കോട്ടയം: ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ക്ക് എന്ത് വന്നാലും വഴങ്ങരുതെന്നാണ് തന്റെ അഭിപ്രായമെന്ന് പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന സായ് പല്ലവി. അതുപോലെയാണ് വസ്ത്രധാരണത്തിന്റെ രീതിയും. ചെറുപ്പത്തില്‍ ചെറിയ ഉടുപ്പൊക്കെ ഇട്ട് ഡാന്‍സ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അത്തരം വസ്ത്രങ്ങളില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല. അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പഠിക്കുന്ന കാലം തൊട്ടേ മുഖക്കുരു ഒരു വില്ലനാണ്. ജോര്‍ജിയയില്‍ പഠിക്കുമ്പോള്‍ മുഖക്കുരു മറക്കാനായി പലപ്പോഴും സ്കാര്‍ഫ് ചുറ്റുമായിരുന്നു. പ്രേമം ഇറങ്ങുന്ന ദിവസം പോലും ഞാന്‍ അമ്മയുടെ കൈ മുറുകെ പിടിച്ച് ചോദിച്ചു. ആള്‍ക്കാര്‍ക്ക് എന്നെ ഇഷ്ടപ്പെടുമോ.. ആ സിനിമ തന്ന കോണ്‍ഫിഡന്‍സ് വളരെ വലുതാണ്. മുഖക്കുരു ഉള്ള പെണ്‍കുട്ടികളും പിന്നീട് മുഖം മറച്ച് നടന്നില്ല. മേക്കപ്പ് വേണ്ട എന്ന തീരുമാനവും അത്തരമൊരു കോണ്ഫിഡന്സിന്റെ ഭാഗമാണ്. എന്റെ രീതി ഇങ്ങനെയാണ് നിങ്ങള്‍ എങ്ങനെയാണോ അങ്ങനെയായിരിക്കുന്നതാണ് ഏറ്റവും ഭംഗി എന്ന് പറയാതെ പറയാന്‍ കഴിഞ്ഞു.
നായികയായി അരങ്ങേറ്റം നടത്തിയ ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ ആരാധകരെ സമ്പാദിച്ച നടിയാണ് സായി പല്ലവി. തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്ക്കുന്ന സായി വീണ്ടും മലയാളത്തിലേക്ക് അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ്. ഫഹദ് ഫാസില്‍ നായകനാവുന്ന അതിരന് എന്ന സിനിമയിലാണ് സായി അഭിനയിക്കുന്നത്. സിനിമ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തുകയാണ്.