ചെന്നൈ- തിങ്ങിനിറയുന്ന ജനക്കൂട്ടത്തെ കുറഞ്ഞ ആളുകളെ മാത്രം ഉപയോഗിച്ച് പൂര്‍ണമായും നിയന്ത്രിക്കാവുന്ന പുതിയ സാങ്കേതിക വിദ്യ മദ്രാസ് ഐഐടി വികസിപ്പിച്ചു. വലിയ തിക്കും തിരക്കും അതുമൂലമുണ്ടാകുന്ന ദുരന്തങ്ങളും തടയാന്‍ കഴിയുന്ന കംപ്യൂട്ടര്‍ നിയന്ത്രിത ആസൂത്രണ സംവിധാനമാണിത്. ഐഐടി ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച അല്‍ഗോരിതം ജനത്തിരക്കുള്ള ഏതെല്ലാം ഭാഗങ്ങളിലാണ് നിയന്ത്രണവും സുരക്ഷാ ഉദ്യോഗസ്ഥരും ആവശ്യമായിട്ടുള്ളതെന്ന് കൃത്യമായി പറഞ്ഞു തരും. തിക്കും തിരക്കുമുണ്ടാകാന് ഇടയുള്ള സ്ഥലങ്ങള്‍ ഈ സംവിധാനം മുന്‍കൂട്ടി അറിയിക്കും. അതിനനുസരിച്ച് പോലീസിനെ വിന്യസിച്ചാല്‍ മതിയാകും. പ്രസിദ്ധ ഭൗതികശാസ്ത്ര ജേണലായ ഫിസിക്കല്‍ റിവ്യൂ ലെറ്റേഴ്സിലാണ് ഐഐടി ശാസ്ത്രജ്ഞര്‍ ഈ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
തിരക്ക് ഉണ്ടാകുന്ന ഘട്ടങ്ങളില്‍ ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന ഇടങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും ഈ സംവിധാനം സഹായിക്കും. ജനത്തിരക്കുകളുടെ തുടക്കത്തിന് ക്രമമായ ഒരു രൂപമുണ്ട്. ഇതു തിരിച്ചറിഞ്ഞ് ആളുകള്‍ തിങ്ങിനിറഞ്ഞ് ജനക്കൂട്ടമായി മാറാന്‍ തുടങ്ങുന്നത് എങ്ങനെയാണെന്നും മനസ്സിലാക്കിയാല്‍ തിക്കും തിരക്കും ഒഴിവാക്കാനുള്ള വഴികള്‍ ലഭിക്കും- മദ്രാസ് ഐഐടിയിലെ ശാസ്ത്രജ്ഞനായ മഹേഷ് പഞ്ചാംഗ്നുല പറയുന്നു.
തിരക്കേറിയ ആള്‍ക്കൂട്ടത്തിന്റെ നീക്കം ഒരു പരിമിതമായ ഇടത്ത് എത്തിച്ചേരുന്നത് സൂക്ഷ്മമായി പഠിച്ചാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തത്. ജനക്കൂട്ടത്തിന്റെ ഈ ഒഴുക്ക് ദ്രാവകങ്ങളുടെ ചലനത്തിനു സമാനമാണ്. അതുകൊണ്ട് ദ്രാവകങ്ങളുടെ ചലന നിയമങ്ങള്‍ ഇവിടെയും പ്രയോഗിക്കാമെന്നും അതു വഴി തിക്കും തിരക്കും ഉണ്ടാകുന്ന ഇടങ്ങള്‍ വേഗത്തില്‍ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. സുമേഷ് പി തമ്പി, അജിന്‍ക്യ കുല്‍ക്കര്‍ണി എന്നീ ശാസ്ത്രജ്ഞരും ഈ കണ്ടുപിടിത്തതിന്റെ ഭാഗമാണ്.
ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയാണ് പ്രാഥമികമായി ചെയ്യുന്നത്. എവിടെയാണ് ഇവ സ്ഥാപിക്കേണ്ടത് എന്നും എത്രത്തോളം വലിയ ജനക്കൂട്ടമായിരിക്കുമെന്നും കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. പുതിയ സാങ്കേതിക സംവിധാനം ഉപയോഗിച്ച് എവിടെയാണ് തിക്കും തിരക്കും തുടങ്ങാന്‍ സാധ്യതയുള്ളതെന്ന് പ്രവചിക്കാനാകും. എങ്ങിനെ കുറഞ്ഞ എണ്ണം പോലീസിനെ ഉപയോഗിച്ച് വരാനിരിക്കുന്ന തിരക്കിനെ ഒഴിവാക്കാമെന്നും ഈ സംവിധാനം പറഞ്ഞു തരും- പഞ്ചാംഗ്നുല പറഞ്ഞു.
ഇതിനു പുറമെ ജനക്കൂട്ടത്തെ തത്സമയം നിരീക്ഷിക്കുന്ന ഡ്രോണ്‍ കാമറകളിലും ഈ സംവിധാനം ഉള്‍പ്പെടുത്താനാകും. സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് ഈ ആള്‍ക്കൂട്ട നിയന്ത്രണ സംവിധാനം പ്രയോഗത്തിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.