Sorry, you need to enable JavaScript to visit this website.

വിപുലമായ സൗകര്യങ്ങളോടെ ദമാമിൽ 161 ാമത് ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു

ദമാമിൽ ലുലു ഗ്രൂപ്പിന്റെ സൗദിയിലെ 16 ാമത് ഹൈപ്പർമാർക്കറ്റ് നഗരസഭ മേയർ എൻജി. ഫഹദ് അൽജുബൈർ  ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി, തൊഴിൽ മന്ത്രാലയം പ്രതിനിധികളായ  അബ്ദുറഹ്മാൻ അൽമുഖ്ബിൽ, ഖാലിദ് അൽ ഉബൈദ് എന്നിവർ സമീപം. 

ദമാം - ലോകപ്രശസ്ത ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് തങ്ങളുടെ ഏറ്റവും പുതിയ ശാഖ ഇന്നലെ സൗദിയുടെ കിഴക്കൻ പ്രവിശ്യയുടെ ആസ്ഥാന നഗരിയായ ദമാമിൽ തുറന്നു. കിംഗ് ഫഹദ് റോഡിൽ പുതുതായി പ്രവർത്തനമാരംഭിച്ച ലുലു മാളിനോടനുബന്ധിച്ചാണ് ഹൈപ്പർ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. പ്രൗഢസദസ്സിനെ സാക്ഷിയാക്കി ദമാം നഗരസഭാ മേയർ എൻജി. ഫഹദ് അൽ ജുബൈറാണ് പുതിയ ഷോപ്പിങ് സമുച്ചയം ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ എം.എ യൂസുഫലി, കിഴക്കൻ പ്രവിശ്യാ തൊഴിൽ മന്ത്രാലയം മേധാവി അബ്ദുറഹ്മാൻ ബിൻ ഫഹദ് അൽമുഖ്ബിൽ, ഡയറക്ടർ ഖാലിദ് അഹമ്മദ് അൽ ഉബൈദ് എന്നിവരടക്കം സ്വദേശികളും വിദേശികളുമായ നിരവധി പ്രമുഖർ സംബന്ധിച്ചു. 
അന്താരാഷ്ട്ര തലത്തിൽ 161 ാമത്തെയും സൗദിയിലെ 16 ാമത്തെയും ശാഖയാണ് ദമാം ലുലു മാളിൽ ഉപയോക്താക്കൾക്കായി തുറന്നുകൊടുത്തത്. നാല് നിലകളിലായി 580,000 ചതുരശ്ര അടി വിസ്തൃതിയിൽ വിപുലമായ സൗകര്യങ്ങളോടെയും സജ്ജീകരണങ്ങളോടെയുമാണ് പുതിയ ലുലു മാൾ ഒരുക്കിയിരിക്കുന്നത്.  
കിഴക്കൻ പ്രവിശ്യയിലെ ആദ്യത്തെ തിയേറ്റർ പ്രവർത്തിക്കുന്ന മാൾ എന്ന ബഹുമതിയും ഇനി ലുലു മാളിന് അവകാശപ്പെട്ടതാണ്. ആറ് സ്‌ക്രീൻ മൾട്ടിപ്ലെക്‌സ് തിയേറ്റർ ഉടൻ തന്നെ മാളിൽ പ്രവർത്തനമാരംഭിക്കുമെന്ന് മാനേജ്‌മെന്റ് വൃത്തങ്ങൾ സൂചിപ്പിച്ചു. തീർത്തും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കാൻ ഇക്കാലമത്രയും ലുലു ഗ്രൂപ്പിന് സാധിച്ചിട്ടുണ്ടെന്ന് ചെയർമാൻ എം.എ യൂസുഫലി പറഞ്ഞു. 
സൗദിയിൽ വൻനിക്ഷേപത്തിന് ഒരുങ്ങുന്ന ലുലു ഗ്രൂപ്പ്  2020 ഓടെ ഒരു ബില്യൺ റിയാൽ മുതൽ മുടക്കിൽ 15 പുതിയ ഷോപ്പിംഗ് മാളുകൾ കൂടി ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി മൂന്ന് മാളുകൾ ഇതിനകം തുറന്നു. 
ഏപ്രിൽ മാസം റിയാദിലും ഈ വർഷാവസാനം ജിദ്ദയിലും പുതിയ രണ്ട് മാളുകൾ കൂടി ആരംഭിക്കുമെന്നും യൂസുഫലി കൂട്ടിച്ചേർത്തു. ദമാമിലും അൽഹസയിലുമായി പുതിയ രണ്ട് ഷോപ്പിംഗ് മാളുകളും ഏഴ് സൂപ്പർ മാർക്കറ്റുകളും തുറക്കുന്നതിന് നാഷണൽ ഗാർഡ് മന്ത്രാലയവുമായി ലുലു ഗ്രൂപ്പ് കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. നാഷണൽ ഗാർഡ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. നിരവധി സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാനും കരാർ വഴിയൊരുക്കും. ഇതിനോടകം 1.2 ബില്യൺ റിയാൽ ലുലു ഗ്രൂപ്പ് സൗദിയിൽ മുതൽമുടക്കിയിട്ടുണ്ട്. 750 വനിതകൾ ഉൾപ്പെടെ 3000 സ്വദേശികളാണ് ഗ്രൂപ്പിന് കീഴിൽ ജോലി ചെയ്യുന്നത്. 2020 ഓടെ 1700 വനിതകളടക്കം 5000 ലേറെ സൗദി പൗരന്മാർക്ക് ജോലി നൽകുന്നതിനാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും എം.എ യൂസുഫലി പറഞ്ഞു. തങ്ങളുടെ വ്യവസായിക വളർച്ചക്ക് പിന്തുണ നൽകുന്ന തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും കൃതജ്ഞത അറിയിക്കുന്നതായും ലുലു ഗ്രൂപ്പ് ചെയർമാൻ വ്യക്തമാക്കി.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആഗോള നിലവാരത്തിലുള്ള മികച്ച ഉൽപന്നങ്ങളുടെ ശേഖരമാണ് ഉപഭോക്താക്കൾക്കായി ദമാം മാളിൽ സജ്ജമാക്കിയിരിക്കുന്നത്. വിഭിന്ന താൽപര്യക്കാരായ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നവിധം വൈവിധ്യമാർന്ന ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ മാളിൽ ലഭ്യമാണ്.
സി.ഇ.ഒ സയ്ഫ് രൂപ്‌വാല, എക്‌സിക്യുട്ടീവ് ഡയറക്ടർ എം.എ അഷ്റഫറലി, ലുലു സൗദി ഡയറക്ടർ ശഹീം മുഹമ്മദ് എന്നിവർ ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകി. 

 

Latest News