വാഷിംഗ്ടണ്‍- ചന്ദ്രനിലും ചൊവ്വയിലും സ്പേസ് എക്സിന്റ സ്റ്റാര്‍ഷിപ്പുകള്‍ ഇറങ്ങുന്നതിന്റെ ഭാവനാ ചിത്രങ്ങള്‍ പങ്കുവെച്ച് എലോണ്‍ മസ്ക്. മനുഷ്യന്റെ സ്വപ്നങ്ങളിലും ഭാവിയിലും നിക്ഷേപം നടത്തിയിരിക്കുന്ന കമ്പനിയാണ് എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ്.
ഒരു സ്റ്റാര്‍ഷിപ്പ് ചന്ദ്രനിലും കൂടുതല്‍ സ്റ്റാര്‍ഷിപ്പുകള്‍ ചൊവ്വയിലും ഇറങ്ങിയാല്‍ എങ്ങനെയിരിക്കുമെന്ന് കാണിക്കുന്ന ചിത്രങ്ങള്‍ എലോണ്‍ മസ്ക് ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്.
ചന്ദ്രനില്‍ ഇറങ്ങിയ സ്പേസ് ഷിപ്പിന്റെ പശ്ചാത്തലത്തില്‍ ഭൂമിയുമുണ്ട്. നിരപ്പല്ലാത്ത പ്രതലങ്ങളിലും സുരക്ഷിതമായി ഇറങ്ങാന്‍ സ്റ്റാര്‍ ഷിപ്പിന് സാധിക്കുമെന്ന് ട്വീറ്റിന് താഴെ മറുപടിയായി എലോണ്‍ മസ്ക് വെളിപ്പെടുത്തുന്നു. 2023-ല്‍ ചാന്ദ്ര ദൗത്യം യാഥാര്‍ഥ്യമാക്കുമെന്നാണ് നിലവില്‍ സ്പേസ് എക്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കൂട്ടം ചിത്രകാരന്മാരായിരിക്കും സ്റ്റാര്‍ഷിപ്പിന്റെ ചന്ദ്രനുചുറ്റുമുള്ള കന്നി യാത്രയിലുണ്ടാവുകയെന്നാണ് എലോണ്‍ മസ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രന്റെ പ്രതലത്തില്‍ ഇറങ്ങാന്‍ സ്പേസ് എക്സിന് പദ്ധതിയുണ്ടായിരുന്നില്ല. ഇതാദ്യമായാണ് സ്റ്റാര്‍ഷിപ്പ് ചന്ദ്രന്റെ പ്രതലത്തില്‍ ഇറങ്ങിയ ഭാവനാ ചിത്രം അദ്ദേഹം പുറത്തുവിട്ടത്. ബഹിരാകാശ വാഹനം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്.
ചൊവ്വയില്‍ മനുഷ്യര്‍ താമസിക്കുന്ന കോളനിക്ക് സമീപം സ്റ്റാര്‍ ഷിപ്പുകള്‍ ഇറങ്ങിയതാണ് എലോണ്‍ മസ്ക് ഷെയര്‍ ചെയ്തിരിക്കുന്ന മറ്റൊരു ഭാവനാചിത്രം. നിലവിലെ ബഹിരാകാശ പേടകങ്ങളുടെ നവീകരിച്ച രൂപമാണ് ഇതുവരെ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പുകള്‍ക്ക് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതില്‍ പാടേ മാറ്റമുള്ളതാണ് പുതിയ ചിത്രത്തിലെ പേടകം. ശാസ്ത്ര സിനിമകളിലൊക്കെ കണ്ടു പരിചയമുള്ള സ്റ്റീല്‍ നിര്‍മിതവും തിളങ്ങുന്നതുമാണ് പുതിയ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന സ്റ്റാര്‍ഷിപ്പുകള്‍.
ചന്ദ്രനു ചുറ്റുമുള്ള യാത്രക്കു പുറമെ, എലോണ്‍ മസ്കിന്റെ സ്വപ്ന പദ്ധതിയാണ് ചൊവ്വയിലെ മനുഷ്യ കോളനി. ഈ മനുഷ്യ കോളനിയുടെ സമീപത്തായാണ് മസ്കിന്റെ സ്വപ്ന വാഹനമായ സ്റ്റാര്‍ഷിപ്പ് ഇറങ്ങിയിരിക്കുന്നത്.
പുറത്തുവിട്ടിരിക്കുന്ന ഭാവനാ ചിത്രങ്ങളില്‍ ചൊവ്വാ ചിത്രത്തിന് ഒന്ന് എന്നും ചന്ദ്രനിലിറങ്ങിയ ചിത്രത്തിന് നാല് എന്നും അടയാളം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ എലോണ്‍ മസ്ക് പുറത്തുവിടുന്ന പ്രസന്റേഷന്റെ ഭാഗമായിരിക്കാം ഇതെന്നു കരതുന്നുണ്ടെങ്കിലും രണ്ടിനും മൂന്നിനും എന്തു സംഭവച്ചുവെന്ന അഭ്യൂഹങ്ങളിലാണ് സാങ്കേതിക ലോകം. സ്റ്റാര്‍ഷിപ്പിന്റെ നിലവിലെ കരടുരൂപകല്പനയും ശാസ്ത്രീയ ഡാറ്റകളും ചേര്‍ത്താണ് ഭാവനാ ചിത്രങ്ങള്‍ തയാറാക്കിയിരിക്കുന്നത്.