Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാന്‍ സൂത്രങ്ങളുമായി സുരേഷ് ഗോപി 

തിരുവനന്തപുരം: അഭിനയത്തിന് നീണ്ട ഇടവേള നല്‍കിയ സുരേഷ്‌ഗോപി തമിഴ് ചിത്രത്തിന് തിരക്കിട്ടു ഡേറ്റ് നല്‍കിയത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നതിനു വേണ്ടി.  തിരുവനന്തപുരം, കൊല്ലം മണ്ഡലങ്ങളില്‍ സുരേഷ് ഗോപിയുടെ പേര് ബിജെപി പരിഗണിച്ചു വരുകയായിരുന്നു. സിനിമയുടെ തിരക്കിലായതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആണ് സുരഷ് ഗോപി ഇപ്പോള്‍ പറയുന്നത്. പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്. അതിന്റെ തിരക്കിലാണ്. അതിനാല്‍ മത്സരിക്കാനില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്.
ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റില്‍ സുരേഷ് ഗോപിയുടെ പേരുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് തിരുവനന്തപുരത്തോ, കൊല്ലത്തോ സുരേഷ് ഗോപിയെ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.
എന്നാല്‍ മത്സരിക്കില്ലെന്ന് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കിയതോടെ തിരുവനന്തപുരത്ത് മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു കുമ്മനം രാജശേഖരന്‍ വന്നേക്കുമെന്ന അഭ്യൂഹം ഉയരുന്നുണ്ട്.കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ആഗ്രഹിക്കുന്നത്. 
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴിലാണ് സുരേഷ് ഗോപിയുടെ മടങ്ങിവരവ്. തമിഴരശന്‍ എന്ന തമിഴ് സിനിമയിലൂടെയാണ് സുരേഷ് ഗോപിയുടെ തിരിച്ചു വരവ്. വിജയ് ആന്റണിയാണ് ചിത്രത്തില്‍ നായകന്‍. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം സുരേഷ് ഗോപി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തില്‍ ഡോക്ടറിന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. 2015 ല്‍ പുറത്തിറങ്ങിയ 'മൈ ഗോഡ്' ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മലയാള സിനിമയില്‍ ഒരു കാലത്തു ശക്തമായ കഥാപാത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി അലങ്കരിച്ചിരുന്ന ആളാണ് സുരേഷ് ഗോപി. എന്നാല്‍ തുടരെ തുടരെയുള്ള പരാജയ ചിത്രങ്ങള്‍ അദേഹത്തിന്റെ മാര്‍ക്കറ്റ് വാല്യൂ കുറക്കുകയും ചിത്രങ്ങളുടെ എണ്ണം കുറക്കുന്നതിലേക്കും കാരണമായി. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. രാജ്യസഭാ എംപിയുമായി. 

Latest News