Sorry, you need to enable JavaScript to visit this website.

മലയാളികളെ കുഴിച്ചുമൂടിയ ക്രൂരത; പ്രവാസി സമൂഹത്തെ ഞെട്ടിച്ച സംഭവങ്ങള്‍ ഇങ്ങനെ

ഖത്തീഫ്- രക്തം മരവിപ്പിക്കുന്ന ക്രൂര മര്‍ദനം, പിന്നെ അര്‍ധബോധാവസ്ഥയില്‍ മൃതപ്രായരായവരെ കൈകാലുകള്‍ ബന്ധിച്ച് ജീവനോടെ കുഴിച്ചിടല്‍. 2010 ല്‍ സഫ്‌വയില്‍ അരങ്ങേറിയ കൂട്ടക്കൊലപാതകത്തിന് പിന്നില്‍ മദ്യവും മയക്കുമരുന്നും മറ്റ് അധാര്‍മിക വൃത്തികളും.
വധശിക്ഷക്ക് വിധേയനായ മുഖ്യപ്രതി യൂസുഫ് ബിന്‍ ജാസിം ബിന്‍ ഹസന്‍ അല്‍മുതവ്വക്ക് കൊല്ലപ്പെട്ട ഇന്ത്യക്കാരുമായി ബന്ധമുണ്ടായിരുന്നു. ഇവര്‍ ഒരുമിച്ചായിരുന്നു മദ്യം നിര്‍മാണവും വിതരണവും.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ താനും സുഹൃത്തും ബൈക്കില്‍ സഞ്ചരിക്കവേ മൂന്നാമന്‍ ഫോണില്‍ ബന്ധപ്പെട്ട് ഫാം ഹൗസില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രതികളിലൊരാള്‍ 2014 ഫെബ്രുവരിയില്‍ കോടതിയില്‍ നടത്തിയ കുറ്റസമ്മതത്തില്‍ പറഞ്ഞു. രാത്രി പത്തു മണിക്കായിരുന്നു ഇത്.
ഒരുമിച്ച് കഴിക്കുന്നതിന് തന്റെ പക്കല്‍ മദ്യവുമുണ്ടായിരുന്നു. കൃഷിയിടത്തിലെത്തിയ താന്‍ ഫാം ഹൗസിലെ ഹാളില്‍ അഞ്ചു തൊഴിലാളികളെ ബന്ധിച്ച നിലയില്‍ കണ്ടു. സ്‌പോണ്‍സറുടെ മകളെയും മറ്റു സ്ത്രീകളെയും മാനഭംഗപ്പെടുത്തിയതിനാണ് ഇങ്ങനെ ചെയ്തതെന്നു കൂട്ടുകാരന്‍ പറഞ്ഞു.


മൂന്ന് മലയാളികളെ ജീവനോടെ കുഴിച്ചുമൂടിയ പ്രതികള്‍ക്ക് വധശിക്ഷ നല്‍കി


കൈകള്‍ പിന്നില്‍ ബന്ധിച്ച് അബോധാവസ്ഥയിലാണ് തൊഴിലാളികളെ കണ്ടത്. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയിരുന്നു. മുറിയില്‍ മദ്യവും മയക്കുമരുന്നും കഴിക്കുന്നതിനിടെ, തൊഴിലാളികളിലൊരാള്‍ ഉച്ചത്തില്‍ കരഞ്ഞു. ഇതോടെ താന്‍ മുറിയില്‍നിന്ന് പുറത്തിറങ്ങി ഇന്ത്യക്കാരന്റെ മുഖത്തടിച്ചു. പിന്നീട് വലിയ വടിയുമായി എത്തി കൂട്ടുകാരന്‍ അവരുടെ ശിരസ്സിന് അടിച്ചു. തുടര്‍ന്ന് അഞ്ചു പേരെയും മറ്റൊരു മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി വടി ഉപയോഗിച്ച് മാറിമാറി മര്‍ദിച്ചു. ഇതിനു ശേഷം വീണ്ടും മുറിയിലെത്തി മദ്യവും മയക്കുമരുന്നും സേവിച്ചു. പിന്നെ വീണ്ടും മര്‍ദനം. അവസാനം അഞ്ചു പേരെയും കൃഷിയിടത്തിന്റെ പ്രധാന പ്രവേശന കവാടത്തിനു പിന്‍വശത്തുള്ള മുറിക്കു പിന്നിലെ കുഴിയില്‍ മറവു ചെയ്യാനുള്ള നിര്‍ദേശം മൂന്നാമത്തെ കൂട്ടുകാരന്‍ മുന്നോട്ടുവെച്ചു.


മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


തുടര്‍ന്ന് തുണിക്കഷ്ണങ്ങളും മാസ്‌കിംഗ് ടേപ്പും കയറുകളും ഉപയോഗിച്ച് അഞ്ചു പേരെയും ബന്ധിച്ചു. പിക്കപ്പില്‍ അഞ്ചു പേരെയും കയറ്റി കുഴിക്കു സമീപം എത്തിച്ച് കുഴിയിലിട്ട് ജീവനോടെ മൂടി. ഇന്ത്യക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും കുഴിയിലിട്ടിരുന്നു. തുടര്‍ന്ന് താനും കൂട്ടുകാരനും പുറത്തുപോയതായും മൂന്നാമന്‍ കൃഷിയിടത്തില്‍ തന്നെ തങ്ങിയതായും പ്രതി കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു.
2014 ഫെബ്രുവരി ഏഴിനാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കൃഷിയിടത്തില്‍ കണ്ടെത്തിയത്. വൈകാതെ പ്രതികളെ തിരിച്ചറിഞ്ഞ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വിചാരണ പൂര്‍ത്തിയാക്കി രണ്ടര വര്‍ഷം മുമ്പാണ് കീഴ്‌ക്കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്.
കേസ് സമര്‍ഥമായി കൈകാര്യം ചെയ്ത ഖത്തീഫ് പോലീസിലെ അന്വേഷണോദ്യോഗസ്ഥരെ കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ 2014 മേയില്‍ ആദരിച്ചിരുന്നു.

 

Latest News