ന്യൂയോര്‍ക്ക്- ലൈവ് സ്ട്രീമിംഗിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഫേസ് ബുക്ക് ആലോചിക്കുന്നു. ന്യൂസിലാന്‍ഡിലെ രണ്ട് പള്ളികളില്‍ നടന്ന ഭീകരാക്രമണം ലൈവായി ഫേസ് ബുക്കില്‍ സംപ്രേഷണം ചെയ്തതാണ് നിയന്ത്രണത്തെ കുറിച്ച് ആലോചിക്കാന്‍ ഫേസ് ബുക്കിന് പ്രേരണ. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്നും ചട്ടക്കൂട് ഉണ്ടാക്കുമെന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് പറഞ്ഞു.
ഫേസ്ബുക്കിലെ എല്ലാവരും ഇരകളോടും അവരുടെ കുടുംബങ്ങളോടും ന്യൂസിലാന്‍ഡിലെ മുസ്ലിം സമുദായത്തോടൊപ്പവുമാണ് നിലകൊള്ളുന്നതെന്ന് ന്യൂസിലാന്‍ഡ് ഹെറാള്‍ഡിനെഴുതിയ കുറിപ്പില്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്പറഞ്ഞു. ആക്രമണത്തിന്റെ ഭീകര ദൃശ്യങ്ങള്‍ എങ്ങനെ ഫേസ് ബുക്ക് അടക്കമുള്ള ഓണ്‍ലൈന്‍ വേദികളിലൂടെ പ്രചരിച്ചുവെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. ധാരാളം നിര്‍ദേശങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിന്മേല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും-അവര്‍ പറഞ്ഞു.
ഇത്തരം വിഡിയോകള്‍ തടയുന്നതിനുള്ള പോളിസി മാറ്റം ഫേസ് ബുക്ക് പ്രഖ്യാപിച്ചിട്ടില്ല. ഫേസ്ബുക്ക് ലൈവ് ഉപയോഗിക്കുന്നതിന് എന്തൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കും, വിദ്വേഷ പ്രചാരണം എങ്ങനെ തടയാന്‍ സാധിക്കും എന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പഠിക്കുമെന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ 50 പേരുടെ ജീവനെടുത്ത മസ്ജിദ് ആക്രമണങ്ങളുടെ വിഡിയോ ഫേസ് ബുക്കില്‍നിന്ന് നീക്കം ചെയ്യുന്നതുവരെ 4000 തവണ കണ്ടിരുന്നു. അതിനിടെ, വിദ്വേഷ പ്രസംഗം തടയുന്നതിനുള്ള നിയമങ്ങള്‍ ശക്തമാക്കാന്‍ ന്യൂസിലാന്‍ഡും നടപടി സ്വീകരിക്കുന്നുണ്ട്. ഓണ്‍ലൈനില്‍ ഇപ്പോള്‍ കാണപ്പെടുന്ന വിദ്വേഷ ഉള്ളടക്കങ്ങള്‍ തടയുന്നതിന് നിലവിലെ നിയമങ്ങള്‍ മതിയാകുന്നതല്ലെന്ന് ന്യൂസിലാന്‍ഡ് നിയമ മന്ത്രി ആന്‍ഡ്ര്യു ലിറ്റില്‍ പറഞ്ഞു. വര്‍ഷാവസനാത്തോടെ മനുഷ്യാവകാശ കമ്മീഷനുമായി ചേര്‍ന്ന് പുതിയ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കും.