അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവായ ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു. ബാല്യകാലസഖി കിഞ്ചല്‍ പരീഖുമായി ഹാര്‍ദികിന്റെ വിവാഹം ജനുവരി 27 ന് സുരേന്ദ്ര നഗര്‍ ജില്ലയിലെ ദിഗ്സറില്‍ നടക്കും. തികച്ചും ലളിതമായ വിവാഹചടങ്ങില്‍ ഇരുകൂട്ടരുടേയും അടുത്ത ബന്ധുക്കളായ നൂറോളം പേര് മാത്രമാണ് പങ്കെടുക്കുകയെന്നാണ് വിവരങ്ങള്‍.ദിഗ്സറിലെ കുടുംബക്ഷേത്രത്തിലാണ് ചടങ്ങ്. വിവാഹ ശേഷം വധൂവര•ാര്‍ വിരാംഗാമിലേക്ക് പോകും. ഹാര്‍ദികിന്റെ സഹോദരിയുടെ സഹപാഠിയാണ് കിഞ്ചല്‍. ഹാര്‍ദികിന്റെ വീട്ടില്‍ നിത്യസന്ദര്‍ശകയായ കിഞ്ചലും ഹാര്‍ദികും നല്ല സൗഹൃദത്തിലാണ്. ഇവരുടെ സൗഹൃദം വിവാഹബന്ധത്തിലൂടെ കൂടുതല്‍ ഉറപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഹാര്‍ദികിന്റെ മാതാപിതാക്കളായ ഭാരത് പട്ടേലും ഭാരതി പട്ടേലും അറിയിച്ചു. കൊമേഴ്സ് ബിരുദധാരിയായ കിഞ്ചല്‍ ഇപ്പോള്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്.
പട്ടേല്‍ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഹാര്‍ദിക് സാമൂഹ്യപ്രവര്‍ത്തന മേഖലയില്‍ സജീവമായത്. നിരാഹാര സമരം നടത്തുകയും പ്രക്ഷോഭവുമായി ബന്ധപ്പെട്ട കലാപത്തില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്ത ഹാര്‍ദിക് വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ വാരണാസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എതിര് സ്ഥാനാര്‍ഥിയായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.