ന്യൂദല്‍ഹി- ക്രെഡിറ്റ് കാര്‍ഡ് രംഗത്തെ അതികായരായ മാസ്റ്റര്‍കാര്‍ഡ് ഇന്ത്യയില്‍ 7000 കോടി രൂപ നിക്ഷേപിക്കുന്നു. കമ്പനിയുടെ ആഗോള ടെക്നോളജി കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യം. മാസ്റ്റര്‍കാര്‍ഡിന്റെ സാങ്കേതിക പ്രക്രിയകള്‍ മുഴുവന്‍ ഇപ്പോള്‍ നടക്കുന്നത് അമേരിക്കയിലാണ്. അത് ഇന്ത്യയിലേക്ക് മാറ്റുന്നതിനാണ് പുതുതായി നിക്ഷേപമിറക്കുന്നത്.
അഞ്ചുവര്‍ഷത്തിനകമാണ് 100 കോടി യു.എസ് ഡോളര്‍ നിക്ഷേപിക്കുക. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാസ്റ്റര്‍കാര്‍ഡ് ഇന്ത്യയില്‍ 100 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ഏഷ്യാ പസഫിക് സഹ പ്രസിഡന്റ് ആരി സര്‍ക്കാര്‍ പറഞ്ഞു.
വരുംവര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമ്പദ്ഘടന കൂടുതല്‍ ശക്തമാകുമെന്നും പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.