മോഹന്‍ലാലും വിനയനുമായുള്ള പിണക്കം തീര്‍ന്നു 

മലയാള സിനിമയിലെ ഏറ്റവും പഴക്കം ചെന്ന പിണക്കങ്ങളിലൊന്നാണ് മോഹന്‍ലാലും സംവിധായകന്‍ വിനയനും തമ്മിലുള്ളത്. 1990 ല്‍ മോഹന്‍ലാലിന്റെ മുഖസാദൃശ്യമുള്ള മദന്‍ലാല്‍ എന്ന ആളെ വച്ച് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം എടുത്തതോടെയായിരുന്നു അകല്‍ച്ചയുടെ തുടക്കം. താര മേല്‍ക്കോയ്മയെ പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് വിനയന്‍ പിന്നീട് ഒറ്റയാനായി നിലനിന്നു. ഇപ്പോഴിതാ നീണ്ട കാലത്തിനു ശേഷം അപ്രതീക്ഷിത പ്രഖ്യാപനവുമായി വിനയന്‍ സിനിമ പ്രേമികളെ അമ്പരപ്പിക്കുന്നു. മോഹന്‍ലാലും വിനയനും ആദ്യമായി ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ വിനയന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കഥ സംബന്ധിച്ചുള്ള അന്തിമ തീരുമാനമായിട്ടില്ലെന്നും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന തന്റെ പുതിയ ചിത്രത്തിനു ശേഷം മോഹല്‍ലാല്‍ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കുമെന്നും വിനയന്‍ വ്യക്തമാക്കി. വലിയ ക്യാന്‍വാസിലൊരുക്കുന്ന ബൃഹത്തായ ചിത്രമായിരിക്കുമെന്നും വിനയന്‍ പറയുന്നു.
നേരത്തെ താനും മോഹന്‍ലാലും തമ്മില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നും ചുറ്റുമുള്ളവരുടെയും ചില ആരാധകരുടെയും വാക്കുകള്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും വിനയന്‍ പറഞ്ഞിരുന്നു. പിന്നീട് മോഹന്‍ലാലിനെ നേരിട്ട് കാണുകയും ആ പിണക്കം മാറുകയും ചെയ്തുവെന്നും വിനയന്‍ വ്യക്തമാക്കിയിരുന്നു.

Latest News