Sorry, you need to enable JavaScript to visit this website.

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന കുഞ്ഞുങ്ങൾ സംസാരിക്കാൻ വൈകുമെന്ന് പഠനം

കുഞ്ഞുങ്ങളുടെ കരച്ചിലടക്കാൻ അമ്മമാർ നൽകുന്ന കളിപ്പാട്ടങ്ങൾ ഇപ്പോൾ സ്മാർട്ട് ഫോണുകളാണ്. മറ്റു കളിക്കോപ്പുകളേക്കാൾ കുട്ടികൾക്കും പ്രിയങ്കരം അതു തന്നെ. എന്നാൽ സ്മാർട്ട് ഫോണുകൾ കുട്ടികളെ സ്മാർട്ടല്ലാതാക്കുമെന്ന് വീണ്ടും പഠനം. സ്മാർട്ട് ഫോണുകളുടെ ഉപയോഗം കുട്ടികളുടെ ബുദ്ധി വികാസത്തെ ബാധിക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങൾ പുറത്തു വന്നിരുന്നു.  കുട്ടികൾ സംസാരം ആരംഭിക്കുന്നത് നീണ്ടുപോകാൻ സ്മാർട്ട് ഡിവൈസുകൾ കാരണമാകുമെന്നാണ് പുതിയ പഠനം.
ആറു മാസത്തിനും രണ്ട് വയസ്സിനും ഇടയിലുള്ള 900 കുട്ടികളെ കേന്ദ്രീകരിച്ചാണ് ഈ പഠനം നടത്തിയത്. ഇലക്ട്രോണിക് ഡിവൈസുകൾ കൂടുതൽ നേരം ചെലവഴിക്കുന്ന കുട്ടികളിലാണ് അവ ഉപയോഗിക്കാത്ത കുട്ടികളെ അപേക്ഷിച്ച് സംസാരം വ്യക്തമാകാൻ വൈകുന്നതെന്നാണ് കണ്ടെത്തിയത്. ഓരോ 30 മിനിറ്റ് സ്‌ക്രീൻ നോക്കിയിരിക്കുമ്പോഴും കഞ്ഞുങ്ങൾ സംസാരിക്കുന്നത് നീണ്ടുപോകാനുള്ള സാധ്യത 49 ശതമാനമാണ് വർധിപ്പിക്കുന്നത്. കനഡ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധരാണ് ഈ പഠനം തയാറാക്കി പീഡിയാട്രിക് അക്കാദമിക് സൊസൈറ്റീസ് വാർഷിക യോഗത്തിൽ അവതരിപ്പിച്ചത്. 
എജുക്കേഷൻ ആപ്പുകളിലൂടെ കുട്ടികളുടെ ഭാഷാ വികസനമൊക്കെ നടക്കുമെന്ന് കരുതുന്ന രക്ഷിതാക്കളുടെ ധാരണ തെറ്റാണെന്നും ഗണ്യമായ തോതിൽ അതു സാധ്യമാകുന്നില്ലെന്നും മിഷിഗൺ യൂനിവേഴ്‌സിറ്റിയിലെ ഡെവലപ്‌മെന്റൽ ബിഹേവിയറൽ പീഡിയാട്രക്‌സ് അസി. പ്രൊഫസർ ഡോ. ജെന്നി റാഡസ്‌കി പറയുന്നു. 
18 മാസത്തിനു താഴെയുള്ള കുട്ടികൾക്ക് സ്മാർട്ട് ഫോണുകളും കംപ്യൂട്ടറുകളും നൽകരുതെന്ന് പറയാൻ അമേരിക്കൻ പീഡിയാട്രിക് അക്കാദമിക്ക് വേറെ തന്നെ കാരണങ്ങളുണ്ടെന്ന് ഈ പഠനത്തിന്റെ ഭാഗമായിട്ടില്ലാത്ത റാഡസ്‌കി പറയുന്നു. ശിശുക്കളുമായി നേരിട്ടിടപഴകി നേട്ടം കൊയ്യാനാണ് അവർ ഉപദേശിക്കുന്നത്. 

Latest News