ദമാം- മലയാളികളുള്‍പ്പെടെ ഇന്ത്യക്കാരെ കൊലപ്പെടുത്തിയ കുറ്റത്തിനു പ്രതികളെ വധശിക്ഷക്ക് വിധേയമാക്കിയത് സംഭവം നടന്ന് എട്ട് വര്‍ഷത്തിനു ശേഷം. 2014 ഫെബ്രുവരിയിലാണ് സഫ്‌വയിലെ കൃഷിയിടത്തില്‍ നിന്ന് അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സഫ്‌വയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ വെള്ളം നനക്കുന്നതിനായി ചാലു കീറുന്നതിനിടെ ആദ്യം രണ്ട് മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. തുടര്‍ന്നു പോലീസെത്തി കൃഷിയിടമാകെ കിളച്ചു മറിച്ചതോട മൂന്നു മൃതദേഹങ്ങളുടെ അവിശിഷ്ടങ്ങള്‍ കൂടി കണ്ടെടുത്തു. കുഴിയില്‍ നിന്നും മൊബൈല്‍ ഫോണും റീചാര്‍ജ് കൂപ്പണുകളും കണ്ടെടുത്താണ് സംഭവത്തിന്റെ രണ്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ടവരെ തിരിച്ചറിയാനും പ്രതികളെ പിടികൂടാനും സഹായകമായത്.
പ്രതികളെ പിടികൂടുന്നതിനു പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അന്വേഷണ വിധേയമായി നിരവധി മലയാളികളേയും കസ്റ്റഡിയിലെടുത്തിരുന്നു. 2016 ലാണ് പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്.