ജിദ്ദ - ഐ.ടി, കമ്മ്യൂണിക്കേഷന്‍സ് മേഖലകളില്‍ സഹകരിക്കുന്നതിന് ചൈനയിലെ ഹ്വാവെ കമ്പനിയുമായി ഹജ്, ഉംറ മന്ത്രാലയം ധാരണാപത്രം ഒപ്പുവെച്ചു. കിരീടാവകാശിയുടെ ചൈന സന്ദര്‍ശനത്തോടനുബന്ധിച്ച് ബെയ്ജിംഗില്‍ വെച്ചാണ് ഹജ്, ഉംറ മന്ത്രാലയവും ഹ്വാവേയും ധാരണാപത്രം ഒപ്പുവെച്ചത്. സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകളും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ആപ്ലിക്കേഷനുകളും സി.സി.ടി.വി സംവിധാനങ്ങളും നിര്‍മിച്ച് ഐ.ടി, കമ്മ്യൂണിക്കേഷന്‍സ് മേഖലകളില്‍ സഹകരിക്കുന്നതിനാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ നവീകരിക്കുന്നതിനും ഗുണമേന്മ ഉയര്‍ത്തുന്നതിനും സഹകരണം സഹായകമാകും.
സ്മാര്‍ട്ട് ഉംറ വിഷന്‍ വികസിപ്പിക്കല്‍, ഡിജിറ്റല്‍ പരിവര്‍ത്തനം, പശ്ചാത്തല സൗകര്യങ്ങളുടെ വികസനം, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സംവിധാനം സ്ഥാപിക്കല്‍, പുണ്യസ്ഥലങ്ങളില്‍ സമഗ്ര സി.സി.ടി.വി സംവിധാനം സ്ഥാപിക്കല്‍, മക്കയിലും മദീനയിലും ഹജ് തീര്‍ഥാടകരെ സ്വീകരിക്കുന്ന കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിക്കല്‍ എന്നിവയെല്ലാം ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന ഡിജിറ്റല്‍ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും തീര്‍ഥാടകരുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും ഹ്വാവെ കമ്പനിയുമായി ഒപ്പുവെച്ച ധാരണാപത്രം സഹായകമാകും.