നമ്മള് വലിച്ചെറിയുന്ന ചിരട്ടയ്ക്ക് 3000 രൂപയോ? ഇത്രയും പണം ലഭിച്ചാല്‍ ആരെങ്കിലും ചിരട്ട വീടിനു പുറത്തേക്ക് എറിയുമോ? സംഭവം സത്യമാണ് തേങ്ങ ചിരണ്ടിയെടുത്ത ശേഷം മുറ്റത്തേക്കും മറ്റും വലിച്ചെറിയുന്ന ചിരട്ടയ്ക്ക് ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണ്‍ ഇട്ടിരിക്കുന്ന വിലയാണ് 3000 രൂപ.
അമേരിക്കയിലും യൂറോപ്പിലും പ്രകൃതിദത്തമായ ചിരട്ടയ്ക്ക് ആവശ്യക്കാര്‍ കൂടുതലായതാണ് ചിരട്ടയുടെ വില കുതിച്ചുയരാന്‍ കാരണം. ഓഫര്‍ നിലനില്‍ക്കുന്നതിനാല്‍ ചിരട്ടയ്ക്ക് ഇപ്പോള്‍ 55% വിലക്കിഴിവുണ്ട്. തല്ക്കാലം 1365 രൂപ നല്കിയാല് മതി. ഫെഡ്റഷ് ഇന്ത്യ എന്ന കമ്പനിയാണ് ഇത്തരത്തില്‍ ചിരട്ട വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് എത്തിക്കുന്ന ചിരട്ട 10-15 ദിവസം കൊണ്ടേ ഇന്ത്യയിലെ ഉപഭോക്താവിനു ലഭിക്കുകയുള്ളൂവെന്നും പറയുന്നു.
നാലര ഔണ്‍സാണു വലിപ്പമെന്നും യഥാര്‍ത്ഥ ചിരട്ടയായതിനാല്‍ പൊട്ടലോ പോറലോ ഉണ്ടാവാമെന്നും മുന്‍കൂര്‍ ജാമ്യവുമുണ്ട്. ഇതോടെയാണ് ഇന്ത്യക്കാര്‍ കമന്റുകളുമായി രംഗത്തുവന്നത്. 15 രൂപയ്ക്ക് ഒരു തേങ്ങ വാങ്ങാന്‍ കിട്ടുമ്പോള്‍ മൂവായിരം രൂപ ചിലവാക്കി ചിരട്ട വാങ്ങണോ എന്നാണ് ഒരു വിരുതന്റെ ചോദ്യം. ആമസോണിന് ചിരട്ട നല്കാന് സന്നദ്ധത അറിയിച്ചും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. ആമസോണ്‍ ചിരട്ട ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ നിലവിലെ ജോലി ഉപേക്ഷിച്ച് ചിരട്ട എത്തിച്ചു നല്‍കാമെന്നും, ഇത്രയും പണം മുടക്കി ചിരട്ട വാങ്ങുന്നവര്‍ ആ പണം പാവപ്പെട്ടവര്‍ക്ക് നല്‍കണമെന്നും കമന്റുകളുണ്ട്.