്പനിയായ ഹുവാവെ വലിയ അപകടകാരിയാണെങ്കിലും അവര്‍ക്ക് വ്യാപാര ഉടമ്പടിയുടെ ഭാഗമാകാമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹുവാവേ ടെക്നോളജീസിനെ ഈ മാസാദ്യം അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഹുവാവെയുമായുള്ള വ്യാപാരം അവസാനിപ്പിക്കുമെന്ന് ഗൂഗിളും അറിയിച്ചു.
വ്യാപര ഉടമ്പടിയില്‍ ഹുവാവെയെ ഉള്‍പ്പെടുത്താമെന്ന് വാഷിംഗ്ടണില്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയ ട്രംപ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.
ഹുവാവെ വലിയ അപകടകാരിയാണ്. അവര്‍ എന്തൊക്കെയാണ് ചെയ്തതെന്ന് നോക്കുക. സുരക്ഷയുടെ കാര്യത്തില്‍ നോക്കിയാലും സൈന്യത്തിന്റെ കാഴ്ചപ്പാടില്‍ നോക്കിയാലും അത് വളരെ അപകടകാരിയാണ്- ട്രംപ് പറഞ്ഞു.
ചൈനീസ് വാര്‍ത്താവിനിമയ ഉപകരണ നിര്‍മാതാക്കളായ ഹുവാവേക്ക് അമേരിക്കന്‍ സാങ്കേതിക വിദ്യ പരിമിതപ്പെടുത്താനാണ് ട്രംപ് ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നത്. പ്രധാന യു.എസ് ഘടകങ്ങളുടെ വില്പന തടയുന്നതിലൂടെ സുരക്ഷാ കാര്യത്തിലുള്ള ആശങ്ക മറികടക്കാമെന്നും കണക്കുകൂട്ടുന്നു.