വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും കളി കാര്യമാവുകയാണ്. പണം കൈമാറാവുന്ന വിധത്തിൽ സാങ്കേതികമായി മുന്നേറുകയാണ് നേരംപോക്കിനായി നമ്മൾ ആശ്രയിക്കുന്ന ഫേസ്ബുക്കും വാട്ട്‌സാപ്പും. അമേരിക്കൻ ഡോളറുമായി ബന്ധപ്പെടുത്തി ക്രിപ്‌റ്റോകറൻസി പോലൊരു സംവിധാനമാണ് ഫേസ്ബുക്കിന്റെ മനസ്സിലുള്ള നാണയമെന്നാണ് റിപ്പോർട്ട്. ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസിയുടെ മൂല്യം ഇടിഞ്ഞു വരികയാണെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഡിസംബറിനെ അപേക്ഷിച്ച് 14,000 യു.എസ് ഡോളർ ഇടിവാണുണ്ടായതെന്ന് ക്രിപ്‌റ്റോകറൻസി ചാർട്ട് ഡോട്ട് കോം വിലയിരുത്തുന്നു.
സ്റ്റേബിൾ കോയിൻസ് എന്ന പേരിൽ സ്വന്തം ഡിജിറ്റൽ നാണയം ഇറക്കാനാണ് ഫേസ്ബുക്ക് ഉദ്ദേശിക്കുന്നതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. ഫേസ്ബുക്ക് ഇതിനുള്ള ശ്രമങ്ങൾ നാല് വർഷം മുമ്പ് ആരംഭിച്ചതാണ്. പേപാൽ മുൻ പ്രസിഡന്റ് ഡേവിഡ് മാർകസിനെ ഫേസ് ബുക്ക് നാല് വർഷം മുമ്പേ നിയമിച്ചത് ഈ ഉദ്ദേശ്യം മനസ്സിൽ വെച്ചാണ്. ഈ വർഷം മെയ് മാസത്തിൽ അദ്ദേഹത്തിന് ഉന്നത പദവി നൽകുകയും ചെയ്തു. ഫേസ്ബുക്കിന്റെ ബ്ലോക്ക് ചെയിൻ ഇനീഷ്യേറ്റീവ്‌സിന്റെ മേധാവിയാണിപ്പോൾ. വാട്ട്‌സാപ്പ് ഉപയോഗിച്ച് പണം കൈമാറുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട നാൽപതംഗ സമിതിയെ നയിക്കുന്നതും അദ്ദേഹമാണ്. കറൻസി ഇറക്കുകയെന്നത് പെട്ടെന്ന് യാഥാർഥ്യമാവണമെന്നില്ല. ഫേസ്ബുക്ക് ഇത് യാഥാർഥ്യമാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമ്പോൾ ആദ്യം ലക്ഷ്യമിടുക ഇന്ത്യൻ വിപണിയെയായിരിക്കും. വാട്ട്‌സാപ്പിന് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. മാത്രമല്ല, വർഷം തോറും ലോകത്തിന്റെ നാനാഭാഗത്തുമുള്ള ഇന്ത്യക്കാർ കോടിക്കണക്കിന് ഡോളറാണ് ഇന്ത്യയിലേക്ക് അയക്കുന്നത്. ക്രിപ്‌റ്റോകറൻസി വിപണിയെന്നത് ചാഞ്ചാട്ടത്തിന്റേതാണ്. 2018 വർഷത്തിലുടനീളം ഇതിന്റെ മൂല്യത്തിൽ മാറ്റങ്ങളുണ്ടായി. മൊത്തം വിലയിരുത്തിയാൽ തകർച്ചയുടെ വർഷമാണ് പിന്നിടുന്നത്. ഫേസ്ബുക്ക് ഈ രംഗത്ത് വരുന്ന പക്ഷം, ഡിജിറ്റൽ കറൻസി ഇറക്കുന്ന ആദ്യ വൻകിട ടെക് കമ്പനിയെന്ന ഖ്യാതി അവർക്ക് അർഹതപ്പെട്ടതായിരിക്കും.
വിവാദങ്ങൾ ഏറെയുണ്ടായിട്ടും ലോക ജനതയ്ക്ക് ഫേസ്ബുക്കിനോടുള്ള താൽപര്യത്തിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മാത്രവുമല്ല, വർഷം തോറും പുതിയ അംഗങ്ങളെ ലഭിക്കുകയും ചെയ്യുന്നു. ഓരോ മാസവും 2.3 ബില്യൺ ജനങ്ങൾ ഫേസ്ബുക്കിൽ ആക്റ്റീവാണെന്ന് സ്റ്റാറ്റിസ്റ്റ റിപ്പോർട്ട് ചെയ്യുന്നു.