ചൈനയിൽ ആരംഭിച്ച അമേരിക്കൻ ഉൽപന്നങ്ങളുടെ അപ്രഖ്യാപിത ബഹിഷ്‌കരണം ഐഫോൺ വിൽപനയെ കാര്യമായി ബാധിച്ചതായി ബാങ്ക് ഓഫ് അമേരിക്ക, മെറിൽ ലിൻച് സർവേ. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്ഘടനയായ ചൈനയിൽനിന്നുള്ള വരുമാനം കുറയുകയാണെന്ന് ആപ്പിൾ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു.
ചൈനക്കു പുറമെ, ഇന്ത്യയിലെ ഉപഭോക്താക്കൾക്കും ഐഫോണിൽ താൽപര്യം കുറയുകയാണെന്ന് സർവേ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളിലേയും ഉപഭോക്താക്കൾ സിയോമിയുടേയും സാംസങിന്റേയും പുതിയ ഫോണുകൾ കരസ്ഥമാക്കാനാണ് താൽപര്യം കാണിക്കുന്നത്. യു.എസ് ഉൽപന്നങ്ങളിൽനിന്ന് അകലം പാലിക്കുന്നതും ചൈനയിൽ ഐഫോണുകൾക്ക് ഡിമാന്റ് കുറയാൻ കാരണമായെന്ന് മെറിൽ ലിൻച് ഇക്കണോമിസ്റ്റുകളായ എതൻ ഹാരിസും ആദിത്യ ഭാവെയും തയാറാക്കിയ കുറിപ്പിൽ പറയുന്നു.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കത്തിനിടൽ ആപ്പിളിന്റെ സാങ്കേതിക മേന്മക്ക് പിടിച്ചുനിൽക്കാനാകുന്നില്ലെന്നും അവർ പറയുന്നു. ആപ്പിൾ സാങ്കേതിക വിദ്യ ചൈനയിൽ ചർച്ച ചെയ്യപ്പെടുന്നുവെങ്കിലും ജനങ്ങളുടെ ബഹിഷ്‌കരണത്തിൽ മാറ്റമില്ല.
വ്യാപാര യുദ്ധം ചൈനയെക്കാളേറെ അമേരിക്കൻ സമ്പദ്ഘടനയിലാണ് വലിയ ആഘാതമുണ്ടാക്കാൻ പോകുന്നതെന്ന് സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നു. യു.എസ്-ചൈന വ്യാപാര മത്സരം ചൈനീസ് കറൻസിയായ യുവാന്റെ മൂല്യം ഇടിച്ചുകൊണ്ടിരിക്കയാണെങ്കിലും മിക്ക യു.എസ് ഉൽപന്നങ്ങളുടേയും മത്സരക്ഷമത കുറയുകയാണ്. അമേരിക്കൻ ഓഹരി വിപണിയിലും ഇതിന്റ പ്രത്യാഘാതങ്ങൾ പ്രകടമാണ്.