തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ ദി ഡേ ലോസ്റ്റ് മൈ ഷാഡോ, ഉറോജഹാ എന്നീ ചിത്രങ്ങളെക്കറിച്ച്
സ്റ്റേറ്റ് ജനതയോട് കാണിക്കുന്ന ഭീകരതക്കെതിരെ, റിയാലിറ്റി പോലെ തന്നെ മാജിക്കൽ റിയലിസത്തിലൂടെയും ശക്തമായ വിമർശനവും തിരിച്ചറിവുമുണ്ടാക്കുമെന്നതിനുള്ള രണ്ട് ചലച്ചിത്രങ്ങൾ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ശ്രദ്ധേയമായി.
2012 ൽ ആഭ്യന്തര യുദ്ധം പൊട്ടി തുടങ്ങുന്ന കാലത്തെ ദമാസ്‌ക്കസിനെ കേന്ദ്രീകരിച്ചു കൊണ്ട് അശാന്തിയിലേക്ക് നടന്നടുക്കുന്ന സിറിയയെക്കുറിച്ചുള്ള ദി ഡേ ലോസ്റ്റ് മൈ ഷാഡോയും (ഠവല ഉമ്യ ഘീേെ ങ്യ വെമറീം), സ്വപ്‌നം കാണുന്നത് പോലും രാജ്യദ്രോഹ കുറ്റമായി കണ്ടേക്കാവുന്ന വർത്തമാനകാല ഇന്ത്യയുടെ പരിതഃസ്ഥിതിയെ അവതരിപ്പിക്കുന്ന ബുദ്ധദേവ് ദാസ് ഗുപ്തയുടെ ഉറോജഹായുമാണ് മാജിക്കൽ റിയലിസത്തിന്റെ സാധ്യതകളെ പ്രേക്ഷകനനുഭവിപ്പിച്ച രണ്ട് ചലച്ചിത്രങ്ങൾ.
2012 ലെ യുദ്ധം തുടങ്ങുന്നതിന് മുമ്പുള്ള ഒരു ദിവസം ഫാർമസിസ്റ്റായ സന ഫഌറ്റിലെ ഗ്യാസ് തീർന്നതോടെ ഇത് നിറയ്ക്കുവാൻ പുറത്തു പോകുകയാണ്. എന്നാൽ ഇതിനിടക്കുണ്ടായ യാദൃച്ഛികമായ ചില സംഭവങ്ങളാൽ വലിയ പ്രശ്‌നങ്ങളുള്ള സിറിയൻ അതിർത്തിയിൽ അവർ എത്തിപ്പെടുന്നു. വാഹനത്തിലുള്ള യാത്ര പിന്നീട് വഴിയൊന്നുമില്ലാത്ത കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശങ്ങളിലൂടെയായി മാറുകയാണ്. ഫഌറ്റിൽ തന്നെ കാത്തു കിടക്കുന്ന ചെറിയ മകനെക്കുറിച്ചുള്ള ആധിയാണ് ഈ അമ്മയെ ആശങ്കയിലാക്കുന്നത്. എത്രയും പെട്ടെന്ന് അവന്റെയടുത്ത് എത്തുകയെന്നുള്ളതാണ് ഈ അമ്മയുടെ ലക്ഷ്യം. എന്നാൽ പട്ടാളമടക്കം രാജ്യത്ത് സുരക്ഷിതത്വമൊരുക്കേണ്ട സ്റ്റേറ്റ് തന്നെ ഇതിന് തടസ്സമായി മാറുന്ന കാഴ്ചയാണ് സിനിമയിലുടനീളം. കാറ്റ് ഒരു തലോടലും ആശ്വാസവുമെന്നതു പോലെ തന്നെ ആശങ്കയുടെയും അസ്വസ്ഥതയുടെയും മുന്നറിയിപ്പായി മാറുന്നതെങ്ങനെയെന്നതിനെക്കുറിച്ചും ശബ്ദമിശ്രണത്തിന്റെ സാധ്യതയെ കൂട്ടുപിടിച്ചു കൊണ്ട് മനോഹരമായി കാര്യങ്ങളെ അവതരിപ്പിച്ചുവെന്നുള്ളതാണ് ദി ഡേ ലോസ്റ്റ് മൈ ഷാഡോവിലൂടെ സംവിധായകൻ സൗദാദെ കഅദാൻ ചെയ്തിരിക്കുന്നത്. യുദ്ധ പശ്ചാത്തലമായ സിനിമയാണെങ്കിലും അതിന്റെ ബഹളങ്ങൾ പരമാവധി കുറച്ചുകൊണ്ട്, എന്നാൽ ആഭ്യന്തര യുദ്ധത്തിന്റെ ഭീതിദമായ അന്തരീക്ഷം എത്രത്തോളമാണ് സാധാരണക്കാരായ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതെന്നതിന്റെ ഗാംഭീര്യം ഒട്ടും ചോർന്നു പോകാതെ വിഷയം പറയുന്നുവെന്നതാണ് വെനീസ് ഫിലിം ഫെസ്റ്റിവലിലടക്കം അ വാർഡിനർഹമായ ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.
