ഒമാനിലെ ബജറ്റ് എയർലൈനായ സലാം എയർ കേരളത്തിലേക്ക് സർവീസ് തുടങ്ങാനൊരുങ്ങുന്നു. കൊച്ചി ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് തുടങ്ങുന്നകാര്യം കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയ അധികൃതരുമായി ചർച്ച നടത്തിയതായി സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് അറിയിച്ചു.
കേരളത്തിൽ കൊച്ചിയിലേക്ക് സർവീസ് തുടങ്ങാനാണ് കമ്പനിക്ക് കൂടുതൽ താൽപര്യം. ഇക്കാര്യത്തിൽ സിവിൽ വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമേ എന്നു മുതൽ സർവീസ് തുടങ്ങാനാവുമെന്ന് തീരുമാനിക്കാൻ കഴിയൂ.കണ്ണൂർ വിമാനത്താവളത്തിലേക്ക് വിദേശ എയർലൈനുകൾക്ക് അനുമതി നൽകി തുടങ്ങിയിട്ടില്ല.
ഇത് നൽകുന്നതോടെ കണ്ണൂരിൽനിന്ന് സർവീസ് തുടങ്ങാനും സലാം എയറിന് പദ്ധതിയുണ്ടെന്ന് സി.ഇ.ഒ അറിയിച്ചു. ഒമാൻ എയറിനൊപ്പം പുതിയ വിമാനകമ്പനി കൂടി എത്തുന്നതോടെ പ്രവാസികൾക്ക് അത് ഏറെ അനുഗ്രഹമാകും.