മുംബൈ: കടം വാങ്ങിയ തുക മടക്കി നല്‍കിയില്ലെന്ന് ആരോപിച്ച് നടി ശില്‍പ്പാ ഷെട്ടിക്കും കുടുംബത്തിനുമെതിരെ പരാതിയുമായി ഓട്ടോമൊബൈല്‍ ഏജന്‍സി ഉടമ പര്‍ഹാദ് അമ്ര. ശില്‍പ്പ ഷെട്ടിയുടെ പിതാവ് തന്റെ പക്കല്‍ നിന്നും 21 ലക്ഷം രൂപ കടം വാങ്ങിയെന്നാണ് പര്‍ഹാദ് അമ്രയുടെ വാദം. 2017 ജനുവരിയില്‍ പലിശ സഹിതം തുക തിരികെ തരേണ്ടതായിരുന്നു. എന്നാല്‍ ഇതുവരെ പണം തരാന്‍ കുടുംബം തയാറായില്ലെന്ന് ആരോപിച്ചാണ് പര്‍ഹാദ് കോടതിയെ സമീപിച്ചിരിക്കുന്നത്. ശില്‍പ്പയുടെ പിതാവ് സുരേന്ദ്ര ഷെട്ടിയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നു. 2015 ജൂലൈയിലാണ് ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി 21 ലക്ഷം രൂപ കടം വാങ്ങുന്നത്. തന്റെ ഏജന്‍സി അക്കൗണ്ടില്‍ നിന്നും ആദ്യ ഗഡുവായി 8 ലക്ഷം രൂപയും പിന്നീട് 5 ലക്ഷം രൂപയും നല്കി. അഞ്ച് ലക്ഷം രൂപ തന്റെ പേഴ്സണല്‍ അക്കൗണ്ടില്‍ നിന്നുമാണ് നല്‍കിയതെന്നും പര്‍ഹാദ് പരാതിയില്‍ പറയുന്നു. ഭാര്യ സുനന്ദയും മക്കളായ ശില്‍പ്പ ഷെട്ടിയും ഷമിത ഷെട്ടിയും തന്റെ ബിസിനസ്സില്‍ പങ്കാളികളാണെന്നും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അവര്‍ക്ക് അറിയാമെന്നും സുരേന്ദ്ര ഷെട്ടി പറഞ്ഞിരുന്നുവെന്നാണ് പര്‍ഹാദിന്റെ വാദം. പണം നല്‍കേണ്ട തീയതിക്ക് മാസങ്ങള്‍ക്ക് മുമ്പ് സുരേന്ദ്ര ഷെട്ടി മരിച്ചുപോയി. അദ്ദേഹത്തിന്റെ മരണശേഷം പണം ആവശ്യപ്പെട്ടപ്പോള്‍ ഭാര്യയും മക്കളും വിസമ്മതിച്ചു. ഇങ്ങനെയൊരു ഇടപാടിനെകുറിച്ച് അറിയില്ലെന്ന് അവര്‍ പറഞ്ഞതായി പര്‍ഹാദ് ആരോപിക്കുന്നു. ആരോപണങ്ങള്‍ നിഷേധിച്ച് ശില്‍പ്പ ഷെട്ടിയും രംഗത്തെത്തി. പിതാവിന്റെ ബിസിനസ്സ് ഇടപാടുകളെക്കുറിച്ച് തനിക്ക് അറിവില്ല. പര്‍ഹാദ് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശില്‍പ്പ ഷെട്ടി പറഞ്ഞു.