തിരുവന്തപുരം- കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം. ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസനകോര്‍പ്പറേഷനുമായി ചേര്‍ന്ന് ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന കുട്ടികളുടെ രണ്ടാമത് ചലച്ചിത്രോത്സവം തിരുവന്തപുരത്ത് വെച്ചാണ് നടക്കുന്നത്. ഏഴ് ദിവസം നീണ്ടു നില്ക്കുന്ന ചലച്ചിത്രോത്സവം ഈ മാസം പതിനാറിന് സമാപിക്കും. ആറ് തീയറ്ററുകളിലായി നൂറ്റി അറുപതോളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ചലച്ചിത്രോത്സവം ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന് മുഖ്യാതിഥി ആയിരിക്കും.ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന നവാഗതനായ മനു അശോകന് സംവിധാനം ചെയ്ത ഉയരെയാണ് ഉദ്ഘാടനചിത്രം.
സംസ്ഥാനത്തെ ആദിവാസി മേഖല,അനാഥാലയങ്ങള്‍,ചേരിപ്രദേശങ്ങള്‍ എന്നിവടങ്ങളിലെ കുട്ടികള്‍ക്ക് മേളയില്‍ പങ്കെടുക്കാന്‍ ശിശുക്ഷേമ സമിതി സൗകര്യമൊരുക്കിയിട്ടുണ്ട്.