- ഒരാളെ തിരിച്ചറിഞ്ഞില്ല, മറ്റുള്ളവരുടെ നടപടികൾ പുരോഗമിക്കുന്നു
റിയാദ് - ഖത്തീഫ് സഫ്വയിൽ എട്ട് വർഷം മുമ്പ് ജീവനോടെ കുഴിച്ചുമൂടി കൊല്ലപ്പെട്ട ഇന്ത്യക്കാരിൽ ഒരാളുടെ മൃതദേഹാവശിഷ്ടം കഴിഞ്ഞ ദിവസം ഖബറടക്കി. കൊല്ലം ശാസ്താംകോട്ട അരികിലയ്യത്ത് വിളത്തറ വീട്ടിൽ ഷാജഹാൻ അബൂബക്കറിന്റെ മൃതദേഹമാണ് ദമാമിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷം വെള്ളിയാഴ്ച ഖബറടക്കിയത്. ഇന്ത്യൻ എംബസിയും കുടുംബവും ഏൽപിച്ചതിനെ തുടർന്ന് പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ആണ് ഖബറടക്കാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയത്. ബാക്കിയുള്ള നാലു പേരുടെയും മൃതദേഹാവശിഷ്ടങ്ങൾ നടപടികൾ പൂർത്തിയാകാത്തതിനാൽ ഇപ്പോഴും ദമാം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഷാജഹാനെ കൂടാതെ തിരുവനന്തപുരം കിളിമാനൂർ സ്വദേശി അബ്ദുൽ ഖാദർ സലീം, തമിഴ്നാട് കന്യാകുമാരി സ്വദേശി അക്ബർ ഹുസൈൻ ബഷീർ, വില്ലുക്കുറി കൽക്കുളം ഫാത്തിമ സ്ട്രീറ്റ് ലാസർ, കൊല്ലം കണ്ണനല്ലൂർ ശൈഖ് ദാവൂദ് എന്നിവരെയാണ് സ്വദേശികളായ മൂന്നു പേർ ചേർന്ന് കൈകാലുകൾ ബന്ധിച്ച് തോട്ടത്തിൽ കുഴിയെടുത്ത് ജീവനോടെ മണ്ണിട്ടു മൂടിയത്. അഞ്ചു പേരെയും ഫാം ഹൗസിലേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തി പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തിയ ശേഷം കൈകാലുകൾ ബന്ധിച്ചും വായ മൂടിക്കെട്ടിയും ക്രൂരമായി മർദിച്ച് മൃതപ്രായരാക്കിയായിരുന്നു ക്രൂരകൃത്യം അരങ്ങേറിയത്. പ്രതികളായ യൂസുഫ് ബിൻ ജാസിം ബിൻ ഹസൻ അൽമുതവ്വ, അമ്മാർ ബിൻ യുസ്രി ബിൻ അലി ആലു ദുഹൈം, മുർതസ ബിൻ ഹാശിം ബിൻ മുഹമ്മദ് അൽ മൂസവി എന്നീ സൗദി പൗരന്മാരെ മൂന്നാഴ്ച മുമ്പ് വധശിക്ഷക്ക് വിധേയരാക്കിയിരുന്നു. 2010 ലാണ് സംഭവം നടന്നതെന്നും സ്ത്രീകളെ മാനഭംഗപ്പെടുത്തിയതാണ് ഇവരെ അപായപ്പെടുത്താൻ കാരണമെന്നും ഇവർ കോടതിയിൽ മൊഴി നൽകിയിരുന്നു.
മലയാളികളെ കുഴിച്ചുമൂടിയ ക്രൂരത; പ്രവാസി സമൂഹത്തെ ഞെട്ടിച്ച സംഭവങ്ങള്‍ ഇങ്ങനെ
സഫ്വ കൂട്ടക്കൊല: കേസിന് തുമ്പുണ്ടാക്കിയത് മൊബൈല്‍ ഫോണ്‍
കൃഷി ആവശ്യത്തിന് കുഴിയെടുക്കുന്നതിനിടെ 2014 ഫെബ്രുവരി ഏഴിനാണ് മൃതദേഹാവശിഷ്ടങ്ങൾ തോട്ടമുടമ കണ്ടെടുത്തത്. തുടർന്ന് പോലീസിനെ അറിയിക്കുകയും പോലീസെത്തി പരിശോധിച്ച് നടത്തി അന്വേഷണത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കുഴിയിലുണ്ടായിരുന്ന പാസ്പോർട്ടുകളും മറ്റു രേഖകളും തിരിച്ചറിഞ്ഞാണ് ഇന്ത്യക്കാരാണെന്ന് വ്യക്തമായത്. തുടർന്ന് ഇന്ത്യൻ എംബസി വിശദമായ അന്വേഷണം നടത്തി കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞു.
ഷാജഹാനെ 2011 മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളുടെ ആവശ്യപ്രകാരം ഇന്ത്യൻ എംബസിയിലും സ്പോൺസർക്കും പരാതി നൽകിയിരുന്നതായി ശിഹാബ് കൊട്ടുകാട് പറഞ്ഞു. പിന്നീടാണ് കൊലപാതക വിവരം പുറത്തായത്. സലീമിന്റെ കുടുംബത്തിന്റെ ഡി.എൻ.എ സാമ്പിൾ ആശുപത്രിയിൽ സമർപ്പിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാകുന്നതോടെ ഖബറടക്കും. എന്നാൽ തമിഴ്നാട് സ്വദേശികളായ അക്ബർ ഹുസൈൻ ബഷീറിന്റെയും ലാസർ ആദർശിന്റെയും ബന്ധുക്കൾ ഖബറടക്കത്തിനുള്ള അനുമതി ഇതുവരെ നൽകിയിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണ്. ശൈഖ് ദാവൂദിന്റെ ബന്ധുക്കളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. നിലവിലെ അഡ്രസ് പ്രകാരം അന്വേഷണം നടത്തിയെങ്കിലും അപ്രകാരം ഒരാൾ അന്നാട്ടിലില്ലെന്നും ബന്ധുക്കളെ തിരിച്ചറിയാനായിട്ടില്ലെന്നും ശിഹാബ് പറഞ്ഞു.