ന്യൂദല്‍ഹി- ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണങ്ങളുടെ സൂത്രധാരനെന്ന് കരുതന്ന നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ) നേതാവ് സഹ്റാന്‍ ഹാഷിം മാസങ്ങളോളം ദക്ഷിണേന്ത്യയില്‍ തങ്ങിയിട്ടുണ്ടെന്ന് ലങ്കന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നു. ഈ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. സഹ്‌റാനുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനാണ് ശ്രമം.
ശ്രീലങ്കയിലെ ചാവേര്‍ ആക്രമണം; കേരളത്തല്‍ എന്‍.ഐ.എ റെയ്ഡ്
250 ലേറെ പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ സൂത്രധാരന്‍ സഹ്‌റാനാണെന്നും പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന സ്‌ഫോടനത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടുവെന്നും ശ്രീലങ്കന്‍ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. സഹ്‌റാന്‍ ഹാഷിം രാജ്യത്ത് എത്തിയിട്ടുണ്ടെന്ന കാര്യം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ വംശജരായ യുവാക്കളുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
സഹ്്‌റാന്‍ ഹാഷിമിന്റെ ഫേസ് ബുക്ക് പേജ് പിന്തുടര്‍ന്നിരുന്ന നൂറിലേറെ പേരെ കണ്ടെത്താനാണ് അന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
സഹ്‌റാന്റെ വിഡിയോ പ്രഭാഷണങ്ങള്‍ യുവാക്കളെ ആകര്‍ഷിച്ചിരുന്നുവെന്ന വിവരം 2018 സെപ്റ്റംബറില്‍ കോയമ്പത്തൂരില്‍ അറസ്റ്റിലായ ഏഴംഗ സംഘത്തില്‍നിന്നാണ് ലഭിച്ചതെന്ന് പറയുന്നു. ഈ സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് സഹ്‌റാന്‍ ഹാഷിമിന്റെ അനുയായി ആയിരുന്നു. ഇന്ത്യയിലെ മത, രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ പിടികൂടിയിരുന്നത്.
ശ്രീലങ്കയിലെ കിഴക്കന്‍ പ്രവിശ്യയായ ബട്ടിക്കൊലാവയിലെ കട്ടന്‍കുടി കേന്ദ്രീകരിച്ചാണ് സഹ്്‌റാന്‍ ഹാഷിം യുവാക്കളെ സംഘടിപ്പിച്ചിരുന്നത്. നാട്ടുകാര്‍ ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് ഇയാള്‍ നാടുവിട്ടുവെന്നും പിന്നീട് വിവരമൊന്നും ഇല്ലായിരുന്നുവെന്നും പ്രദേശത്തുള്ളവരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.