കേരള ബാങ്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ അവസാന ഘട്ടത്തിലാണെന്നും മികച്ച രീതിയിൽ ബാങ്ക് ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ പാപ്പിനിശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിട ഉദ്ഘാടനവേളയിൽ പറഞ്ഞു. സഹകരണ രംഗത്തെ കുതിച്ച് ചാട്ടത്തിന് കേരള ബാങ്ക് വഴിവെക്കും. സർവ്വീസ് സഹകരണ ബാങ്കുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടും. കേരള ബാങ്ക് നിലവിൽ വരുമ്പോൾ ജില്ലാ ബാങ്കിലെ എല്ലാ ജീവനക്കാരും ഈ ബാങ്കിന്റെ ഭാഗമായി മാറും. ജില്ലാ ബാങ്കുകളുടെ കരുത്ത് മുഴുവൻ സംസ്ഥാന ബാങ്കിലേക്ക് ആവാഹിക്കും. കേരളത്തിൽ പ്രവർത്തിക്കുന്ന ഏത് ഷെഡ്യൂൾഡ് ബാങ്കിനോടും കിടപിടിക്കാനുള്ള കരുത്ത് കേരള ബാങ്കിനുണ്ടാകും.
ജില്ലാ ബാങ്കുകളിലൂടെ പ്രൈമറി ബാങ്കുകൾക്ക് ലഭിക്കുന്ന എല്ലാ സഹായവും നേരിട്ട് ലഭിക്കുന്ന നിലയുണ്ടാകും. കേരള ബാങ്കിന്റെ നേരിട്ടുള്ള കൈകാര്യ കർത്താവായി പ്രൈമറി ബാങ്കുകൾ മാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.