സാന്‍ഫ്രാന്‍സിസ്‌കോ- തന്റെ പ്രിയ കളിക്കൂട്ടുകാരി ബഡിയുടെ വിയോഗത്തില്‍ മനംനൊന്ത് ലോകത്തിലെ ഏറ്റവും 'ക്യൂട്ട്' നായക്കുട്ടി യാത്രയായി. 'ബൂ' എന്ന ഓമനത്തം തുളുമ്പുന്ന നായക്കുട്ടി സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു.
ഫെയ്‌സ്ബുക്കില്‍ മാത്രം 16,281,115 ഫോളേവേഴ്‌സുള്ള പ്രിയങ്കരനായ നായക്കുട്ടിയാണ് ബൂ. പോമോറെനിയന്‍ വിഭാഗത്തില്‍പ്പെടുന്ന ബൂവിന് 12 വയസുണ്ട്. ബഡിയുടെ പെട്ടെന്നുളള മരണത്തില്‍ ബൂ തളര്‍ന്നുപോയിരുന്നു. ബഡിയുടെ മരണത്തോടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ബൂവിന് ഉണ്ടാകാന്‍ തുടങ്ങി.
ബഡിയുടെ വിയോഗത്തില്‍ അവന്റെ ഹൃദയം തകര്‍ന്നുപോയി എങ്കിലും ഒരു വര്‍ഷത്തോളം ഞങ്ങള്‍ക്ക് വേണ്ടി അവന്‍ പിടിച്ചു നിന്നു. ഇപ്പോള്‍ അവന് പോകേണ്ട സമയമായിരിക്കുന്നു. ഫെയ്‌സ്ബുക്കില്‍ 'ബൂ'വിന്റെ പേജില്‍ അവന്റെ ഉടമസ്ഥര്‍ കുറിച്ചു. രാത്രി ഉറക്കത്തിലാണ് ബൂവിന്റെ മരണം സംഭവിച്ചത്. സെപ്റ്റംബര്‍ 2017ലാണ് ബഡി യാത്രയാകുന്നത്. അന്ന് 14 വയസ്സായിരുന്ന ബഡിക്ക്. പതിനൊന്നു വര്‍ഷം ഒരുമിച്ചുണ്ടായിരുന്ന ഇരുവരുടേയും ചിത്രങ്ങള്‍ ഉടമസ്ഥര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. 2006 ലാണ് ബൂ ഉടമസ്ഥര്‍ക്കൊപ്പം കൂടിയത്. അന്ന് മുതലാണ് ബൂവിന്റെ ചിത്രങ്ങള്‍ ഉടമസ്ഥര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു തുടങ്ങിയത്.
പാവക്കുട്ടിയെപ്പോലെ ഭംഗിയുളള ബൂ വളരെ പെട്ടെന്ന് ഇന്റര്‍നെറ്റിലെ താരമാകുകയായിരുന്നു്. ബൂവിന്റെ ക്യൂട്ട് ലുക്ക് അവനെ ലോകത്തിന് പ്രിയങ്കരനാക്കുകയായിരുന്നു. ബൂവിന്റെ ചിത്രങ്ങള്‍ അടങ്ങിയ 'ബൂ: ദി ലൈഫ് ഓഫ് വേള്‍ഡ്‌സ് ക്യൂട്ടെസ്റ്റ് ഡോഗ്' എന്ന പുസ്തകം 2011ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.