സമാന സാഹചര്യമല്ലെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം പോയിട്ട് സ്വപ്‌നം കാണാനുള്ള സ്വാതന്ത്ര്യത്തിനു മേലേക്കു പോലും നീണ്ടുവരുന്ന ഭരണകൂടത്തിന്റെ, നീരാളിക്കരങ്ങളെക്കുറിച്ച് ഐറണിക്കലായി സംസാരിക്കുന്ന ചലച്ചിത്രമായിരുന്നു ജൂറി ചെയർമാൻ കൂടിയായ ബുദ്ധദേവ് ദാസ്ഗുപ്തയുടെ ഉറോജഹാ. സ്വപ്‌നങ്ങൾ കാണുവാൻ ഏറെ ഇഷ്ടപ്പെടുന്ന ബെഞ്ചു മൊണ്ടാൽ എന്ന കാർ മെക്കാനിക്കിലൂടെയാണ് സ്വപ്‌ന സദൃശ്യമായ ഈ സിനിമയിലൂടെ താൻ പറയുവാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ബുദ്ധദേവ് പറയുന്നത്. വിമാനത്തിനുള്ളിലെ ഒരു സീനിലൂടെയാണ് സിനിമയുടെ തുടക്കം. ഈ സീനിന്റെ അവസാനത്തിൽ റൈറ്റ് സഹോദരന്മാരുടേതു പോലെ വസ്ത്രധാരണം ചെയ്ത ഒരു വ്യക്തിയിൽ അവസാനിക്കുകയാണ്.
രണ്ട് തലങ്ങളാണ് ഈ സിനിമക്കുള്ളത്. ഒന്ന് റൊമാന്റിക്ക് തലവും രണ്ടാമത്തേത് റിയലിസ്റ്റിക്ക് തലവും. അങ്ങനെ മാജിക്കൽ റിയലിസത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് കവിതാ സമാനമായ ആഖ്യാനമാണ് ബുദ്ധദേവ് നടത്തിയിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് തകർന്നുവീണ ഒരു ജപ്പാൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്ന ബെഞ്ചു ഇത് വീണ്ടും നന്നാക്കിയെടുത്ത് ഒരു നാൾ താൻ പറപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നു. ഇതിനായി അദ്ദേഹം പല ഒരുക്കങ്ങളും നടത്തുന്നുമുണ്ട്. എന്നാൽ ഇതിനെ ദേശവിരുദ്ധ പ്രവൃത്തിയായി കാണുന്ന ഗവൺമെന്റ് ബെഞ്ചു മൊണ്ടാലിനെ പിടികൂടുന്നു. പക്ഷേ രക്ഷപ്പെടുന്ന ബെഞ്ചു വിമാനം പോലെ പറന്നു പറന്നു പോകുകയാണ്. ഇതിനിടക്ക് ഉയരുന്ന രണ്ട് വെടിയൊച്ചകളിലാണ് സിനിമ അവസാനിക്കുന്നത്. അതായത് ഭരണകൂടം ഏറ്റുമുട്ടൽ കൊലപാതകത്തിലൂടെ ഒരു നിരപരാധിയെ ഇല്ലായ്മ ചെയ്യുന്നതിനെക്കുറിച്ചാണ് സംവിധായകൻ പ്രേക്ഷകനോട് പറയുന്നത്. ചിത്രത്തിലെ മനോഹരമായ ഫ്രെയിമുകൾ പ്രേക്ഷകന്റെ ശ്രദ്ധയെ ഒരിക്കലും തെറ്റാതെ തന്നെ പിടിച്ചുനിർത്തും. മറ്റൊരു ശ്രദ്ധയമായ കാര്യം ഈ സിനിമയുടെ ശബ്ദമിശ്രണമാണ്.